X

ഫാസിസത്തെ പ്രതിരോധിക്കാന്‍ മതേതര ശക്തികളുടെ ഐക്യം അനിവാര്യം: കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ നേതൃസംഗമം തിരുവനന്തപുരത്ത്. വ്യാഴാഴ്ച രാവിലെ 10ന് തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ മീറ്റും വൈകിട്ട് നാലിന് ഗാന്ധിപാര്‍ക്കില്‍ പൊതുസമ്മേളനവും നടക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു.
രാഷ്ട്രം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യയുടെ അഖണ്ഡതയും ഭദ്രതയും കാത്തുസൂക്ഷിക്കുക, മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നീ വിഷയങ്ങളാണ് കൗണ്‍സില്‍ യോഗം പ്രധാനമായി ചര്‍ച്ച ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. ഫാസിസത്തെ പ്രതിരോധിക്കാന്‍ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യത്തിന്റെ പ്രസക്തിയും കൗണ്‍സില്‍ അജണ്ടയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. കൗണ്‍സില്‍ യോഗത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് കൂടുതല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ദേശീയതലത്തില്‍ സമാനചിന്താഗതിക്കരുടെ കൂട്ടായ്മക്ക് രൂപം നല്‍കുന്നത് ഉള്‍പെടെയുള്ള വിഷയങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വൈകിട്ട് നാലിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍, സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി, ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍, യൂത്ത്‌ലീഗിന്റെയും എം.എസ്.എഫിന്റെയും ദേശീയ, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇതാദ്യമായാണ് കേരള തലസ്ഥാനം മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തിന് വേദിയാകുന്നത്.

chandrika: