X

കേട്ടറിഞ്ഞ മലപ്പുറത്തെ തൊട്ടറിയാന്‍ ഓസ്‌ട്രേലിയന്‍ സംഘം പാണക്കാട്ട്

കേട്ടറിഞ്ഞ മലപ്പുറം അനുഭവിച്ചറിയാന്‍ ഓസ്‌ട്രേലിയന്‍ സംഘം മലപ്പുറത്ത്. മലപ്പുറം ജില്ലയുടെ സൗഹൃദത്തേയും മതമൈത്രിയേയും പറ്റി പഠിക്കാനാണ് ഓസ്‌ട്രേലിയന്‍ സംഘം ജില്ലയിലെത്തിയത്. ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ കോണ്‍സുല്‍ സാമുവേല്‍ മയേഴ്‌സും സംഘവും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ഏറെനേരം ചെലവഴിച്ചും കാര്യങ്ങള്‍ പഠിച്ചുമാണ് മടങ്ങിയത്. പാണക്കാടെത്തിയ സംഘത്തെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളില്‍ നിന്ന് കേരളം വേറിട്ട് നില്‍ക്കുന്ന സാഹചര്യം, ന്യൂനപക്ഷ സമുദായത്തിന്റെ വളര്‍ച്ച, വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍, മത സൗഹാര്‍ദം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കേരള സ്റ്റോറിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും മതസൗഹാര്‍ദവും ഐക്യവുമാണ് കേരളത്തിലെത്തിയപ്പോള്‍ കാണാനായതെന്നും ഓസ്‌ട്രേലിയന്‍ സംഘം പറഞ്ഞു.

പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും ഒരു ഡോക്യുമെന്ററിയാണ് ഇവിടെ എത്തിച്ചതെന്നും സാമുവേല്‍ മയേഴ്‌സ് പറഞ്ഞു. പുറത്തു കേള്‍ക്കുന്നതിനേക്കാള്‍ സുന്ദരമാണ് കേരളം. പ്രകൃതിയും മനുഷ്യരുമെല്ലാം വളരെ മനോഹരം. പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ ചരിത്രം, കേരള രാഷ്ട്രീയത്തില്‍ മുസ്്‌ലിംലീഗിന്റെ പങ്ക് തുടങ്ങിയവയും ചര്‍ച്ചയായി. മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിയെയും സംഘം സന്ദര്‍ശിച്ചു. മണിക്കൂറുകളോളം ചെലവഴിച്ചാണ് സംഘം മലപ്പുറത്തുനിന്നും മടങ്ങിയത്. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു കൂടെയുണ്ടായിരുന്നു

 

 

Chandrika Web: