മലപ്പുറം: സമീപകാലത്ത് പത്ര മാധ്യമങ്ങളിലുടെയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഉയര്‍ന്നുവന്ന ചില പ്രശ്‌നങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും മുസ്‌ലിംലീഗിന്റെയും നേതാക്കള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ യോഗം ചേര്‍ന്ന് വിശദമായി ചര്‍ച്ച ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്‌ലിംലീഗും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന നല്ല ബന്ധത്തിന് കോട്ടം തട്ടുന്ന യാതൊന്നും തന്നെ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് യോഗം ആവശ്യപ്പെടുകയും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ആവശ്യമില്ലാത്ത പ്രസ്താവനകളും വിവാദങ്ങളുമൊന്നും പത്ര വാര്‍ത്താ മാധ്യമങ്ങളിലൂടെ ആരും തന്നെ നടത്തരുതെന്നും അതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അതാത് പ്രസ്ഥാനങ്ങള്‍ താഴേ തട്ടിലേക്ക് കൈമാറാനും യോഗം തീരുമാനിച്ചു. വിശദാംശങ്ങള്‍ സംബന്ധിച്ച് ഇരുകൂട്ടരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശദമായ ചര്‍ച്ച നടത്താനും തീരുമാനിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, പി.എ ജബ്ബാര്‍ ഹാജി യോഗത്തില്‍ പങ്കെടുത്തു.