X
    Categories: MoreViews

ജാര്‍ഖണ്ഡ്: മുസ്ലിം ലീഗ് ഇടപെടല്‍ ഫലം കാണുന്നു ഗതികെട്ട് മുഖ്യമന്ത്രിയും പുതപ്പ് വിതരണത്തിനിറങ്ങി

 

ജാര്‍ഖണ്ഡ്/ പാക്കൂര്‍: കൊടിയ തണുപ്പ് പ്രതിരോധിക്കാന്‍ മുസ്ലിം ലീഗ് പ്രതിനിധി സംഘം നടത്തിയ പുതപ്പ് വിതരണത്തില്‍ പ്രതിരോധത്തിലായി ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രതിനിധികള്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി യുടെ നേതൃത്വത്തില്‍ ഒരാഴ്ച മുമ്പാണ് ഉത്തരേന്ത്യന്‍ പര്യടനം നടത്തിയത്. . കൊടിയ ദാരിദ്രവും തണുപ്പും നേരിടുമ്പോഴും തെരെഞ്ഞെടുത്തയച്ച ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കാത്ത ഗ്രാമങ്ങളിലേക്ക് സഹായങ്ങളുമായെത്തിയ മുസ്ലിം ലീഗ് പ്രതിനിധികള്‍ക്ക് വന്‍സ്വീകരണമായിരുന്നു ലഭിച്ചത്.നിസ്സഹാരായിരിക്കുന്ന ഗ്രാമീണര്‍ക്ക് മുസ്ലിം ലീഗ് നടത്തിയ കമ്പിളി പുതപ്പുകളുടെ വിതരണം വലിയ ആശ്വാസമായി.

സര്‍ക്കാറും പോലീസും ഉന്നയിച്ച തടസ്സങ്ങളെ മറികടന്നായിരുന്നു ലീഗിന്റെ പുതപ്പ് വിതരണം. ഇതോടെ ഗ്രാമീണര്‍ക്കിടയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലുള്ള മതിപ്പും പ്രതീക്ഷയും പതിന്‍ മടങ്ങ് വര്‍ദ്ധിക്കുകയായിരുന്നു.
അതേസമയം മുസ്ലിം ലീഗിന്റെ ഇടപെടലും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും സംസ്ഥാന സര്‍ക്കാറിലും മറ്റു രാഷ്ട്രീയ കക്ഷികളിലും ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി രഖൂര്‍ ദാസ് നേരിട്ടും ബി.ജെ.പിയും കോണ്‍ഗ്രസ്സുമുടക്കമുള്ള മറ്റു കക്ഷികളും കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നത് ഉര്‍ദു മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിട്ടുണ്ട്. എം എല്‍ എ മാരും എം പി മാരും അടക്കമുള്ള ജനപ്രതിനിധികളും സഹായ വിതരണം നടത്താന്‍ മുന്നോട്ടു വരുന്നുണ്ട്.
ഇതിനിടയില്‍ പാക്കൂറിലെ പോലീസിന്റെ ആവശ്യപ്രകാരം മുസ്ലിം ലീഗ് നല്‍കുന്ന കൂടുതല്‍ പുതപ്പുകളുടെ വിതരണം നാളെ നടക്കാനിരിക്കുകയാണ്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് പൊതുയോഗം തടഞ്ഞ അതേ പോലീസുകാര്‍ പാര്‍ട്ടി പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കിയതോടെ കൂടുതല്‍ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ജാര്‍ഖണ്ഡ് ബീഹാര്‍ ബംഗാള്‍ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പിന്നോക്ക മേഖലകളില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ജനങ്ങളെയായിരുന്നു ലീഗ് നേതാക്കള്‍ ഉത്തരേന്ത്യന്‍ പര്യടനത്തിനിടയില്‍ സന്ദര്‍ശിച്ചത്‌

chandrika: