X
    Categories: keralaNews

മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ : അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ  നീട്ടി

മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ നാളെ അവസാനിക്കും .വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ സമയം .
കോഴിക്കോട്: നവംബർ ഒന്നിന് ആരംഭിച്ച മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ ഇന്ന് അവസാനിക്കും. നാടെങ്ങും ആവേശത്തോടെയാണ് മുസ്‌ലിംലീഗ് അംഗത്വ കാമ്പയിൻ സ്വീകരിക്കപ്പെട്ടത്. ഗ്രാമങ്ങളിലും നഗരങ്ങളിലും വീടുകൾ കയറി പ്രവർത്തകർ അംഗങ്ങളെ ചേർത്തു. മുസ്‌ലിംലീഗ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ശാക്തീകരണത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് മറ്റു പാർട്ടികളിൽനിന്ന് വിടപറഞ്ഞ നിരവധി പേർ സംഘടനയിൽ അംഗങ്ങളാകാൻ മുന്നോട്ട് വന്നു. യുവാക്കളും വനിതകളും ധാരാളമായി പുതുതായി പാർട്ടി അംഗത്വം സ്വീകരിച്ചു.
മുസ്‌ലിംലീഗിന്റെ വളർച്ചയിൽ നിർണായക പങ്കാളിത്തം വഹിച്ച ആദ്യകാല പ്രാദേശിക നേതാക്കളെല്ലാം ആവേശത്തോടെയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. പലയിടത്തും നേരത്തെ നൽകിയ ക്വാട്ടക്ക് പുറമെ കൂടുതൽ മെമ്പർഷിപ്പുകൾ വേണ്ടിവന്നു. ജില്ല/മണ്ഡലം/പഞ്ചായത്ത്/ വാർഡ്  തലങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നിരീക്ഷകരുടെയും കോർഡിനേറ്റർമാരുടെയും മേൽനോട്ടത്തിലാണ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടന്നത്.
അംഗത്വ കാമ്പയിന്റെ അവസാന ഘട്ടത്തിൽ എൻട്രികൾ ഒന്നിച്ച് വന്നതിനാൽ സർവ്വറിന് സാങ്കേതിക തടസ്സം നേരിട്ടിരുന്നു. ഇക്കാരണം കൊണ്ട് പല കമ്മിറ്റികൾക്കും അംഗത്വ അപേക്ഷകളുടെ വിവരങ്ങൾ പൂർണമായും അപ് ലോഡ് ചെയ്യാനോ ഫീസടയ്ക്കാനോ സാധിച്ചിട്ടില്ല. ഇവർക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഡിസംബർ 15 വരെ അവസരം നൽകുന്നുണ്ട്. വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും ഫീസ് അടയ്ക്കുന്നതിലും വീഴ്ച വരുത്തിയാൽ ആ മെമ്പർഷിപ്പുകൾ പരിഗണിക്കുന്നതല്ല.
അതേസമയം മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ വാർഡ് കമ്മിറ്റികൾക്ക് കമ്മിറ്റി രൂപീകരണം ഉൾപ്പെടെയുള്ള അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാവുന്നതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. ഡിസംബർ 31ന് മുമ്പ് ശാഖ കമ്മിറ്റികൾ നിലവിൽ വരണം. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഷെഡ്യൂളുകളിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

Chandrika Web: