കെട്ടിട പെര്‍മിറ്റിനും ലൈസന്‍സിനുമുള്ള ഫീസ് നിരക്ക് കുത്തനെ കൂട്ടിയ ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു. ഒരു കാരണവശാലും നീതീകരിക്കാനാവാത്ത ഫീസ് വര്‍ധനവാണ് വന്നിരിക്കുന്നത്. ഇതോടെ സാധാരണക്കാര്‍ക്ക് വീട് നിര്‍മ്മാണം ഒരു സ്വപ്നമായി മാറും. ഏപ്രില്‍ 10 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇടത് സര്‍ക്കാറിന്റെ ജനദ്രോഹ നയത്തിനെതിരെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ വ്യത്യസ്തമായ സമര പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പെരുന്നാളിന് ശേഷം മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങും.
കെട്ടിട പെര്‍മിറ്റ് ഫീസ് 150 ചതുരശ്ര മീറ്ററിന് 525 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 7500 രൂപയായിരിക്കുകയാണ്. നഗരസഭയില്‍ ഇത് 10,500 ആണ്. കോര്‍പ്പറേഷനില്‍ 15,000 രൂപയും. ഒരു വീട് നിര്‍മ്മിക്കുക എന്ന സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് ഈ നിരക്ക് വര്‍ധനവ് തിരിച്ചടിയാകും. അപേക്ഷാ ഫീസില്‍ നൂറ് മടങ്ങ് വരെയും കെട്ടിട പെര്‍മിറ്റ് ഫീസില്‍ 20 മടങ്ങ് വരെയും വര്‍ധനവുണ്ടായിരിക്കുന്നു. വീടിന്റെ തറ കെട്ടാനുള്ള ചെലവിന്റെ 20 ശതമാനം കെട്ടിട പെര്‍മിറ്റ് ഫീസായി നല്‍കേണ്ട അവസ്ഥയിലാണ്. ഈ അനീതിക്കെതിരെ ജനം തെരുവിലിറങ്ങുമെന്നും മുസ്ലിംലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്നും പി.എം.എ സലാം അറിയിച്ചു.