X

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ചരിത്രഭൂമിയില്‍- പുതുനഗരത്ത് നാളെ 75 ഹരിത പതാക ഉയരും

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ചരിത്രഭൂമിയില്‍ പാര്‍ട്ടിയുടെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി  നാളെ 75 ഹരിത പതാകകള്‍ ഉയരും. ചെന്നൈയില്‍ നടക്കുന്ന വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പുതുനഗരം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊശക്കടയില്‍ നിന്നും ചരിത്ര പ്രദേശമായ പള്ളി മൈതാനിയിലേക്ക് വിളംബര ജാഥ നടത്തും തുടര്‍ന്ന് പള്ളി മൈതാനിയില്‍ പതാക ഉയര്‍ത്തും. ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് മരയ്ക്കാര്‍ മൗലവി മാരായമംഗലം ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.എ നൂര്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. എം എം ഹമീദ്, മണ്ഡലം ലീഗ് പ്രസിഡന്റ് എ.വി ജലീല്‍ , സെക്രട്ടറി എ.കെ. ഹുസൈന്‍ ഇഖ്ബാല്‍ പുതുനഗരം, എന്‍ ഉമ്മര്‍ ഫാരൂഖ് എ സത്താര്‍, ഐ ഇസ്മായില്‍ , എം എച്ച് മുഹമ്മദ് ഹുസൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ബാന്‍ഡ് സെറ്റ് , കോല്‍ക്കളി, സ്‌കേറ്റിംങ്ങ് തുടങ്ങിയവയുടെ അകമ്പടിയും ഉണ്ടാകും.

1947 ഡിസംബര്‍ 14,15 തീയതികളില്‍ ചേര്‍ന്ന സര്‍വേന്ത്യാ മുസ് ലിംലീഗ് ദേശീയകൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് ഇസ്മാഈല്‍ സാഹിബ് പാലക്കാട്ടെത്തുന്നത്. പാക്കിസ്താന്‍ രൂപീകരിച്ചെന്നും മുസ് ലിംലീഗ് ഇനി ആവശ്യമില്ലെന്നും കാട്ടി നവംബര്‍ 13,14 തീയതികളില്‍ സുഹൃവര്‍ദിവിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഖാഇദേമില്ലത്തും കേരളത്തില്‍നിന്നുള്ള കെ.എം സീതിസാഹിബും ഈ തീരുമാനത്തോട് യോജിച്ചില്ല. തുടര്‍ന്നാണ് അവസാനകൗണ്‍സില്‍ യോഗം പാക്കിസ്താനിലുള്ള കറാച്ചിയില്‍ ചേരുന്നത്. ഇന്ത്യയില്‍ മുസ്‌ലിംലീഗ് രൂപീകരിക്കാനായി കണ്‍വീനറായി ഇസ്മാഈല്‍സാഹിബിനെ തെരഞ്ഞെടുത്ത ശേഷമാണ് അദ്ദേഹം പാലക്കാട്ടെത്തുന്നത്.
കറാച്ചിയില്‍ ഏതാനുംദിവസങ്ങള്‍ (രണ്ടാഴ്ചയാണെന്ന് ചിലരേഖകള്‍) താമസിച്ച് ഭാവിപരിപാടികള്‍ ആസൂത്രണംചെയ്തശേഷം നാട്ടിലേക്ക് മടങ്ങിവരവെ പാലക്കാട് മുസ്‌ലിംലീഗ് സമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ഇ.എസ്.എം ഹനീഫഹാജിയുടെ കമ്പിസന്ദേശം ലഭിക്കുന്നു. നേരെ ചെന്നൈയില്‍ ഇറങ്ങാതെ പാലക്കാട്ടേക്കായി യാത്ര. പാലക്കാട് എത്തിയപ്പോള്‍ യോഗംനിരോധിച്ചതായി പൊലീസ് അറിയിപ്പ് വന്നു.

ഇതോടെയാണ് പുതുനഗരത്തേക്ക് പരിപാടി മാറ്റാന്‍ തീരുമാനിക്കുന്നത്. ഡിസംബറിലാണെങ്കിലും കൃത്യമായ യോഗതീയതി ലഭ്യമല്ല. പുതുനഗരത്തെ ഹനഫിപളളിയുടെ മുന്നിലെ ചെറിയ മൈതാനത്ത് വേദി കെട്ടി. അവിടെ പ്രധാനറോഡരികിലായി മുസ്ലിംലീഗിന്റെ പതാകയും ഖാഇദേമില്ലത്ത് ഉയര്‍ത്തി. അന്ന് അധ്യക്ഷത വഹിച്ചത് ഇ.എസ്.എം ഹനീഫഹാജിയും സ്വാഗതംപറഞ്ഞത് അടുത്തിടെ അന്തരിച്ച റിട്ട. ജില്ലാ ജഡ്ജി പി.എ ഖാദര്‍മീരാനുമായിരുന്നു. പിന്നീട് 2 മാസത്തിന് ശേഷമാണ് 1948 മാര്‍ച്ച് പത്തിന് ചെന്നൈ രാജാജി ഹാളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ് ലിംലീഗ് രൂപീകരിക്കപ്പെടുന്നത്. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ഇസ്മാഈല്‍ സാഹിബ് നേരെ ചെന്നത് പുതുനഗരത്തേക്കായിരുന്നു. അവിടെ കൂടിയ പ്രവര്‍ത്തകരോട് അദ്ദേഹം തമിഴില്‍ സംസാരിച്ചു. തമിഴ് നാട്ടില്‍നിന്ന് കുടിയേറിയ മുസ്‌ലിംകളുടെ പിന്മുറക്കാരായതിനാല്‍ ഭൂരിപക്ഷവും തമിഴ്ഭാഷ വശമുള്ളവരായിരുന്നു അവര്‍. ഇപ്പോഴത്തെ പാലക്കാട് ജില്ലയിലെ കിഴക്കന്‍ മേഖലയായ ഇവിടെ പഞ്ചായത്ത് രൂപീകരണകാലം മുതല്‍ മുസ് ലിംലീഗ് തന്നെയാണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതും. ഇന്ന് അവശനാണെങ്കിലും യു.എ ബദറുദ്ദീന്‍ സാഹിബും യോഗത്തില്‍ പങ്കെടുത്ത കാര്യം ഓര്‍ക്കുന്നു. 95 കാരനായ പള്ളിത്തെരുവ് അബ്ദുസ്സലാമും യോഗത്തില്‍ പങ്കെടുത്തവരിലൊരാളാണ്.

 

ക്യാപ്ഷന്‍

ഖാഇദേമില്ലത്ത് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി മുസ്‌ലിംലീഗ് പതാക ഉയര്‍ത്തിയ പുതുനഗരം പള്ളിമൈതാനം

 

Chandrika Web: