X

വിട പറഞ്ഞത് ഹിറ്റുകളുടെ തോഴന്‍

ക്യാമറക്കു പിന്നിലിരുന്ന് മാസ്മരികത തീര്‍ത്ത സംവിധായകനാണ് ഐ.വി ശശി. കഥാപാത്രങ്ങളെ പ്രേക്ഷക മനസ്സിലേക്ക് അനായാസം ആഴ്ന്നിറക്കാന്‍ പ്രത്യേക കഴിവു തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. സാങ്കേതിക വിദ്യ അത്രക്കൊന്നും വളര്‍ന്നിട്ടില്ലാത്ത കാലഘട്ടത്തില്‍ ബ്ലാക്ക് ആന്റ് വൈറ്റില്‍ നിര്‍മിച്ച ഉത്സവം വന്‍ വിജയമായിരുന്നു. നായകനെങ്കില്‍ പ്രേംനസീറിന്റെ പേര് മാത്രം ഉയര്‍ന്നു കേട്ട കാലത്താണ് കെ.പി. ഉമ്മറിനെ നായകനാക്കി ഉത്സവം ഒരുക്കാന്‍ ഐ.വി ശശി തീരുമാനിക്കുന്നത്.
ഐ.വി ശശിയും ആലപ്പി ഷെരീഫും ചേര്‍ന്ന് മലയാള സിനിമയില്‍ ആദ്യത്തെ ന്യൂജനറേഷന്‍ തരംഗത്തിന് തുടക്കമിട്ടുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന വിഷയത്തെ കാലങ്ങള്‍ക്കു മുമ്പേ അഭിപ്രാളിയിലെത്തിക്കുകയായിരുന്നു ഇരുവരും. കുടിവെള്ളത്തിനായുള്ള രണ്ടു കരക്കാരുടെ പോരാട്ടമായിരുന്നു ചിത്രത്തിലുടനീളം വിവരിച്ചത്. പിന്നീട് ശശി-ഷെരീഫ് കൂട്ടുക്കെട്ടില്‍ 11 ചിത്രങ്ങള്‍. ഹിറ്റ്‌മേക്കഴ്‌സ് എന്ന പട്ടം ഇരുവര്‍ക്കും അന്നത്തെ സിനിമാ പ്രവര്‍ത്തകര്‍ ചാര്‍ത്തി നല്‍കി.
തൊടുന്നതെല്ലാം പൊന്നാക്കുന്ന തരത്തില്‍ ഐ.വിയുടെ സിനിമകളെല്ലാം ഹിറ്റുകളായി മാറി. ലൈംഗിക തൊഴിലാളിയുടെ കഥ അവതരിപ്പിച്ച അവളുടെ രാവുകള്‍ എന്ന ചിത്രമാണ് ഐ.വി ശശിയുടെ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായത്. ഭാര്യ സീമയെ കണ്ടുമുട്ടിയതും ഇതേ ചിത്രത്തിന്റെ സെറ്റിലായിരുന്നു. പിന്നീട് മുപ്പതോളം ചിത്രങ്ങളില്‍ സീമ തന്നെയായിരുന്നു ഐ.വി ശശിയുടെ നായിക. ഛായാഗ്രാഹകന്‍, സംവിധാന സഹായി തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ച അദ്ദേഹത്തെ തേടി 2014ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരവുമെത്തി.

chandrika: