X

ഉന്നാവിലെ വിവാദങ്ങളുടെ ‘സ്വര്‍ണഖനി’യില്‍ പ്രതീക്ഷകളോടെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി

ഉന്നാവിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി മുഹമ്മദ് അഹമദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍

പി.സി ജലീല്‍

ന്യൂഡല്‍ഹി: നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന ഉന്നാവ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വിവാദങ്ങളുടെ സ്വര്‍ണഖനിയാണ്. തീവ്രമുസ്്‌ലിംവിരുദ്ധതയുടെ പേരില്‍ കുപ്രസിദ്ധനായ സാക്ഷി മഹാരാജിനെ ലോക്‌സഭയിലെത്തിച്ച ഉന്നാവില്‍ തെരഞ്ഞെടുപ്പില്‍ സ്വപ്‌നം വഴി വിരുന്നെത്തിയ സ്വര്‍ണ ഖനനവും രാഷ്ട്രീയത്തിന് വര്‍ദ്ധിച്ച ചൂടു പകര്‍ന്നിരിക്കുന്നു. ഇതിനിടയിലാണ് കോണി ചിഹ്നവുമായി മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി മുഹമ്മദ് അഹമദ് ജനസഭകളില്‍ നിന്നു ജനസഭകളിലേക്ക് പ്രചാരണവുമായി മുന്നേറുന്നത്.

കാന്‍പൂരിനും ലഖ്‌നൗവിനുമിടയില്‍ ലെഥറിന്റെയും കെമിക്കല്‍സിന്റെയും പേരില്‍ വലിയ വ്യാവസായികകേന്ദ്രമായി മാറിയ ഉന്നാവ് അടുത്തകാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചത്് ഈ പ്രദേശം ഭാരതത്തിന് സംഭാവന ചെയ്ത മഹാരാജന്റെ പേരിലായിരുന്നു. അതിനിടെ സ്വര്‍ണഖനനവും ബിജെപിയുടെ വോട്ടുപെട്ടി രാഷ്ട്രീയത്തിന് ആക്കം കൂട്ടി കടന്നെത്തി.
സൂര്യഭാന്‍ തിവാരി എന്ന ശോഭന്‍ സര്‍ക്കാര്‍ നാമത്തില്‍ പ്രശസ്തനായ ആള്‍ദൈവമാണ് ഉന്നാവിലെ റാവു റാം ബക്ഷ് സിങിന്റെ കൊട്ടാരത്തിനു താഴെ ആയിരക്കണക്കിന് ടണ്‍ സ്വര്‍ണം സൂക്ഷിപ്പുണ്ടെന്ന് സ്വപ്‌നം ദര്‍ശിച്ചത്.

തന്റെ ഗുരുക്കന്മാരുടെ രക്തമാണ് സ്വര്‍ണമായി മാറിയതെന്നും അവരെ കൊതുകു കടിച്ചപ്പോഴാണ് രക്തത്തുള്ളികള്‍ പതിച്ചതെന്നുമായിരുന്നു വിശദീകരണം. സ്വര്‍ണ ഖനി കാക്കുന്ന ഭക്ഷ് സിങിനെ ഒരു കുതിരപ്പുറത്ത് സ്വാമി ദര്‍ശിക്കുകയും അദ്ദേഹം തന്നെ ജനിമൃതി ചക്രങ്ങളില്‍ നിന്ന് രക്ഷിക്കാനും സ്വര്‍ണം ഏറ്റെടുത്ത് ഇന്ത്യയുടെ സാമ്പത്തികശക്തി വര്‍ദ്ധിപ്പിക്കണമെന്നും സ്വപ്‌നത്തില്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആദ്യ നിരീക്ഷണത്തില്‍ തന്നെ ഇതു നിഷേധിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനിടെയാണ്് പ്രദേശത്തെ സേതു രാമേശ്വര്‍ ക്ഷേത്രത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്വര്‍ണത്തിനായി ഖനനം തുടങ്ങിയത്.

ഇതോടെ ധോണ്ടിയ ഖേറ എന്ന ഈ പ്രദേശത്തിന്റെ വാര്‍ത്താപ്രാധാന്യവും വര്‍ദ്ധിച്ചു. എന്നാല്‍ സ്വാമിയുടെ സ്വപ്‌നത്തിന്റെ പേരിലല്ല തങ്ങളുടെ വരവെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ പറയുന്നത്്. എന്നാല്‍ അതൊന്നും വിശ്വസിക്കാന്‍ മാത്രം ബുദ്ധിശൂന്യരല്ല ആള്‍ദൈവത്തിന്റെ സ്വപ്‌നത്തില്‍ പ്രതീക്ഷ പുലര്‍ത്തുന്നവര്‍. ഏതായാലും കേന്ദ്രം വക ഇവിടെ എട്ടു കോടി രൂപ വന്നെത്തി. സ്വര്‍ണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വികസനമെങ്കിലും നടക്കുന്നു.

2012ലെ തെരഞ്ഞെടുപ്പില്‍ ഉന്നാവ് മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി ബിജെപിയെ പതിനായരത്തിലധികം വോട്ടുകള്‍ക്ക് തറപറ്റിച്ചു. എസ്പിയുടെ ദീപക് കുമാര്‍ പങ്കജ് ഗുപ്തയെയാണ് പരാജയപ്പെടുത്തിയത്്. എന്നാല്‍ 2014ല്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി വന്‍ മാര്‍ജിന് സീറ്റ് പിടിച്ചെടുത്തു. പങ്കജ് ഗുപ്്ത മനീഷ് പാണ്ഡെയെ വന്‍ മാര്‍ജിന് പരാജയപ്പെടുത്തി എംഎല്‍എയായി. അധികാരകേന്ദ്രങ്ങള്‍ മാറിമാറി വരുന്നത് ഉന്നാവിന്റെ രാഷ്ട്രീയ സ്വഭാവമാണ്.

ബിഎസ്പിയുടെ പങ്കജ് ത്രിപാഠിയും ബിജെപിയുടെ പങ്കജ്് ഗുപ്തയും എസ്പിയുടെ മനീഷാ ദീപകും ഐഎന്‍ഡിയുടെ പത്മദേവിയുമാണ് മണ്ഡലത്തില്‍ മുഖ്യധാരാ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍. ഗ്രാമങ്ങളിലെ വൈദ്യുതീകരണമാണ് മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ വിഷയം. പലേടത്തും വികസനം ഇനിയും കടന്നെത്തിയിട്ടില്ല. എന്നാലും മൊത്തത്തില്‍ തരംഗം എസ്പിക്കനുകൂലമാണെന്നാണ് വിലയിരുത്തലുകള്‍. അഖിലേഷ് യാദവ് മുഖ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന വിശ്വാസം ജനങ്ങള്‍ക്കിടയിലുണ്ട്. യാദവേതര വോട്ടുബാങ്കുകളിലാണ് ബിജെപിയുടെ കണ്ണ്.

മണ്ഡലത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുഹമ്മദ് ആഹ്്മദ് ഉന്നാവ് ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ടാണ്്. മികച്ച വ്യാപാരിയായ അദ്ദേഹം സാമൂഹ്യപ്രവര്‍ത്തകനെന്ന നിലക്ക് ജില്ലക്കകത്തും പുറത്തും പ്രശസ്തനാണ്്.
വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ട്്. അമ്പതിലധികം പള്ളികളുടെയും ഖബര്‍സ്ഥാനുകളുടെയും മുതവല്ലിയെന്ന നിലയില്‍ പ്രദേശത്തെ നിര്‍ണായകസ്ഥാനം അലങ്കരിക്കുന്നു. ദഅ്‌വതുല്‍ ഹഖ് എന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റി ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് പ്രദേശത്തെ നിസ്തുലമായ കൂട്ടായ്മയാണ്്.

വന്‍തോതില്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള സംരംഭങ്ങള്‍ ഇവിടെ നടക്കുന്നു. ഗംഗാ നദിക്കു കുറുകെ അനിവാര്യമായ പാലം നിര്‍മ്മിക്കുന്നതിന് ഇദ്ദേഹം മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചത് വിജയം വരിച്ചതോടെ ജനം മുഹമ്മദ് അഹമദിന്റെ വികസന കാഴ്ചപ്പാടുകളെയും പ്രശംസിക്കുന്നു. ഭൂമാഫിയയാണ് സ്ഥാനാര്‍ഥിയെ ശക്തമായി എതിര്‍ക്കുന്നത്. നിരവധി വഖഫ് സ്വത്തുക്കളുടെ കാര്യദര്‍ശിയായ ഇദ്ദേഹം ഭൂമാഫിയക്ക് അനഭിമതനായതില്‍ ആശ്ചര്യപ്പെടാനില്ല.
ജന്‍സഭകളുമായാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുടെ മുന്നേറ്റം. ഗ്രാമമേഖലകളില്‍ നല്ല ആള്‍ക്കൂട്ടമാണ് അദ്ദേഹത്തിന്റെ പരിപാടികളില്‍ കാണാനാവുന്നത്.

പാര്‍ട്ടിയുടെ ശക്തമായ വളര്‍ച്ച മേഖലകളില്‍ ദൃശ്യമാവുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. പ്രചാരണത്തിനായുള്ള റോഡ് ഷോകള്‍ നിരന്തരമായി അധികൃതര്‍ ഇടപെട്ട് തടസ്സപ്പെടുത്തുന്നതാണ് സ്ഥാനാര്‍ഥി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാര്‍ട്ടിയുടെ മുന്നേറ്റം കണ്ടു വിളറിപൂണ്ടവരാണ് നിരന്തരം റോഡ് ഷോ തടസ്സപ്പെടുത്തുന്നതെന്ന് ഉത്തര്‍പ്രദേശ് മുസ്്‌ലിംലീഗ് സെക്രട്ടറി ഡോ. എം മതീന്‍ ഖാന്‍ പറയുന്നു.

chandrika: