നൗഷാദ് മണ്ണിശ്ശേരി
പട്ടിക്കാട് ജാമിഅ: നൂരിയ, അഭിമാനസ്ഥാപനങ്ങളില്‍ ഒന്ന്. ആളും അര്‍ത്ഥവും സ്ഥാപനങ്ങളും എത്ര വര്‍ധിച്ചിട്ടുണ്ടെങ്കിലും ജാമിഅ അതിന്റെ തനിമയും മഹിമയും നിലനിര്‍ത്തി തലഉയര്‍ത്തി നില്‍ക്കുകയാണ്. ജാമിഅയുടെ വാര്‍ഷിക സമ്മേളനത്തിന്റെ സമാപന ദിവസം പട്ടര്‍കടവ് മഹല്ലില്‍ നിന്ന് അസര്‍ നമസ്‌കാരത്തിന് ശേഷമാണ് വാഹനം പുറപ്പെടുന്നത്. നേതാക്കളെ കൊണ്ട് സമ്പന്നമായ വേദി ദൂരെ നിന്ന് വീക്ഷിച്ചു. അന്നാണ് ആദ്യമായി അഹമ്മദ് സാഹിബിനെ കാണുന്നത്. അദ്ദേഹത്തിന്റെ പ്രൗഢോജ്വലപ്രസംഗം ഇന്നും കാതുകളില്‍ മുഴങ്ങുന്നു. ഏറ്റവും തൊട്ടടുത്ത് നിന്ന് വീക്ഷിക്കാന്‍ കഴിഞ്ഞത് 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥിയായി നാട്ടില്‍ വന്നപ്പോഴാണ്. അന്ന് എം.എസ്.എഫിന് വേണ്ടി ഹാരാര്‍പ്പണം നടത്താന്‍ അവസരം ലഭിച്ചു.
2004 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്. സ്വതന്ത്ര ഇന്ത്യയില്‍ ഒരു മുസ്‌ലിംലീഗുകാരന് കേന്ദ്രമന്ത്രിയാവാന്‍ ലഭിച്ച അസുലഭ മുഹൂര്‍ത്തം. ആ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് അഹമ്മദ് സാഹിബ് ഒഴികെ മറ്റെല്ലാ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. അഹമ്മദ് സാഹിബ് ജയിച്ചത് ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനും. മന്ത്രിസ്ഥാനത്ത് അഹമ്മദ് സാഹിബ് അഭിമാനകരമായി മുന്നേറുന്ന ഘട്ടത്തിലാണ് ഇന്ത്യ അമേരിക്കയുമായി ആണവകരാറില്‍ ഒപ്പുവെച്ചത്. ഒന്നാം യു.പി.എ സര്‍ക്കാറിന്റെ അവസാന വര്‍ഷത്തിലാണ് ഈ സംഭവം. അടുത്ത തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി. യു.പി.എയെ പിന്തുണക്കുന്ന ഇടതുപക്ഷത്തിന് തങ്ങള്‍ക്ക് സ്വാധീനമുള്ള കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ നേരിടാനുള്ളത് കോണ്‍ഗ്രസിനെയും. ഇത് മുന്നില്‍കണ്ട് ആണവകരാറിനെ പിടിവള്ളിയാക്കി സി. പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചു. യു.പി.എക്കെതിരെയും ആണവ കരാറിനെതിരെയും പ്രചണ്ഡമായപ്രചാരണം അഴിച്ചുവിട്ടു. അതില്‍ സ്വാധീനിക്കപ്പെട്ട പലരും പറഞ്ഞു അഹമ്മദ് സാഹിബ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണമെന്ന്. സി. പി.എം പ്രതിനിധിയായ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പോലും സി. പി.എം തീരുമാനം അംഗീകരിച്ചില്ല. എന്നിട്ടും രാഷ്ട്രീയമായ സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ മുസ്‌ലിംലീഗും മുസ്‌ലിം യൂത്ത്‌ലീഗും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അതിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഇന്ത്യയിലെ ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജിയും ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനിലെ അംഗവും ആദ്യ മുസ്‌ലിം വനിത ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമബീവിയുടെ ‘നീതിയുടെ ധീര സഞ്ചാരം’ എന്ന ആത്മകഥയില്‍ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരണ സാഹചര്യം എന്ന അധ്യായത്തില്‍ അഹമ്മദ് സാഹിബിന്റെ മഹത്തായ സേവനങ്ങളെ കുറിച്ച് വളരെ വ്യക്തമായി പറയുന്നുണ്ട്. 1989 ലെ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകളായ റൂബിയ സഈദിനെ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന ഭീകരസംഘടന തട്ടിക്കൊണ്ടുപോയതിനെതുടര്‍ന്ന് കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളായി. പട്ടാള നടപടികള്‍ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാകിസ്താന്‍ എപ്പോഴും ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി 1992 ല്‍ കശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനെ അയക്കാന്‍ തീരുമാനിക്കുകയും ഇന്ത്യ അനുമതി നിഷേധിക്കുകയും ചെയ്തു. ഇത് യൂറോപ്യന്‍ യൂണിയന്റെയും മറ്റു വിദേശ രാജ്യങ്ങളുടെയും വലിയ വിമര്‍ശനത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് 1993ല്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനിലേക്ക് ഇന്ത്യന്‍ സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രി നരസിംഹറാവു തീരുമാനിക്കുന്നത്. എ.ബി വാജ്‌പേയ്, ഇ അഹമ്മദ് എന്നിവരായിരുന്നു സംഘത്തെ നയിച്ചിരുന്നത്. ജനീവയിലെ മനുഷ്യാവകാശ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തിരിച്ചുവന്നതോടുകൂടിയാണ് ഇന്ത്യയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമായത്. അത്തരമൊരു നീക്കം അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യക്കെതിരെയുള്ള വിമര്‍ശനങ്ങളെ ഒരു പരിധിയോളം പ്രതിരോധിക്കാന്‍ സഹായിക്കും എന്ന് അംഗങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ജസ്റ്റിന് ഫാത്തിമാബീവി എഴുതുന്നു. ഇന്ത്യയില്‍ ആദ്യമായി മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാന്‍ കാരണമായത് അന്ന് എം.പി ആയിരുന്ന ഇ അഹമ്മദ് സാഹിബ് ജനീവയിലെ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് തിരിച്ചുവന്ന ശേഷം നല്‍കിയ റിപ്പോര്‍ട്ടും തുടര്‍ന്ന് നടത്തിയ ഇടപെടലുമാണ്. ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും നിയമമന്ത്രിയായ വിജയഭാസ്‌കര്‍ റെഡ്ഡിയെ കണ്ട് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനും സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും റിട്ടയേര്‍ഡ് ജഡ്ജിമാരും മനുഷ്യാവകാശ പ്രവര്‍ത്തകരും അംഗങ്ങളായും കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്തുലമാണ്. ജസ്റ്റിസ് ഫാത്തിമാബീവിയെ ഇന്ത്യയിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനിലെ അംഗമാക്കുന്നതില്‍ അഹമ്മദ് സാഹിബ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളത്തിലെ കേരള സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു അന്ന് ഫാത്തിമാബീവി.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയായ ടി.പി ശ്രീനിവാസന്‍ ഒരിക്കല്‍ പറയുകയുണ്ടായി. പാകിസ്താന്‍ അറബ് രാജ്യങ്ങളെയും ഇറാനെയും ചൈനയെയും മറ്റും സ്വാധീനിച്ച് ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്ന് പറഞ്ഞ് ഒരു പ്രമേയം ജനീവയില്‍ അവതരിപ്പിച്ചുവത്രെ. ആ പ്രമേയത്തെ അനുകൂലിക്കാന്‍ അറബ് രാജ്യങ്ങള്‍ അടക്കം തയ്യാറായി നില്‍ക്കുന്ന ഘട്ടത്തിലാണ് ഇ. അഹമ്മദ് സാഹിബിന്റെ നയതന്ത്ര ഇടപെടല്‍ ഉണ്ടാകുന്നത്. അതിലൂടെയാണ് ഇറാന്റെയും അറബ് രാജ്യങ്ങളുടെയും പാകിസ്താന്‍ അനുകൂല നിലപാട് മാറ്റിയെടുത്തതും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്ക് എക്കാലത്തും നാണക്കേട് ഉണ്ടാകുമായിരുന്ന ആ പ്രമേയം പരാജപ്പെടുത്തിയതും.
ന്യൂനപക്ഷ കമ്മീഷന് സ്റ്റാറ്റിയൂട്ടറി പദവി ലഭിച്ചതിന്റെയും ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങളുടെ മാഗ്‌നാകാര്‍ട്ട എന്നറിയപ്പെടുന്ന സര്‍ക്കാര്‍ സമിതിയെ നിയമിച്ചതിന്റെയും ഉറുദുവിന് ഔദ്യോഗിക ഭാഷയുടെ അംഗീകാരം ലഭ്യമാക്കിയതിന്റെയും ചാലകശക്തി അഹമ്മദ് സാഹിബായിരുന്നു.
നവഭാരത സൃഷ്ടിപ്പില്‍ ഇതുപോലെ ആരുമറിയാത്ത ഒട്ടനവധി കാര്യങ്ങള്‍ സമര്‍പ്പിക്കുകയും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ അന്തര്‍ ദേശീയ ഖ്യാതിക്ക് കാരണമായ അഭിമാനകരമായ സംഭാവനകള്‍ സമ്മാനിക്കുകയും ചെയ്ത ഇ. അഹമ്മദ് സാഹിബിനെ പോലെ ഇത്രയേറെ ഉന്നതങ്ങളില്‍ വിരാജിക്കാന്‍ അവസരം ലഭിച്ച ഒരു മുസ്‌ലിംലീഗുകാരന്‍ ഒരുപക്ഷേ വേറെയുണ്ടാവില്ല. മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് എന്നും അഭിമാനമായിരുന്നു അഹമ്മദ് സാഹിബ്. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കും എപ്പോഴും കയറിചെല്ലാവുന്ന ഇടമായിരുന്നു. ഏതു കാര്യങ്ങള്‍ക്കും എപ്പോഴും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും കര്‍ക്കശക്കാരനായിരുന്നു. ഉദ്യോഗസ്ഥന്‍മാരുടെ പിടിപ്പുകേടില്‍ പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാനിട വരുന്നത് അദ്ദേഹത്തിന് പൊറുക്കാന്‍ കഴിയുന്നതായിരുന്നില്ല.