X

‘മുസ്‌ലിംലീഗ് കൗണ്‍സില്‍ ചേരാന്‍ രാജാജി ഹാള്‍ അനുവദിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തില്‍ പാര്‍ട്ടി പിരിച്ച് വിട്ടതായി ഒരു നല്ല തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആ വിശ്വാസത്തിന്റെ പുറത്താണ് ഹാള്‍ അനുവദിച്ചിരിക്കുന്നതും’…

ചെന്നൈ /
ഇ സാദിഖലി

മൗണ്ട് റോഡില്‍ നിന്ന് ഇടത്തോട്ട് തിരിയുന്ന വഴിയില്‍ വലിയ കവാടം കടന്ന് കയറുന്നത് പ്രൗഡഗംഭീരമായ രാജാജി ഹാളിലേക്കാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് ഔദ്യോഗിക വിരുന്ന് സല്‍ക്കാരങ്ങള്‍ക്കും മറ്റും ഉപയോഗിച്ചിരുന്നത് ഈ കെട്ടിടമാണ്. അന്ന് ഈ മനോഹരമായ കെട്ടിടത്തിന്റെ പേര്’ബാങ്ക്വിറ്റ് ഹാള്‍’എന്നായിരുന്നു. ചേരന്‍ ചെങ്കുടുവന്‍, കമ്പര്‍, സുബ്രഹ്മണ്യ ഭാരതി, നെടുഞ്ചെഴിയന്‍ തുടങ്ങി നിരവധി വീര നായകരുടെ ചായാചിത്രങ്ങള്‍ അകത്തെ ചുമരുകളില്‍ ചില്ലിട്ട് ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട്. 1948 മാര്‍ച്ച് 10. അന്നൊരു ബുധനാഴ്ചയായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് അന്ന് രൂപം കൊണ്ടത് ഈ ഹാളിനകത്ത് വെച്ചാണ്. ‘മുസ്‌ലിംലീഗ് കൗണ്‍സില്‍ ചേരാന്‍ രാജാജി ഹാള്‍ അനുവദിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തില്‍ പാര്‍ട്ടി പിരിച്ച് വിട്ടതായി ഒരു നല്ല തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആ വിശ്വാസത്തിന്റെ പുറത്താണ് ഹാള്‍ അനുവദിച്ചിരിക്കുന്നതും’. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപീകരണത്തിന്റെ പ്രഥമ കൗണ്‍സില്‍ ചേരാന്‍ രാജാജി ഹാള്‍ അനുവദിച്ചപ്പോള്‍ മദിരാശി സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന പി. സുബ്ബരായന്‍ നടത്തിയ പ്രസ്താവനയാണ് മുകളിലുദ്ധരിച്ചത്.
1947 ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച’മുസ്‌ലിംലീഗ് പിരിച്ചുവിടല്‍ ദിന’മായി ഡല്‍ഹിയില്‍ ആഘോഷിക്കുകയുണ്ടായി. ‘അസോസിയേറ്റഡ് പ്രസ്’ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ:

‘ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 20 വെള്ളിയാഴ്ച,1947. മുസ്‌ലിംലീഗ് പിരിച്ചുവിടല്‍ ദിനമായി കൊണ്ടാടാന്‍ ന്യൂഡല്‍ഹി മുസ്‌ലിംങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം ജുമാ മസ്ജിദില്‍ ഒരു പൊതുയോഗവും ചേരുന്നതാണ്’.മുസ്‌ലിംലീഗിന്റെ പേര് മാറ്റി ചിലയിടങ്ങളില്‍ പുതിയ പാര്‍ട്ടികള്‍ പോലും പിറവി കൊണ്ടിരുന്നു. അതിലൊന്നാണ് ബോംബെയിലെ ഫോര്‍ത്ത് പാര്‍ട്ടി. ഈ വാര്‍ത്തകള്‍ക്ക് ദേശീയ പത്രങ്ങള്‍ വലിയ പ്രാധാന്യവും കൊടുത്തിരുന്നു. മുസ്‌ലിംലീഗിന്റെ സുപ്രധാനമായ ഒരു കണ്‍വെന്‍ഷന്‍ 1947 നവംബര്‍ 9,10 തിയതികളില്‍ അന്നത്തെ മുസ്‌ലിംലീഗിന്റെ പ്രമുഖ നേതാവും ബംഗാളിലെ മുന്‍ പ്രധാന മന്ത്രിയുമായ എസ്.എച്ച് സുഹ്‌റവര്‍ദിയുടെ വീട്ടില്‍ നടക്കുകയാണ്. ‘മുസ്‌ലിംലീഗിന് സ്വതന്ത്ര ഇന്ത്യയില്‍ പ്രസക്തിയില്ല. അതിനാല്‍ മുസ്‌ലിംലീഗ് പിരിച്ചുവിട്ട് മറ്റൊരു പാര്‍ട്ടിയുണ്ടാക്കണം ‘സുഹ്‌റവര്‍ദിയുടെ വാദവും ആവശ്യവും ഇതായിരുന്നു.
ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ.എം സീതിസാഹിബുമാണ് മലബാറുള്‍ക്കൊള്ളുന്ന മദിരാശി സംസ്ഥാന മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചു അതില്‍ പങ്കെടുത്തത്. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരമാരംഭിച്ചു. അദ്ദേഹത്തിന്റെ ചടുലമായ വാക്കുകള്‍ സുഹ്‌റവര്‍ദിയുടെ നീക്കത്തിന്റെ മുനയൊടിച്ചു. മുസ്‌ലിംലീഗിനെ പിരിച്ചുവിടാന്‍ വന്ന പലരുടേയും മനസ്സ് ഖാഇദേമില്ലത്ത് പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ മാറിയിരുന്നു. അവര്‍ക്ക് മുസ്‌ലിംലീഗ് വേണ്ടെന്ന് വെക്കുകയെന്ന ആശയം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ‘തെക്ക് നിന്ന് വന്ന രണ്ട് ദ്രാവിഡന്മാര്‍ എന്റെ കണ്‍വെന്‍ഷന്‍ പൊളിച്ചു കളഞ്ഞു’വെന്ന് ഇതേപ്പറ്റി സുഹ്‌റവര്‍ദി പിന്നീട് പറഞ്ഞു.

1947 ഡിസംബര്‍ 14 ന് കറാച്ചിയില്‍ നടന്ന സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ അവസാന കൗണ്‍സില്‍ യോഗം പാക്കിസ്താന്‍ മുസ്‌ലിംലീഗെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗെന്നും രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കണ്‍വീനറായി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് നിയോഗിക്കപ്പെട്ടു. അതൊരു ചരിത്ര സംഭവമായിരുന്നു.സുഹ്‌റവര്‍ദി വിശേഷിപ്പിച്ചത് പോലെ മദിരാശിയില്‍ നിന്ന് വന്ന ആ ദ്രാവിഡന്‍ പുതിയ ദൗത്യവുമായാണ് മടങ്ങിയത്. നിഷ്‌കാമ കര്‍മിയായ നായകന്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയില്‍ നിന്ന് മദിരാശിയിലേക്ക് മാറ്റി. മുസ്‌ലിംലീഗ് പുനരുജ്ജീവിപ്പിക്കുകയെന്നത് പ്രയാസമേറിയ സംഗതിയായിരുന്നു. പ്രതിബന്ധങ്ങള്‍ നിറഞ്ഞ പാത കല്ലും മുള്ളും കൊണ്ട് ദുര്‍ഘടമായിരുന്നു. വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ നാല് ഭാഗത്ത് നിന്നും ഉയര്‍ന്ന്‌കൊണ്ടിരുന്നു. ഇതിനിടയിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ പ്രഥമ കൗണ്‍സില്‍ മദിരാശിയിലെ രാജാജി ഹാളില്‍ ചേര്‍ന്നത്.
മലയാളിയായ പി.കെ മൊയ്തീന്‍ കുട്ടി സാഹിബ് ഇന്ത്യയില്‍ മുസ്‌ലിംലീഗ് നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത സമര്‍ത്ഥിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിന്മേല്‍ നീണ്ട പത്ത് മണിക്കൂറുകള്‍ ചര്‍ച്ച നടന്നു. പ്രമേയം വോട്ടിനിട്ടു പാസാക്കി. ഇന്ത്യയുടെ രാഷ്ട്രീയാകാശത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അരുണോദയമുണ്ടായി. പ്രഥമ പ്രസിഡന്റായി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും ജനറല്‍ സെക്രട്ടറിയായി മെഹബൂബ് അലി ബേഗും ഖജാഞ്ചിയായി ഹസനലി പി. ഇബ്രാഹിമും തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് സാക്ഷ്യം വഹിച്ച,ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ പിറവിക്ക് വേദിയായ അതേ രാജാജി ഹാള്‍ തന്നെയാണ് പ്ലാറ്റിനം ജൂബിലിയുടെ പ്രതിജ്ഞക്കും വേദിയാകുന്നത്.

 

 

webdesk14: