X

മുസ്ലിംലീഗ് അംഗത്വ ക്യാമ്പയിന്‍: സുല്‍ത്താന്‍ബത്തേരി ,പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, ഏറാമല മുന്നില്‍

#ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം

കോഴിക്കോട്:  നവംബര്‍ഒന്നിന് ആരംഭിച്ച മുസ്ലിംലീഗ് അംഗത്വക്യാമ്പയിന്‍ അവസാന ഘട്ടത്തിലേക്ക്. ക്യാമ്പയിന്‍ അവസാനിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രാദേശിക ഘടകങ്ങളെല്ലാം ആവേശത്തോടെയാണ് അംഗത്വ ക്യാമ്പയിനില്‍ സജീവമാകുന്നത്. ജില്ല/മണ്ഡലം/പഞ്ചായത്ത് തലങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നിരീക്ഷകരുടെ മേല്‍നോട്ടത്തിലാണ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. നവംബര്‍ 30ന് ക്യാമ്പയിന്‍ അവസാനിക്കുന്നതോടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിരിക്കണം. മെമ്പര്‍ഷിപ്പ് ചേര്‍ത്തവര്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിലും ഫീസ് അടയ്ക്കുന്നതിലും സമയപരിധി ലംഘിച്ചാല്‍ ആ മെമ്പര്‍ഷിപ്പുകള്‍ പരിഗണിക്കുന്നതല്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം അറിയിച്ചു.
വളരെ ശാസ്ത്രീയമായാണ് ഇത്തവണ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വാര്‍ഡ് തലങ്ങളില്‍ അംഗങ്ങളെ ചേര്‍ത്ത ശേഷം കോര്‍ഡിനേറ്റര്‍മാര്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയും ഫീസടയ്ക്കുകയും ചെയ്യുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്. ഫീസടക്കം അപ്ലോഡ് ചെയ്യാത്ത മെമ്പര്‍ഷിപ്പുകള്‍ ഒരു കാരണവശാലും സ്വീകരിക്കപ്പെടില്ല. ഈ മാസം 30ന് മുമ്പ് തന്നെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കണം. -പി.എം.എ സലാം വ്യക്തമാക്കി. സംസ്ഥാനത്ത് അംഗത്വ ക്യാമ്പയിനുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച ആദ്യവാര്‍ഡ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ആറാം മൈല്‍ ശാഖയാണ്. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്ത് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച ആദ്യ പഞ്ചായത്താണ്. വയനാട്ടിലെ കല്‍പറ്റ മണ്ഡലത്തിലെ വെങ്ങപ്പള്ളി, കോഴിക്കോട് ജില്ലയിലെ വടകര മണ്ഡലത്തിലെ ഏറാമല എന്നീ പഞ്ചായത്തുകളാണ് അംഗത്വ ക്യാമ്പയിന്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ രണ്ടും മൂന്നും പഞ്ചായത്തുകള്‍.

 

 

Chandrika Web: