ചെന്നൈ: സിനിമാ സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു. 69 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം ചെന്നൈ വടപളനിയിലെ വീട്ടിലെത്തിച്ചു.
സ്വതസിദ്ധമായ ശൈലിയില്‍ ജനങ്ങളോട് സംവദിക്കാന്‍ ശ്രമിച്ച അദ്ദേഹം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 150 ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഇരുപ്പം വീട് ശശിധരന്‍ എന്ന ഐ.വി ശശി 1968ല്‍ എ.ബി രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് സിനിമാലോകത്തെത്തുന്നത്. ഛായാഗ്രാഹ സഹായിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രം ഉത്സവമാണ്. പിന്നീട് വന്ന അവളുടെ രാവുകള്‍ എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഉത്സവം, അനുഭവം, അയല്‍ക്കാരി, ആലിംഗനം, അഭിനന്ദനം, ഇന്നലെ ഇന്ന്, ഇതാ ഒരു മനുഷ്യന്‍, ഇണ, അമേരിക്ക അമേരിക്ക, ആരൂഢം, അക്ഷരങ്ങള്‍, കാണാമറയത്ത്, വാര്‍ത്ത, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, കള്ളനും പൊലീസും, സിംഫണി, ബല്‍റാം v/s താരാദാസ്, കാലാ ബസാര്‍, വെള്ളത്തൂവല്‍ തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
കോഴിക്കോട് വെസ്റ്റ്ഹിലില്‍ ജനിച്ച അദ്ദേഹം മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രകലയില്‍ ഡിപ്ലോമി എടുത്തിട്ടുണ്ട്. നടി സീമയാണ് ഭാര്യ. അനു, അനി എന്നിവര്‍ മക്കളാണ്.
സിനിമാലോകത്തെ സമഗ്ര സംഭവനകള്‍ക്ക് 2014ല്‍ അദ്ദേഹത്തിനെ തേടി ജെ.സി ഡാനിയേല്‍ പുരസ്‌കാരമെത്തി. കൂടാതെ 1982ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ പുരസ്‌കാരം, രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ്, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.