X

മുസ്ലിം ലീഗ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

 

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും ജനവിരുദ്ധ സമീപനങ്ങള്‍ തുടരുന്ന സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലന്നും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പി കെ. കുഞ്ഞാലിക്കുട്ടി എംപി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്‌സഭാ സെക്രട്ടറി ജനറലിനാണ് സഭാ നടപടിക്രമങ്ങളുടെ ഏഴാം അധ്യായത്തിലെ 198 (ബി) ചട്ടമനുസരിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി കത്ത് നല്‍കിയത്. സ്പീക്കര്‍ സുമിത്ര മഹാജന്‍ നോട്ടീസിന് മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. മുസ്ലിം ലീഗിന് പുറമെ കോണ്‍ഗ്രസ്, സിപിഎം, ടിഡിപി, വൈഎസ് ആര്‍ കോണ്‍ഗ്രസ്, ആര്‍എസ്പി തുടങ്ങിയ കക്ഷികളും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കാവേരി വിഷയമുയര്‍ത്തി എഐഡിഎംകെ എംപിമാര്‍ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ പ്രവൃത്തി തടസപ്പെടുത്തുന്നത് തുടര്‍ന്നാല്‍ അവിശ്വാസ പ്രമേയത്തിലുള്ള നടപടികള്‍ ആരംഭത്തില്‍ തന്നെ തടസ്സപെട്ടേക്കും. എഐഡിഎംകെ യുടെ സമരം സര്‍ക്കാറിനെ സഹായിക്കാനന്നാണ് ടിഡിപി എംപിമാര്‍ ആരോപിക്കുന്നത്.

chandrika: