കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ പരാതി കേള്‍ക്കാന്‍ മന്ത്രിയില്ലാത്ത അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ നിയമസഭയില്‍ വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാനോ പരിഹാരം കാണാനോ മന്ത്രിമാരില്ല. മന്ത്രിമാര്‍ നിരന്തരംമാറുന്ന അവസ്ഥയാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ സമഗ്രമായ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുമെന്നും പെന്‍ഷന്‍ സമയബന്ധിതമായി നല്‍കുമെന്നും കെ.എസ്.ആര്‍.ടി.സി റൂട്ടുകള്‍ സംരക്ഷിക്കുമെന്നുമാണ് വാഗ്ദാനം ചെയ്തത്.
കെ.എസ്.ആര്‍.ടി.സിയില്‍ മെച്ചപ്പെട്ട മാറ്റം കൊണ്ടുവരുമെന്ന് കഴിഞ്ഞവര്‍ഷം ഗവര്‍ണറെക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിലും പറയിച്ചു. പെന്‍ഷന്‍ സംബന്ധിച്ചും വാതോരാതെ പ്രഖ്യാപനങ്ങളാണ്. ഇടതു മന്ത്രിമാര്‍ ഇതൊന്നും മറക്കാതിരിക്കാന്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും നയപ്രഖ്യാപന പ്രസംഗങ്ങളും രാവിലെയും ഉച്ചക്കും രാത്രിയും വായിക്കണം. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. എന്നാല്‍ നയാപൈസ സര്‍ക്കാര്‍ നല്‍കില്ലെന്നും കെ.എസ്.ആര്‍.ടി.സി തന്നെ പെന്‍ഷന്‍ നല്‍കുമെന്നും അതിന് കെ.എസ്.ആര്‍.ടി.സിയെ പര്യാപ്തമാക്കുമെന്നും സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് പെന്‍ഷന്‍വിതരണം ചെയ്യാന്‍ വേണ്ട തുകയുടെ 50 ശതമാനം സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. സെസില്‍ നിന്നുള്ള വരുമാനവും പോയിട്ട് അഞ്ചോ ആറോ ലക്ഷം മാത്രം കെ.എസ്.ആര്‍.ടി.സി വഹിച്ചാല്‍ മതിയായിരുന്നു. കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് 16 ശതമാനം പലിശക്ക് എടുത്തിരുന്ന വായ്പ തിരിച്ചടച്ചു. എസ്.ബി.ഐയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി 12 ശതമാനം പലിശനിരക്കില്‍ വായ്പ എടുക്കുകയായിരുന്നു. ഇപ്പോള്‍ ബസ് വാങ്ങാനായി കിഫ്ബിയില്‍ നിന്ന് വായ്പ അനുവദിക്കുന്നത് 12 ശതമാനം നിരക്കിലാണ്. പുറത്തുള്ള ഏതെങ്കിലും ബാങ്കില്‍ നിന്നായിരുന്നെങ്കില്‍ ഇതിലും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുമായിരുന്നു.
ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തില്‍, ഏറ്റവും അധികം രോഗങ്ങള്‍ ബാധിക്കുന്നത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയാണെന്ന് കണ്ടെത്തിയിരുന്നു. ക്യാന്‍സറും അല്‍ഷിമേഴസും വരെ ഇത്തരത്തില്‍ ബാധിക്കുന്നുണ്ട്. പെന്‍ഷന്‍ ലഭിക്കുന്നവരെന്ന നിലക്ക് മരുന്ന് വാങ്ങുന്നതിന് പോലും ഇവര്‍ക്ക് സഹായം ലഭിക്കുന്നില്ല. കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയുടെ കാര്യത്തില്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് പരിഹാര വഴികള്‍ തേടണം. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.