X

ഇസ്രായേലിനെതിരെ പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ഇന്ത്യ കുറ്റകരമായ മൗനം അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്

ചെന്നൈ: പുണ്യമാസത്തില്‍ ആരാധനയിലേര്‍പ്പിട്ടിരുന്ന ഫലസ്തീനികള്‍ക്ക് നേരെ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയിലുണ്ടായ വെടിവെപ്പും തുടര്‍ന്നരങ്ങേറിയ ഇസ്രയേല്‍ ക്രൂരതകളും ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണന്ന് മുസ്‌ലിം ലീഗ്. അക്രമവും ഭീതിയും സൃഷ്ടിച്ച് കിഴക്കന്‍ ജറുസലേം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാമാണ് അക്രമങ്ങളെന്നും മുസ്‌ലിം ലീഗ് വിലയിരുത്തി.

ഓണ്‍ലൈനായി ചേര്‍ന്ന രാഷ്ട്രീയകാര്യ ഉപദേശക സമിതി യോഗം അംഗീകരിച്ച പ്രമേയം അപ്പാര്‍ത്തീഡ് ഇസ്രായേലിനെതിരെ ഫലസ്തീനകള്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍ക്കാരിനോടും രാജ്യത്തെ ജനങ്ങളോടും ആഹ്വാനം ചെയ്തു. മസ്ജിദുല്‍ അഖ്‌സ പൊളിക്കുക എന്നത് ഇസ്രയേലിന്റെ അജണ്ടയിലുള്ളതാണ്. ഫലസ്തീനികളുടെ ഭൂമി അവര്‍ക്ക് വിട്ടുകൊടുത്താല്‍ മാത്രമേ ഫലസ്തീനില്‍ ശ്വാശ്വത സമാധാനമുണ്ടാവുകയുള്ളൂ. ലോകജനത ഇസ്രയേലിന്റെ ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തണം. മുന്‍കാലങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ചുപോരുന്ന ഫലസ്തീന് അനുകൂല നയങ്ങളില്‍ നിന്ന് ഇന്ത്യ പിന്നോക്കം പോകുന്നതായാണ് കാണുന്നത്. ഇത് വംശവെറിക്കെതിരായുള്ള രാജ്യത്തിന്റെ പരമ്പരാഗത നിലപാടിനെതിരാണ്. ഇത്തരം തെറ്റായ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും മുസ്‌ലിം ലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഫലസ്തീനികള്‍ക്കെതിരെയുള്ള സയണിസ്റ്റ് അതിക്രമത്തിനെതിരെ മെയ് പതിമൂന്നിന് രാജ്യവ്യാപകമായി രാവിലെ പത്ത് മണിക്ക് സ്വന്തം വീടുകളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുസ്‌ലിം ലീഗ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. യോഗത്തില്‍ രാഷ്ട്രീയകാര്യ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ജനറല്‍ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ്, അബ്ദുസമദ് സമദാനി, ഖുറം അനീസ് ഉമര്‍, ഡോ. എംകെ മുനീര്‍, സിറാജ് സേട്ട്, നവാസ് കനി, കെപിഎ മജീദ്, അബൂബക്കര്‍, ഡോ. മതീന്‍ ഖാന്‍, നയീം അഖ്തര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Test User: