X

കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിര്‍ ഇന്നുമുതല്‍ ഉദയ്പൂരില്‍

ഉദയ്പൂര്‍: രാഷ്ട്രീയ, സംഘടനാ തന്ത്രങ്ങളില്‍ വന്‍ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിറിന് ഇന്ന് തുടക്കം. രാജസ്ഥാനിലെ ഉദയ്പൂര്‍ ആണ് മൂന്നു ദിവസം നീളുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്ക് വേദിയാകുന്നത്. പുതിയ കാലത്തിനൊത്ത് പാര്‍ട്ടിയേയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളേയും മാറ്റിയെടുക്കുകയാണ് ചിന്തിന്‍ ശിവിറിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അടിമുടി മാറ്റമാണ് പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തന രീതിയിലും രാഷ്ട്രീയ തന്ത്രങ്ങളിലും കാര്യമായ മാറ്റം ചിന്തന്‍ ശിവിറിലൂടെ ഉണ്ടാകുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

നിലവിലെ സംഘടനാ സംവിധാനത്തില്‍ മാറ്റങ്ങളുണ്ടാകില്ല. അതേസമയം സംഘടനാ തലത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചിന്തന്‍ ശിവിറില്‍ ചര്‍ച്ചയുണ്ടാകും. ഒരു കുടുംബം ഒരു പദവി, ഒരു കുടുംബത്തില്‍ നിന്ന് ഒരു പൊതുപ്രതിനിധി തുടങ്ങിയ വിപ്ലവകരമായ നിര്‍ദേശങ്ങളും ചിന്തന്‍ ശിവിറില്‍ ചര്‍ച്ചക്കു വരുന്നുണ്ട്. ഒപ്പം രാജ്യം നേരിടുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളും ജനകീയ പ്രശ്‌നങ്ങളും ചര്‍ച്ചക്കു വരും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രാഥമിക അംഗീകാരം നല്‍കിയ വിഷയങ്ങളില്‍ വിവിധ ഗ്രൂപ്പുകളായി തിരഞ്ഞുള്ള ചര്‍ച്ചകളാണ് ചിന്തിന്‍ ശിവിറില്‍ നടക്കുക. ഇതിനായി ആറ് സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഓരോ സമിതിയും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഉരുത്തിരിഞ്ഞുവരുന്ന നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ട് രൂപത്തില്‍ പ്രവര്‍ത്തക സമിതിക്ക് കൈമാറും. പ്രവര്‍ത്തക സമിതി ഇതിന്മേല്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളും. മുന്‍കാലങ്ങളിലും ചിന്തിന്‍ ശിവിര്‍ ചേര്‍ന്നിരുന്നെങ്കിലും ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദേശങ്ങളിന്മേല്‍ തുടര്‍ നടപടികള്‍ ഉണ്ടാവാറില്ല. എന്നാല്‍ ഇത്തവണ ചിന്തിന്‍ ശിവിര്‍ ചേരുന്നത് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ മാത്രമല്ല, അത് നടപ്പാക്കാന്‍ വേണ്ടി കൂടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച കോണ്‍ഗ്രസിന്റെ പുനരുജ്ജീവന പാക്കേജിലെ നിര്‍ദേശങ്ങളും ഉദയ്പൂരില്‍ ചര്‍ച്ചക്കു വരും. പാര്‍ട്ടി അധ്യക്ഷ പദവിക്കു പുറമെ ഒരു മുഴുസമയ വര്‍ക്കിങ് പ്രസിഡണ്ടിനെക്കൂടി നിയമിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും.

ചിന്തിന്‍ ശിവര്‍ സമാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പറഞ്ഞു. സ്ത്രീകള്‍, എസ്.സി, എസ്.ടി പ്രാതിനിധ്യം വര്‍ധിക്കും. തിരഞ്ഞെടുപ്പ് ജയിക്കുന്നതിനുള്ള പുതു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും എന്നാല്‍ അത് കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തില്‍ നിന്ന് തെല്ലും വ്യതിചലിക്കാതെയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Chandrika Web: