ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ മുത്തലാഖ് ബില്ല് ഭരണഘടനാ വിരുദ്ധവും വര്‍ഗീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതുമാണന്ന് മുസ്ലിം ലീഗ് ലീഗ് ദേശീയ സെക്രട്ടറിയേറ്റ് വിലയിരുത്തി. ദില്ലിയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തല്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.
ആര്‍ട്ടിക്കള്‍ 25 നല്‍കുന്ന ഭരണഘടന സ്വാന്ത്രത്തെ നിഷേധിക്കുന്നതാണ് ബില്ല്. പാര്‍ലമെന്റിനകത്തും പുറത്തും ബില്ലിന്റെ ദുരുദ്ദേശത്തെ തുറന്നുകാട്ടും. പാര്‍ലമെന്റിന് പുറത്ത് പൊതുജനങ്ങളെ അണിനിരത്തി ബില്ലിനെതിരെ പ്രക്ഷേഭങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വ്യക്തി നിയമത്തിലുള്ള ഇടപെടലുകള്‍ ബുദ്ധിശൂന്യതയാണ്. 1986ല്‍ രാജീവ് ഗാന്ധി സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന സ്ത്രീ സുരക്ഷ നിയമത്തിലെ വ്യവസ്ഥകളെ പോലും ഇല്ലാതാക്കുന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥകളെന്നു നേതാക്കള്‍ പറഞ്ഞു. ബില്ലിനെതിരെ രാജ്യവ്യാപകമായി ക്യാംപയിന്‍ സംഘടിപ്പിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ പ്രൊഫ ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.
മുത്തലാഖ് ബില്ല് വ്യാഴാഴ്ച്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ബില്ലിനെ ലീഗ് പാര്‍ലമെന്റില്‍ ശക്തിയുക്തം എതിര്‍ക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. മതേതര കക്ഷികളെ ബില്ലിന്റെ അപകടം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പുറത്തുവിട്ട കരട് ബില്ലിലെ സെക്ഷന്‍ മൂന്ന് ത്വലാഖിനെ തന്നെ ക്രിമനല്‍ കുറ്റമായാണ് വിവക്ഷിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ബില്ല് പ്രകാരം വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീയുടെ ചിലവ് അവരുടെ ജീവിതകാലം മുഴുവന്‍ മുന്‍ ഭര്‍ത്താവ് വഹിക്കണം. എന്നാല്‍ അതെ ഭര്‍ത്താവ് മൂന്ന് വര്‍ഷം തടവും അനുഭവിക്കണം. രണ്ടും ഒരുമിച്ച് സാധ്യമെല്ലന്നിരിക്കെ യഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊള്ളാത്തതാണ് ബില്ലിന്റെ കരടെന്നും ഇ ടി. പറഞ്ഞു.
ഗുജറാത്തിലെ മതേതര കക്ഷികളുടെ മുന്നേറ്റം രാജ്യത്ത് മതേതരത്വം നിലനില്‍ക്കുമെന്ന വലിയ പ്രതീക്ഷകളാണ് നല്‍കുന്നതന്ന് പാര്‍ട്ടി വിലയിരുത്തി. ഗുജറാത്തിലെ ബി ജെ പിയുടെ മോശം പ്രകടനം വരാന്‍ പോകുന്ന തിരഞ്ഞടുപ്പില്‍ ബിജെപിയുടെ തകര്‍ച്ചയുടെ സൂചനയാണ് നല്‍കുന്നത്. ദേശീയ-സംസ്ഥാന പാര്‍ട്ടികള്‍ യോജിച്ച് നിന്നാല്‍ ബി ജെ പിയുടെ പരാജയം സുനിശ്ചിതമാണന്ന് പാര്‍ട്ടി വിലയിരുത്തിയതായി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ പികെ കുഞ്ഞാലികുട്ടി എം പി പറഞ്ഞു. ശ്രീ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ശ്രീ രാഹുല്‍ ഗാന്ധിയെ അനുമോദിച്ചു. കേരളത്തിലെ യുഡിഎഫ് മുന്നണിയെ ശക്തിപ്പെടുത്തുന്നതില്‍ മുസ്ലിംലീഗ് ഉത്തരവാദിത്ത പരമായ പങ്കുവഹിക്കുമെന്ന് തങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് ഉറപ്പ് നല്‍കി.
ഓഖി ദുരന്തത്തെ ദേശീയദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ദുരന്തത്തെ മുന്‍കൂട്ടി പ്രവചിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നതിനു കാരണമായെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടെന്നും അഭിപ്രായമുയര്‍ന്നു.
രോഹിംഗ്യ അഭയാര്‍ഥികള്‍ക്കായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായത്തോടെ ബംഗ്ലാദേശില്‍ നേരിട്ട് സഹായം എത്തിക്കുന്നതിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പോഷക സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ യോഗം തൃപ്തി രേഖപ്പെടുത്തി. കര്‍ഷകസംഘവും ലോയേഴ്‌സ് ഫോറവും ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനും കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചതായും നേതാക്കള്‍ അറിയിച്ചു.
രാഷ്ട്രീയകാര്യ ഉപദേശകസമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫസര്‍ ഖാദര്‍ മൊയ്തീന്‍, ദേശീയ ജനറല്‍സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എം പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ്, കേരള നിയമസഭ പാര്‍ട്ടി ലീഡര്‍ എം കെ മുനീര്‍, നേതാക്കളായ അഡ്വക്കറ്റ് ഇഖ്ബാല്‍ അഹമ്മദ്, ഖുറം അനീസ് ഉമര്‍ എന്നിവര്‍ പത്രസമ്മേളന ത്തില്‍ പങ്കെടുത്തു.