X
    Categories: indiaNews

ലക്ഷദ്വീപില്‍ നിന്ന് പ്രഫുല്‍ പട്ടേലിനെ നീക്കണം; മുസ്‌ലിം ലീഗ് എംപിമാര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി

ഡല്‍ഹി: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോദ പട്ടേലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും ദ്വീപില്‍ നടന്ന് വരുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും കരിനിയമങ്ങളും നേരിട്ട് മനസ്സിലാക്കാനായി കേരളത്തിലെ പാര്‍ലിമെന്റ് അംഗങ്ങള്‍ ഉള്‍കൊള്ളുന്ന വസ്തുതാന്വേഷണ സംഘത്തെ അയക്കണമെന്നും മുസ്‌ലിംലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

ശാന്തപ്രിയരും സമാധാന സ്‌നേഹികളുമായ ദ്വീപ് ജനതയെ പ്രകോപിതരാക്കുന്ന വിധത്തില്‍ തെറ്റായ പ്രവര്‍ത്തനങ്ങളാണ് ഈ അഡ്മിനിസ്‌ട്രേറ്റര്‍ അനുദിനം ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണഘടനക്ക് വിരുദ്ധമായും ജനങ്ങളുടെ താല്പര്യത്തെ എതിര്‍ത്ത് കൊണ്ടും പുതിയ നിയമങ്ങള്‍ സൃഷ്ടിക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള നിയമ നടപടികളില്‍ അദ്ദേഹം ഭരണഘടന തത്വങ്ങള്‍ തന്നെ ലംഘിക്കുകയാണ്. ഭരണഘടന പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അധികാര അവകാശങ്ങള്‍ തന്നിലേക്ക് തിരിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ എം.പിമാര്‍ വ്യക്തമാക്കി.

മൃഗ സംരക്ഷണ നിയമത്തിന്റെ പേരില്‍ ആദ്ദേഹം കൊണ്ട് വന്നത് ബീഫ് നിരോധനം പോലുള്ള നടപടികളാണ്. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ പാടില്ലെന്നും നിയമം കൊണ്ടുവന്നു. കുറ്റകൃത്യങ്ങള്‍ തീരെ ഇല്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പില്‍ വരുത്തി. താല്‍ക്കാലിക ജീവനക്കാരെയെല്ലാം മത്സ്യതൊഴിലാളികളെയും കള്ളക്കേസുകളില്‍ കുടുക്കുകയാണ്. പ്രഫുല്‍ പട്ടേല്‍ വന്ന് കോവിഡിന്റെ എല്ലാ നിയന്ത്രണങ്ങളും വ്യവസ്ഥകളും നിസ്സാരവല്‍ക്കരിക്കുക വഴി കോവിഡ് വ്യാപനത്തിന് വഴിയൊരുക്കി. ഇതോടെ ദ്വീപ് സമൂഹത്തിലെ 7 ശതമാനത്തോളം വരുന്ന ആളുകള്‍ കോവിഡ് ബാധിതരായി.

ലക്ഷദ്വീപിലെ ജനങ്ങള്‍ അധികവും മലയാളം സംസാരിക്കുന്നവരാണ്. അവരുടെ ബന്ധുക്കളും മറ്റും കൂടുതലും കേരളത്തിലാണ്്. അവര്‍ക്ക് ഏറ്റവും സൗകര്യമുള്ള തുറമുഖം ബേപ്പൂരാണ്. ഇത് കര്‍ണാടകയിലെ മംഗളൂരിലേക്ക് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രം കണക്കിലെടുത്തു കൊണ്ട് മാറ്റുന്ന പ്രവര്‍ത്തനത്തിലാണ് അഡ്മിനിസ്‌ട്രേറ്റര്‍. ക്ഷീര കര്‍ഷകരെ ഉന്മൂലനം ചെയ്ത് അമുല്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഗുജറാത്തില്‍ നിന്ന് ഇറക്കുമതി ചെയ്യാനും ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ലക്ഷദ്വീപിലെ ജനസംഖ്യാനുപാതം തകര്‍ക്കുക, അവിടെ ലഭ്യമായി കൊണ്ടിരിക്കുന്ന ആദിവാസി സംവരണം ഇല്ലാതാക്കുക എന്നീ അജണ്ടകളാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കുള്ളത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഞങ്ങള്‍ പാര്‍ലിമെന്റില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കേണ്ടത് രാജ്യ താല്‍പ്പര്യത്തിന് അനിവാര്യമാണെന്നും ദ്വീപിലെ ജനങ്ങളെ രക്ഷിക്കണമെന്നും മുസ്‌ലിംലീഗ് എം.പിമാര്‍ ആവശ്യപ്പെട്ടു.

 

Test User: