‘രാജ്യം ഭരിക്കുന്നത് ബി.ജെ.പിയുടെ പ്രധാനമന്ത്രിയല്ല, ഇന്ത്യയുടെയാണ്. ദേശത്തിന്റെ അവിച്ഛിന്നതയാണ് കക്ഷിതാല്‍പര്യങ്ങള്‍ക്കെല്ലാം മേലെയാകേണ്ടത്’. 2017 ആഗസ്റ്റ് 25ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ന്യായാധിപരിലൊരാളുടെ ഈ വാക്കുകള്‍ മതിയാകും ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ-സാമൂഹികാവസ്ഥയുടെയും എന്താകണമെന്നതിന്റെയും നേര്‍ചിത്രം ലഭിക്കാന്‍. ലോക മാനവ സമൂഹത്തില്‍ ഇത്രയും സാംസ്‌കാരിക വൈവിധ്യമുള്ള ഒരു ജനത വേറെയുണ്ടാവില്ല. പക്ഷേ ആ ബഹുസ്വരതക്കു മീതെ ഏക ശിലാഘടന അടിച്ചേല്‍പിക്കാനാണ് സമകാലീന രാജ്യഭരണ നേതൃത്വം ശ്രമിക്കുന്നത്. സ്വാതന്ത്ര്യം കൈവരിച്ച് എഴുപതാണ്ടുകള്‍ പിന്നിടുമ്പോള്‍ രാഷ്ട്രശില്‍പികളുടെ സ്വപ്നങ്ങളും അവര്‍ സമ്മാനിച്ച ജനാധിപത്യം, മതേതരത്വം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ യഥാവിധി നിലനില്‍ക്കുമോ എന്ന ആശങ്കയാര്‍ന്ന ചോദ്യമാണ് ഓരോ പൗരന്റെയും മനോമുകുരത്തില്‍ തെളിഞ്ഞുവരുന്നത്. ഫാസിസ്റ്റ് നയങ്ങള്‍കൊണ്ട് ഇന്ത്യന്‍ പാരസ്പര്യത്തെ ഭീഷണിയുടെ മുനമ്പില്‍ നിര്‍ത്തി അധികാരം പിടിച്ചെടുത്തിരിക്കുന്ന സംഘ്പരിവാറിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട ചരിത്രദൗത്യത്തിനുമുന്നിലാണ് നന്മനിറഞ്ഞ നൂറ്റിമുപ്പതുകോടി ജനത അമ്പരന്നുനില്‍ക്കുന്നത്. ഇവര്‍ക്ക് മതേതര പാരമ്പര്യത്തിലും പൈതൃകത്തിലുമൂന്നിയ ഉന്നതമായ ദിശാബോധം നല്‍കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ക്കുമുമ്പാകെ ഉയര്‍ന്നുനില്‍ക്കുന്നത്. ഈ തിരിച്ചറിവിലാണ് മുസ്‌ലിംലീഗ് രാജ്യവ്യാപകമായ സേവ് സെക്കുലറിസം, സേവ് ഇന്ത്യ കാമ്പയിനുമായി ഇപ്പോള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച മലപ്പുറത്ത് ചേര്‍ന്ന പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സുപ്രധാന ചരിത്രദൗത്യത്തിന് നേതാക്കള്‍ ആശയരൂപം നല്‍കിയിരിക്കുന്നത്. അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഒര്‍നൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ്, കേരളസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. നഈംഅക്തര്‍, ദസ്തഗീര്‍ ആഗ എന്നിവര്‍ യോഗത്തില്‍ നിര്‍ണായകതീരുമാനത്തിന് വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതിനുശേഷമാണ് പ്രധാനനേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെ കാമ്പയിന്‍ വിവരം പ്രഖ്യാപിച്ചത്.
ഫാസിസത്തിന്റെ അനുരണനങ്ങള്‍ രാജ്യത്ത് അനുഭവപ്പെട്ടുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും രാഷ്ട്രപിതാവിന്റെ വധം, ബാബരി മസ്ജിദ് ധ്വംസനം എന്നിവയാണ് അതിന്റെ ഭീകരദംഷ്ട്രങ്ങളെ തുറന്നുകാട്ടിയ രണ്ട് മുഖ്യസംഭവങ്ങള്‍. സനാതനമായ ഒരു മതത്തെ അധികാരത്തിനായി ദുരുപയോഗിക്കുന്ന കാഴ്ച കൂടിയായിരുന്നു അവ. മതേതര സാകല്യതാ സിദ്ധാന്തത്തിലൂടെ മുന്നോട്ടുഗമിക്കാന്‍ താല്‍പര്യമില്ലാത്തവരാണ് അന്നും ഇന്നും രാജ്യത്തിന്റെ ശത്രുക്കളെന്നത് പോകട്ടെ അവര്‍ തന്നെയാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യാധികാരത്തിന്റെ ചെങ്കോല്‍ ഏന്തിനടക്കുന്നത് എന്നതും മുസ്‌ലിംലീഗിന്റെ പടപ്പുറപ്പാടിന് സാംഗത്യം നല്‍കുന്നതാണ്. മുസ്‌ലിംലീഗ് മാത്രം കൊണ്ട് ഈ കാവിഡ്രാഗണെ പിടിച്ചുകെട്ടാനാവില്ലെന്ന തിരിച്ചറിവുകൂടി മുസ്‌ലിം ലീഗിന്റെ മേല്‍പ്രസ്താവിത പ്രമേയത്തിലുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ളതും അവര്‍ നേതൃത്വം നല്‍കുന്നതുമായ പ്രതിപക്ഷ മതേതര സഖ്യത്തിലൂടെ മാത്രമേ ഇന്ത്യയുടെ നവ ഫാസിസത്തെ ചെറുത്തുതോല്‍പിക്കാന്‍ കഴിയൂ എന്ന ദീര്‍ഘദൃക്കായ ആശയം മുസ്‌ലിംലീഗ് ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. മുസ്്‌ലിംലീഗിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഇനം കൂടിയാണ് മതേതര കക്ഷികളുടെ ഏകീകരണം എന്നത്.
കഴിഞ്ഞ മൂന്നു കൊല്ലമായാണ് സംഘ്പരിവാര്‍ നേതൃത്വം കേന്ദ്രത്തിലും പിന്നീട് പതുക്കെപ്പതുക്കെയായി ജനാധിപത്യത്തിന്റെ ചെറുപഴുതുകളുടെ കുബുദ്ധിപൂര്‍വകമായ പ്രയോഗങ്ങളിലൂടെ രാജ്യത്തെ പതിനെട്ടു സംസ്ഥാനങ്ങളിലും അധികാരസോപാനങ്ങളിലേക്ക് ഇരമ്പിക്കയറിയിരിക്കുന്നത്. അതിന്റെ നാശത്തിന്റെ തീവ്രത ഗുജറാത്തില്‍ തുടങ്ങി ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഹരിയാനയിലും ഉത്തരാഖണ്ടിലും ഗോവയിലുമൊക്കെയായി ദര്‍ശിച്ചുവരികയാണിപ്പോള്‍. ഉത്തര്‍പ്രദേശില്‍ മതേതര കക്ഷികളുടെ ഭിന്നിപ്പ് മുതലെടുത്ത് അധികാരത്തിലേറിയ ബി.ജെ.പിയും സമാന തല്‍പരരും മുഖ്യമന്ത്രിയുടെ സന്യാസിവേഷത്തിന്റെ മറവില്‍ സംസ്ഥാനത്ത് കാവിവത്കരണത്തിന്റെ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ രാജ്യത്താദ്യമായി സ്വാതന്ത്ര്യ ദിനാഘോഷം നടത്തിയശേഷം അതിന്റെ വീഡിയോ സര്‍ക്കാരിലേക്ക് അയച്ചുകൊടുക്കണമെന്ന് മദ്രസകളോട് നിര്‍ദേശിച്ച, നിരവധി കുട്ടികള്‍ പ്രാണവായു നല്‍കാതെ കൊലപ്പെടുത്തിയ യോഗി ആദിത്യനാഥ് സര്‍ക്കാരും പാവപ്പെട്ട കര്‍ഷകരെ ന്യായവിലക്കുവേണ്ടി സമരം ചെയ്തപ്പോള്‍ നടുറോഡില്‍ വെടിവെച്ചുകൊന്നതും ബീഹാറിലും ഗോവയിലും ജനവിധി അട്ടിമറിച്ച് അധികാരം പിടിച്ചടക്കിയതുമെല്ലാം ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയേറ്റുന്നതായിരിക്കുന്നു. ഇതിനിടെത്തന്നെയാണ് രാജ്യത്തെ മുസ്‌ലിംകളെ പശുവിറച്ചിയുടെ പേരില്‍ പട്ടാപ്പകല്‍ കൊലചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കാവിക്കശ്മലന്മാര്‍ക്ക് ദലിതനും ന്യൂനപക്ഷക്കാരനുമെന്നൊന്നുമുള്ള വിഭാഗീയതകളില്ല. തങ്ങളുടെ ബ്രാഹ്മണീയമായ ഗതകാല ആശയഗതിക്കൊത്ത് കൂടെ നില്‍ക്കാത്തവരെയെല്ലാം കൊന്നൊടുക്കുമെന്ന തീട്ടുരാമാണ് പശുവിന്റെ പേരിലുള്ള മുപ്പതിലധികം ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ഉയര്‍ത്തുന്ന സൈറണ്‍.
രണ്ടാം തരം പൗരന്മാരായി മാത്രം ന്യൂനപക്ഷങ്ങളും പിന്നാക്ക ജാതിക്കാരും ജീവിച്ചുപൊയ്‌ക്കോളൂ എന്ന ഇണ്ടാസ് ഇറക്കുകയാണ് ഭരണഘടനയും പൗരന്റെ സ്വകാര്യതയുമൊക്കെ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്ന ഭരണകൂട യാഥാര്‍ഥ്യം. ഏകസിവില്‍നിയമം വേണമെന്ന ആവശ്യം പല രൂപത്തിലായി ഉയരുന്നതും ഇസ്‌ലാമിക വ്യക്തിനിയമങ്ങള്‍ക്കെതിരെ വ്യാപക പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നതും മുത്തലാഖ് പോലുള്ള താര്‍ക്കിക പ്രശ്‌നങ്ങളുടെ മറപിടിച്ച് സവര്‍ണ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുകയുമാണ് ബി.ജെ.പിയും അനുബന്ധ ബഹുഗോക്കളും. ഇവിടെയാണ് വ്യക്തി നിയമബോര്‍ഡ്, ഇതര മുസ്‌ലിം സംഘടനകള്‍ എന്നിവയുമായി ചര്‍ച്ച ചെയ്ത് കേന്ദ്ര നീക്കത്തെ ചെറുക്കാനുള്ള മുസ്‌ലിംലീഗ് പ്രമേയത്തിലെ മറ്റൊരുഊന്നല്‍. ജീവകാരുണ്യമേഖലയിലും മുസ്‌ലിംലീഗിനെപോലുള്ള സംഘടന നടത്താനിരിക്കുന്ന ദേശ വ്യാപക പരിപാടികളും ജനതയുടെയാകെ പ്രശംസക്ക് പാത്രമാകുമെന്ന് കരുതുന്നതില്‍ തെറ്റില്ല.
ഇവിടെ നിരാശപ്പെട്ടിരിക്കേണ്ട ഒരു കാര്യവുമില്ലെന്നും അരയും തലയും വേണ്ടിവന്നാല്‍ വയറും മുറുക്കി ഇന്ത്യയെ രക്ഷിക്കാനായി മതേതരത്വത്തിന്റെ രാഷ്്ട്രീയപടക്കളത്തിലേക്ക് ഇറങ്ങാന്‍ തയ്യാറാണെന്നും്പ്രഖ്യാപിക്കുകയാണ് മുസ്‌ലിംലീഗ് പാര്‍ട്ടി. 1948 മാര്‍ച്ച് പത്തിലെ ഇന്ത്യന്‍യൂണിയന്‍ മുസ്്‌ലിംലീഗ് പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ തുടര്‍ന്നുവരുന്ന നയസമീപനങ്ങളുടെ തനിയാവര്‍ത്തനമാണീ കാര്യപരിപാടിയെങ്കിലും ഇപ്പോള്‍ ഇത്തരമൊരു കാമ്പയിന് ഏറെ രാഷ്ട്രീയപ്രാധാന്യവുമുണ്ട്. 2019ലെങ്കിലും ഈ കരാള വക്ത്രത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയെന്ന മഹത്ദൗത്യമാണത്. ഇതിനെ ശക്തിപ്പെടുത്തുകയാവണം ഓരോ മുസ്്‌ലിംലീഗുകാരനുമെന്നതുപോലെ ഓരോ ഇന്ത്യക്കാരന്റെയും കര്‍ത്തവ്യം. ഇതാകട്ടെ മറ്റുകക്ഷികളുടെയും സംഘടനകളുടെയും മുന്നോട്ടുനയിക്കപ്പെടേണ്ട നവകാല ദര്‍ശനഗതിയും. മണ്‍മറഞ്ഞ അഖ്‌ലാഖുമാരുടെയും ഇനിയും കാണാന്‍കിട്ടാത്ത നജീബുമാരുടെയും മനസ്സുകള്‍ മന്ത്രിക്കുന്നതും അതുതന്നെയാകും.
- 7 years ago
chandrika
Categories:
Video Stories