മലപ്പുറം: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മിദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഭവം അങ്ങേയറ്റം ദു:ഖകരവും നിര്‍ഭാഗ്യകരവുമായിപ്പോയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു. ഇന്നലെ വൈകുന്നേരം 3.30 ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട്ട് നടന്ന നേതൃയോഗം ഡല്‍ഹിയിലുണ്ടായ സാഹചര്യം വിശദമായി ചര്‍ച്ചചെയ്തു. ഇ അഹമ്മദിനു വേണ്ടി പ്രത്യേക പ്രാര്‍ഥനക്ക് ശേഷമാണ് യോഗം ആരംഭിച്ചത്.
മൗലിക-മനുഷ്യാവകാശ ലംഘനത്തിന്റെ മണിക്കൂറുകള്‍ക്കാണ് ആര്‍.എം.എല്‍ ആസ്പത്രി സാക്ഷ്യം വഹിച്ചതെന്നും ഇത് ഇന്ത്യാ മഹാരാജ്യത്തിന് തന്നെ അപമാനമാണെന്നും നേതാക്കള്‍ പറഞ്ഞു. ലോകം അറിയപ്പെടുന്ന ഇ അഹമ്മദിനെപ്പോലുള്ള മഹാ വ്യക്തികള്‍ക്ക് മരാണാസന്ന ഘട്ടത്തില്‍ ഇത്തരമൊരു അനുഭവമുണ്ടായത് ഉള്‍ക്കൊള്ളാനാവില്ല. കേന്ദ്രത്തിന്റെ ക്രൂരമായ കാടത്തമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത്തരമൊരനുഭവം ഇനിയൊരാള്‍ക്കും ഉണ്ടാവരുത്.
ബജറ്റ് തടസ്സപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നെങ്കില്‍ സര്‍ക്കാറിന് അത് ബന്ധുക്കളോടും പാര്‍ട്ടി നേതൃത്വവുമായും തുറന്ന് സംസാരിക്കാമായിരുന്നു. അവസാന സമയത്ത് തങ്ങളുടെ പിതാവിനെ കാണാനുള്ള അവസരം മക്കള്‍ക്ക് നിഷേധിച്ചതും ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടര്‍മാരായിട്ടുപോലും ഇവരോട് മറച്ചുവെച്ചതും ദുരൂഹമാണ്. സംഭവ സമയത്തെ കേന്ദ്രമന്ത്രിയുടെ ആസ്പത്രി സന്ദര്‍ശനം സര്‍ക്കാര്‍ ഇടപെടല്‍ സാധൂകരിക്കുന്നുണ്ട്.
സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെപ്പോലുള്ള ഉന്നതര്‍ പാതിരാത്രി എത്തി നിര്‍ദേശം നല്‍കിയിട്ടും മക്കളെ അകത്തേക്ക് കടത്തിവിടാന്‍ തയ്യാറായില്ല. മക്കള്‍ക്ക് ഒടുവില്‍ പൊലീസ് സഹായം തേടേണ്ടിവന്നു. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് ഇ അഹമ്മദിന്റെ മക്കളുമായി കൂടിയാലോചിക്കും. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെട്ടിട്ടു പോലും ആസ്പത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തുന്നുണ്ട്. മുസ്്‌ലിംലീഗ് ഇത് വീക്ഷിച്ചു വരികയാണ്. കൂടുതല്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കും.
6ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രവര്‍ത്തക സമിതിയില്‍ തീരുമാനം കൈക്കൊള്ളുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷറര്‍ പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, പി.കെ.കെ.ബാവ, എം.ഐ.തങ്ങള്‍, കുട്ടി അഹമ്മദ് കുട്ടി, പി.വി.അബ്ദുല്‍ വഹാബ് എം.പി, അഡ്വ. പി.എം.എ സലാം, എം.സി മായിന്‍ ഹാജി, സി.ടി.അഹമ്മദലി, യു.എ.ലത്വീഫ്, സി.പി.ബാവ ഹാജി, ടി.എം.സലീം, സി.മോയിന്‍കുട്ടി, പി.എസ് ഹംസ പങ്കെടുത്തു.