X
    Categories: indiaNews

ഹരിയാന കലാപം അതിവേഗം തടയണം: മുസ്‌ലിംലീഗ്

ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തെ ഞെട്ടിപ്പിക്കുന്നതാണെന്നും കലാപം പടര്‍ന്ന് കയറാതിരിക്കാനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും മുസ്‌ലിംലീഗ് നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോക്‌സഭയിലും രാജ്യസഭയിലും സഭ നിര്‍ത്തിവെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് എം.പിമാര്‍ നോട്ടീസ് നല്‍കിയിരുന്നതായും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം. പി അബ്ദുസ്സമദ് സമദാനി എംപി, നവാസ് ഗനി എം.പി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹരിയാനയിലെ സംഭവങ്ങള്‍ രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇതിനകം ആറുപേര്‍ കൊല്ലപ്പെട്ടു. 26 വയസ്സുള്ള ഇമാമും രണ്ട് സുരക്ഷാ ഗാര്‍ഡും മരിച്ചവരില്‍ ഉള്‍പ്പെടും. പള്ളിക്കകത്ത് കയറി പള്ളിയിലെ മിമ്പര്‍ അഗ്‌നിക്കിരയാക്കിയ സംഭവം വരെ അരങ്ങേറി. ഹരിയാനാ ഗവണ്‍മെന്റ് കാര്യങ്ങളുടെ ഗൗരവം ഉള്‍കൊണ്ടിട്ടില്ല. ഉപമുഖ്യമന്ത്രി തന്നെ പറഞ്ഞത് വിശ്വഹിന്ദു പരിഷത്തിന്റെ ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്ര സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും അറിയിക്കാതെയാണ് നടത്തിയതെന്നാണ്. ഗുരുഗ്രാമില്‍ പള്ളിക്ക് തീയിട്ടതിനു പുറമേ നിരവധി കടകളും മറ്റും ആക്രമിക്കപ്പെട്ടു. നൂഹിലെ സംഘര്‍ഷം സമീപപ്രദേശങ്ങളായ ഗുരുഗ്രാം, ഫരീദാബാദ്, പല്‍വല്‍ എന്നിവിടങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്. ചേരികളില്‍ കഴിയുന്ന പാവങ്ങള്‍ പലായനത്തിന്റെ വക്കിലാണ്. വീടുകള്‍ പലതും അഗ്‌നിക്കിരിയായി.
ഗ്യാന്‍വാപിയില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ നടക്കുന്ന കാര്യങ്ങളും മണിപ്പൂരിലും ഹരിയാനയിലും അടക്കം തുടരുന്ന കലാപങ്ങളും അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉപയോഗിക്കാന്‍ പോകുന്ന ഏറ്റവും വലിയ ആയുധം വര്‍ഗീയത തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. ഗ്യാന്‍വാപി വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും മുസ്‌ലിംലീഗ് ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് വ്യക്തമാക്കിയിട്ടുണ്ടെന്നും മുസ്‌ലിംലീഗ് നേതാക്കള്‍ പറഞ്ഞു.

 

Chandrika Web: