X

പൊലീസിലെ കാവിവത്കരണം: മുഖ്യമന്ത്രിയും പാര്‍ട്ടിയും ജനങ്ങളെ കബളിപ്പിക്കുന്നു: യൂത്ത് ലീഗ്

കോഴിക്കോട് : പൊലീസ് സ്റ്റേഷനില്‍ നിരപരാധികളായ സാംസ്‌കാരിക പ്രവര്‍ത്തകരെ മണിക്കൂറുകളോളം തടങ്കലില്‍ വെച്ച് പിഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്ത മുഖ്യമന്ത്രി വാചക കസര്‍ത്ത് നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്ത് അടിയന്തിരാവസ്ഥക്ക് സമാനമായ പൊലീസ് രാജ് നടക്കുകയാണ്. ഏത് നിമിഷവും ആര്‍ക്ക് നേരെയും കരിനിയമങ്ങള്‍ ചുമത്താവുന്ന തരത്തില്‍ പൊലീസ് അഴിഞ്ഞാടുന്നു. കരിനിയമം ചുമത്തില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴും, പൊലീസ് യു.എ.പി.എ ഭിഷണിയുമായി സാംസ്‌കാരിക പ്രവര്‍ത്തകരെ വേട്ടയാടുകയാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഈ സംഭവങ്ങള്‍ക്കെതിരെ നടത്തുന്ന പ്രസ്താവന പരിഹാസ്യമാണ്. മത പ്രബോധകര്‍ക്കെതിരെ മാത്രമല്ല, വിയോജിപ്പുകള്‍ ഉയര്‍ത്തുന്ന സകലരെയും കരിനിയമങ്ങള്‍ കൊണ്ട് നിശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തുടരുമ്പോഴും പാര്‍ട്ടി നേതാക്കള്‍ ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ആദിവാസികളെ പോലും അകാരണമായി കരുതല്‍ തടങ്കലില്‍ വെക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.

 

ഇരകളോടൊപ്പം നില്‍ക്കുകയും വേട്ടക്കാരനോടൊപ്പം ഓടുകയും ചെയ്യുന്ന നിലപാട് സി.പി.എം അവസാനിപ്പിക്കണമെന്നം സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. എം.എ സമദ്, നജീബ് കാന്തപുരം, അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.

chandrika: