തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് തിരുവനന്തപുരത്ത്. രാവിലെ 10ന് തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയിലെ ഖാഇദേ മില്ലത്ത് നഗറില്‍ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 600ലേറെ പ്രതിനിധികള്‍ പങ്കെടുക്കും. വൈകിട്ട് നാലിന് ഗാന്ധിപാര്‍ക്കിലെ പാണക്കാട് ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുസ്‌ലിം ലീഗിന്റെ ദേശീയ, സംസ്ഥാന നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംസാരിക്കും.
രാഷ്ട്രം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഭാരതത്തിന്റെ അഖണ്ഡതയും ഭദ്രതയും കാത്തുസൂക്ഷിക്കുക, മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുക എന്നീ വിഷയങ്ങളാണ് കൗണ്‍സില്‍ പ്രധാനമായി ചര്‍ച്ച ചെയ്യുക. ഫാസിസത്തെ പ്രതിരോധിക്കാന്‍ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യത്തിന്റെ പ്രസക്തിയും അജണ്ടയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ദേശീയതലത്തില്‍ സമാനചിന്താഗതിക്കരുടെ കൂട്ടായ്മക്ക് രൂപം നല്‍കുന്നതും കൗണ്‍സില്‍ യോഗം ആലോചിക്കും.
വൈകിട്ട് നാലിന് പൊതുസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍, സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി, ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് എം.എല്‍.എമാര്‍, യൂത്ത്‌ലീഗിന്റെയും എം.എസ്.എഫിന്റെയും ദേശീയ, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇതാദ്യമായാണ് തിരുവനന്തപുരം മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തിന് വേദിയാകുന്നത്.