കോഴിക്കോട്: അംഗത്വ കാമ്പയിന്‍ സമാപിച്ചതിനു പിന്നാലെ മുസ്‌ലിംലീഗ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക്. അംഗത്വ കാമ്പയിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച വാര്‍ഡ് കമ്മിറ്റികളാണ് ആദ്യഘട്ടത്തില്‍ നിലവില്‍ വരുന്നത്. ഡിസംബര്‍ 31ന് മുമ്പ് വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കും. ഇന്‍ഡോര്‍ സമ്മേളനത്തോടുകൂടിയാണ് വാര്‍ഡ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. പുതുതായി അംഗത്വമെടുത്തവരും അംഗത്വം പുതുക്കിയവരുമാണ് വാര്‍ഡ് സമ്മേളനങ്ങളില്‍ സംബന്ധിക്കുക. സംസ്ഥാനത്തെ ആദ്യത്തെ വാര്‍ഡ് സമ്മേളനം കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരി നോര്‍ത്ത് ആറാം വാര്‍ഡില്‍ നാളെ
നടക്കും. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും.
അംഗത്വ വിതരണത്തിന്റെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ മൂന്നാമത്തെ പഞ്ചായത്തായ വടകര മണ്ഡലത്തിലെ ഏറാമലയിലാണ് ഓര്‍ക്കാട്ടേരി നോര്‍ത്ത്. സമ്മേളനത്തോടനുബന്ധിച്ച് വനിതാലീഗ് വാര്‍ഡ് കമ്മിറ്റിയും രൂപീകരിക്കും. വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. കുല്‍സു, മുസ്‌ലിംലീഗ് ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും. വാര്‍ഡ് സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനമാണ് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്നത്.
വര്‍ധിതാവേശത്തോടെയാണ് സംസ്ഥാനത്ത് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്.അവസാന ഘട്ടത്തില്‍ എന്‍ട്രികള്‍ ഒന്നിച്ച് വന്നതിനാല്‍ സാങ്കേതിക തടസ്സമുണ്ടായത് കൊണ്ട് വിവരങ്ങള്‍ അപ് ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബര്‍ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ വാര്‍ഡ് കമ്മിറ്റികള്‍ക്ക് കമ്മിറ്റി രൂപീകരണം ഉള്‍പ്പെടെയുള്ള അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. വാര്‍ഡ് സമ്മേളനങ്ങളോടനുബന്ധിച്ച് കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കണം. കുടുംബ സംഗമങ്ങളില്‍ വനിതാലീഗ് വാര്‍ഡ് കമ്മിറ്റികളും രൂപീകരിക്കും. ഓരോ ഘടകങ്ങളിലും മുസ്‌ലിംലീഗ് കമ്മിറ്റികളും വനിതാലീഗ് കമ്മിറ്റികളും രൂപീകരിച്ചാലേ സംഘടനാ തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂ. സംഘടനാ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രകാരം നടക്കുന്നതിന് അതാത് പ്രദേശങ്ങളിലെ ജില്ലാ, മണ്ഡലം, പഞ്ചായത്ത് നിരീക്ഷകരും കോര്‍ഡിനേറ്റര്‍മാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പി.എം.എ സലാം അറിയിച്ചു.