ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിക്കുകയാണ്. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലത്ത് പാര്‍ട്ടിയെ നയിക്കുമ്പോള്‍ എന്തു തോന്നുന്നു, പുതിയ കാലത്തെ വെല്ലുവിളികള്‍ എന്തൊക്കെയാണ്?
അഭിമാനകരമായ അസ്ഥിത്വവും ഉത്തരവാദിത്വ രാഷ്ട്രീയവുമാണ് മുസ്ലിം ലീഗ് ഉയര്‍ത്തുന്ന മുഖ്യ രാഷ്ട്രീയ പ്രമേയങ്ങള്‍. ഓരോ മുസ്ലിം ലീഗുകാരന്റെയും പ്രവര്‍ത്തനങ്ങള്‍ ഈ മുദ്രാവാക്യങ്ങളുടെ സാക്ഷാത്കാരമാണ്. ഇന്ത്യയുടെ രാഷ്രീയ ഭൂമികയില്‍ മുസ്ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നത ഭരണഘടനയെയാണ്. മുസ്ലിം ലീഗിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഭരണഘടന എല്ലാവിധ സംരക്ഷണവും ഉറപ്പു നല്‍കുന്നു. എന്നാല്‍ ഭരണഘടനയെയും മൗലികാവകാശങ്ങളെയും ലംഘിച്ചും ധ്വംസിച്ചും രൂപപ്പെടുന്ന സാഹചര്യങ്ങളൊക്കെയും പാര്‍ട്ടിക്ക് വെല്ലുവിളികള്‍ തന്നെയാണ്. അത് സമീപ കാലത്ത് വര്‍ദ്ധിച്ചുവെന്നു മാത്രം.
പ്ലാറ്റിനം ജൂബിലി വേളയില്‍ , പാര്‍ട്ടിയെ ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനുള്ള എന്തെങ്കിലും ശാക്തീകരണ പദ്ധതികളുണ്ടോ?
മുസ്ലിം ലീഗിന്റെ ഏറ്റവും ശക്തി കേന്ദ്രം കേരളമാണ്. തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും സെക്യുലര്‍ പ്രോഗ്രസ്സീവ് അലയന്‍സിലെ സഖ്യകക്ഷിയായി പ്രവര്‍ത്തിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ട്. വരും തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പിലും സാധ്യതകള്‍ പരിശോധിച്ച ശേഷം മത്സര രംഗത്തേക്കിറങ്ങാന്‍ ആലോചിക്കുന്നുണ്ട്. പ്ലാറ്റിനം ജൂബിലി ആഘോഷവും തുടര്‍ന്നുള്ള പരിപാടിളും ദേശീയ വ്യാപന യത്‌നത്തിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫാസിസ്റ്റ് ഭരണത്തിനു കീഴില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണ് ഇതിനെതിരെയുള്ള പ്രതിരോധ മുറകള്‍?
രാജ്യത്തെ മുസ്ലിം ദലിത് ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ വലിയ പീഡനങ്ങളും അക്രമങ്ങളും നേരിട്ടുക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാത്ത ബി.ജെ.പിയാണ് രാജ്യം ഭരിക്കുന്നത്. അവര്‍ ഇവിടുത്തെ ഇരുപത്തിയഞ്ച് കോടിയിലധികം വരുന്ന മുസ്ലിം വിഭാഗത്തെ ഒരു ജനതയായി പോലും അംഗീകരിക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ട് അവര്‍ക്ക് ലോക്‌സഭയില്‍ഒരു മുസ്ലിം അംഗം പോലും ഇല്ലെന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. ഇരുപത്തിയഞ്ച് കോടിയിലധികം വരുന്ന ജനങ്ങളെ പ്രതിനിധീകരിക്കാന്‍ അവര്‍ക്ക് ഒരു സംവിധാനവുമില്ലെന്നത് തന്നെയാണ് അവര്‍ ചെയ്ത് ആദ്യ അനീതി.
അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പോലുള്ള മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുമായി ലീഗ് സഖ്യത്തിന് ശ്രമിക്കുമോ ?
നോക്കൂ, മുസ്ലീം ലീഗിന് ദേശീയ തലത്തില്‍ ആരുമായും സംഖ്യമില്ല. കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എയുമായുള്ളത് പാര്‍ലമെന്റില്‍ സഹകരിക്കാമെന്ന ധാരണയാണ്. ഫാസിസത്തിനെതിരെ, സമാന മനസ്‌കര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലാണ്. അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി കോണ്‍ഗ്രസ്സുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ലമെന്റില്‍ തയ്യാറാകുന്നില്ല. ആ ഘട്ടത്തില്‍ അവരുമായി സഹകരിക്കുകയോ അതിനെ കുറിച്ച് ആലോചിക്കുകയോ ചെയ്യേണ്ട സാഹചര്യമില്ല.
കേരളത്തിലെ അംഗത്വ വിതരണത്തില്‍ പകുതിയും വനിതകളായിരുന്നു, പാര്‍ട്ടി വനിതകളെ എങ്ങനെയാണ് പരിഗണിക്കുന്നത്?
മുസ്ലിം ലീഗ് കാലത്തിന്റെതായ ആവശ്യങ്ങളെ മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് മുന്നോട്ട് പോവുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഇപ്പോള്‍, കേരളത്തിലും തമിഴ്‌നാട്ടിലുമ്ലലാം നല്ലൊരു ശതമാനവും വനിതകളാണ്. അവര്‍ ഭരണ കൈകാര്യങ്ങള്‍ കൂടുതല്‍ പരിചയിച്ചു വരുന്നു. വനിതകള്‍ക്കുവേണ്ടിയുള്ള നമ്മുടെ വിങുകളും ശക്തമാണല്ലോ.
വിദ്യഭ്യാസ രംഗത്ത് വലിയ പരിജ്ഞാനവും സമൂഹത്തെ കുറിച്ച് വലിയ കാഴ്ചപ്പാടുകളും പുലര്‍ത്തുന്ന ഒരു തലമുറ വളര്‍ന്നു വരുന്നു. കേന്ദ്ര സര്‍വ്വകലാശാലകളിലടക്കം എം.എസ്.എഫുകള്‍ സജീവമാണ്. ഇവരെ കൂടുതലായി ഉള്‍ക്കൊള്ളാനും ആകര്‍ഷിക്കാനുമുള്ള പദ്ധതികളുണ്ടോ.പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും വിദ്യാര്‍ത്ഥി യുവജന സമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. ഈ സംഗമങ്ങളിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ പ്രതീക്ഷകളും കേള്‍ക്കാന്‍ ശ്രമിക്കും. പുതുതലമുറയുടെ പ്രതീക്ഷകള്‍ക്കൊത്ത് തന്നെ തീര്‍ച്ചയായും ഈ പാര്‍ട്ടി വളരും വ്യാപിക്കും
പൗരത്വനിയമ ഭേദഗതി ബില്‍ ഇതുവരെ പാസാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതിരോധം ശക്തമാണെന്നു തോന്നുന്നുണ്ടോ?
പൗരത്വഭേദഗതി ബില്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്തുള്ള ഭേദഗതി ശ്രമമായിരുന്നു. ഇതു ഭരണഘടനക്ക് എതിരാണെന്ന് ബോധ്യപ്പെട്ടയുടന്‍ മുസ്ലിം ലീഗ്് അതിനെതിരെ കോടതിയെ സമീപിച്ചു. അതില്‍ മറ്റാരെയും കാത്തിരിക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല. ഭരണഘടനയോടും സമുദായത്തിനോടുമുള്ള ഉത്തരവാദിത്വനിര്‍വ്വഹമാണ് മുസ്ലിം ലീഗ് നടത്തുന്നത്.
75ാം വാര്‍ഷികാഘോഷം നടക്കുമ്പോള്‍ മുന്നോട്ടു വെയ്ക്കുന്ന പരിപാടികള്‍ എന്തൊക്കെയാണ്?
എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാവുമെന്ന് തീര്‍ച്ചയാണ്. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്. ഒരോ മുസ്ലിം ലീഗുകാരുനും ഭരണഘടനയോട് പ്രതിബദ്ധതയുള്ളവനായിരിക്കണം. ഒരു കൈയിലും ഖുര്‍ആനും മറു കൈയില്‍ ഭരണഘടനയുമാണ് നമ്മുടെ രീതി തന്നെ. ഈ സന്ദേശം രാജ്യമാകെ വ്യാപിക്കണം. അതിന് വിവിധ സംസ്ഥാനങ്ങളില്‍ പരിപാടികള്‍ ആലോചിക്കുന്നു. ഡിസംബറില്‍ ‘ഡല്‍ഹി ചലോ’ എന്ന പരിപാടി നടത്തും പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ സമാപനമായിരിക്കും അവിടെ. ഫാസിസത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ തയ്യാറുള്ളവരെയൊക്കെ അവിടെ അണിനിരത്തും. നിങ്ങള്‍ നേരത്തെ പറഞ്ഞ, ഉവൈസിയും അന്ന് അവിടെയുണ്ടോകുമോന്ന് നമുക്ക് നോക്കാം.