കോഴിക്കോട്: ഇന്ധന വില അനിയന്ത്രിതമായി വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടിക്കെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പ്രതിഷേധ പരിപാടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം 4 മണിക്കാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കോവിഡ് മഹാമാരിയില്‍ പ്രതിസന്ധിയില്‍ കഴിയുന്ന സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാറുകള്‍ ചെയ്യുന്നത്. 37 ദിവസത്തിനിടെ 21 തവണയാണ് വില കൂടിയത്. കഴിഞ്ഞ വര്‍ഷം ലോക് ഡൗണ്‍ സമയത്ത് ക്രൂഡ് ഓയിലിന് 13 ശതമാനം വില കുറഞ്ഞപ്പോള്‍ പെട്രോളിന് 13 ശതമാനം വില കൂട്ടുകയാണ് ചെയ്തത്. കേന്ദ്രം എക്‌സൈസ് തീരുവ കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ച് ജനങ്ങളെ സഹായിക്കുന്ന പതിവ് യു.ഡി.എഫ് ഭരണകാലത്ത് ഉണ്ടായിരുന്നു. എന്നാല്‍, വില വര്‍ധനവിനെക്കുറിച്ച് ഒന്നുമറിയാത്ത ഭാവത്തിലാണ് സര്‍ക്കാര്‍.
അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക തകര്‍ച്ചക്കും വിലക്കയറ്റത്തിനും കാരണമാകും. ലോക്ഡൗണില്‍ ജീവിതം തകര്‍ന്ന ലക്ഷക്കണക്കിന് മനുഷ്യരെയാണ് ഈ വിലക്കയറ്റം ഗുരുതരമായി ബാധിക്കുന്നത്. ഇന്ധനവിലയില്‍ നികുതിയും സെസും ഈടാക്കുന്ന സംസ്ഥാന സര്‍ക്കാറിനും അനിയന്ത്രിതമായി എക്‌സൈസ് തീരുവ കൂട്ടുന്ന കേന്ദ്ര സര്‍ക്കാറിനും ഈ വിലക്കയറ്റത്തില്‍ തുല്യ ഉത്തരവാദിത്തമുണ്ട്. ഈ ജനദ്രോഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
കോവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണ്ണമായും പാലിച്ച് സംസ്ഥാനത്തുടനീളമുളള പ്രതിഷേധ പരിപാടികളില്‍ പങ്കാളികളാകണമെന്ന് മുഴുവന്‍ ഘടകങ്ങളോടും സഹപ്രവര്‍ത്തകരോടും മുസ്‌ലിം ലീഗ് നേതൃത്വം അഭ്യര്‍ത്ഥിച്ചു.