പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ ദുരനുഭവം; കൂടുതല്‍ വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി
കൊച്ചി: സിനിമ സൈറ്റിലെ ദുരനുഭവമുണ്ടായതുമായി ബന്ധപ്പെട്ട് യുവനടി അര്‍ച്ചന പത്മിനി തന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും ആരോപണ വിധേയനായ വ്യക്തിയെയും അര്‍ച്ചനയെയും തങ്ങള്‍ ഓഫീസില്‍ വിളിച്ചു വരുത്തി സംസാരിച്ചിരുന്നുവെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍.
സംഭവം ക്രിമിനല്‍ കുറ്റമായതിനാല്‍ ഇത് സംഘടന കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും പൊലീസില്‍ പരാതി നല്‍കണമെന്നും താന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അതിനു തയ്യാറായില്ല. സംഘടന തലത്തില്‍ നടിപടിയെടുത്താല്‍ മതിയെന്നാണ് തന്നോട് അവര്‍ പറഞ്ഞത്.
അതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ പുറത്താക്കിയിരുന്നുവെന്നും സംഘടനപരമായ നടപടി മതിയെന്ന രേഖയില്‍ അര്‍ച്ചന ഒപ്പിട്ടിട്ടുണ്ടെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അതേസമയം ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തല്‍ നടത്തിയ നടി അര്‍ച്ചന പത്മിനി കൂടുതല്‍ വിശദാശങ്ങള്‍ പുറത്തുവിട്ടു.
ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ മറുപടി നല്‍കിയതിന് പിന്നാലെയാണ് നടി വീണ്ടും രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അര്‍ച്ചന വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
അര്‍ച്ചനയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍
സുഹൃത്തുക്കളേ ഒരു കാര്യത്തില്‍ വ്യക്തത വരുത്തിക്കോട്ടെ…പ്രഹസനപരമെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കിയ ഒരു സസ്പെന്‍ഷന്‍ പ്രതിക്ക് (കുറ്റം സമ്മതിച്ചതാണ്) കൊടുക്കുന്നതായി ഫെഫ്ക അറിയിച്ചിരുന്നു. ആ ആറു മാസ കാലയളവിന് ശേഷം അയാളെ പുറത്താക്കുന്ന നടപടിയുണ്ടാകും എന്നാണ് എന്നെ വിശ്വസിപ്പിച്ചത്. അയാള്‍ പക്ഷെ സജീവമായി പിന്നീടും തൊഴിലെടുക്കുകയുണ്ടായി.
തുടര്‍ന്ന് എന്നെ അറിയിക്കാമെന്ന് പറഞ്ഞ പുറത്താക്കല്‍ സംഭവിച്ചില്ല, ഞാനെന്തായാലും അറിഞ്ഞിട്ടില്ല.പ്രസ്സ് ക്ലബ്ബില്‍ കൂടിയ മൊബിന് മുമ്പാകെ കൂടുതലൊന്നും പറയാനുള്ള അവസ്ഥ ഉണ്ടായില്ല.
മീ ടൂ ക്യാമ്പയിന് ചൂടുപിടിക്കുന്നതിന് പിന്നാലെയാണ് മലയാള സിനിമ രംഗത്തെ ദുരനുഭവം വെളിപ്പെടുത്തി തിയേറ്റര്‍ ആര്‍ടിസ്റ്റും യുവനടിയുമായ അര്‍ച്ചന പത്മിനി രംഗത്തെത്തിത്. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ സഹായിയായ ഷെറിന്‍ സ്റ്റാലിയില്‍ നിന്നും ദുരനുഭവം ഉണ്ടായതായി തിയേറ്റര്‍ ആര്‍ടിസ്റ്റും യുവനടിയുമായ അര്‍ച്ചന പത്മിനി വെളിപ്പെടുത്തി. ഇന്നലെ എറണാകുളം പ്രസ്‌ക്ലബ്ബില്‍ ഡബ്ല്യു.സി.സി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ് യുവനടിയുടെ വെളിപ്പെടുത്തല്‍.
സംഭവത്തെ കുറിച്ച് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കക്കും ഭാരവാഹികളായ ബി.ഉണ്ണികൃഷ്ണനും സിബി മലയിലിനും രണ്ടു വട്ടം പരാതി നല്‍കി. എന്നാല്‍ സംഭവം കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും നടി വെളിപ്പെടുത്തി. സോഹന്‍ റോയിയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകളാണ് ഇപ്പോഴും നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമ സൈറ്റിലെ ദുരനുഭവത്തെ കുറിച്ച് നടി നേരത്തെ തന്നെ ചില മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നെങ്കിലും പേരടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.
ഡബ്ല്യു.സി.സി ഭാരവാഹികളുടെ വാര്‍ത്താസമ്മേളനത്തിനിടെ നടി രേവതിയാണ് പീഡന കാര്യം ആദ്യം വെളിപ്പെടുത്തിയത്. 17 വയസായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് ചേച്ചി എന്നെ രക്ഷിക്കണം എന്ന് പറഞ്ഞ ഒരു സംഭവമുണ്ടായെന്നും ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുതെന്നുമായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍. ആക്രമിക്കപ്പെട്ട നടിയുടെ പേരു പോലും പറയാനാകാതെ അവള്‍ക്കും സമൂഹത്തിനുമിടയില്‍ മറ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും രേവതി പറഞ്ഞു. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ഇതിന്റെ വിശദാംശങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് യുവനടി തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വളരെ കുറച്ച് സിനിമകളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. എന്ത് കൊണ്ട് പരാതി കൊടുക്കുന്നില്ലെന്ന് പറയുന്നതിനുള്ള മറുപടിയാണ് ഞാന്‍ പറയുന്നത്. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ സെറ്റില്‍ നിന്നും ഷെറിന്‍ സ്റ്റാലി എന്ന വ്യക്തിയില്‍ നിന്നും എനിക്ക് മോശമായ അനുഭവമാണ് നേരിടേണ്ടി വന്നത്. പരാതി കൊടുത്തതിന്റെ പേരില്‍ തനിക്ക് സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെട്ടു. പക്ഷേ അദ്ദേഹം ഇന്നും സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണ്. ഇക്കാര്യം ചൂണ്ടികാണിച്ച് ഫെഫ്ക്കയില്‍ പരാതി കൊടുത്തിരുന്നെന്നും ഇതുവരെ നീതി ലഭിച്ചില്ലെന്നും അര്‍ച്ചന പറഞ്ഞു.
പൊലീസിന് പരാതി കൊടുക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വേര്‍ബല്‍ റേപ്പിന് ഇരയാവാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണെന്നും തനിക്ക് സിനിമയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അതിനാല്‍ ഈ ഊളകളുടെ പുറകെ പോവാന്‍ താല്‍പര്യമില്ലെന്നും താരം മറുപടി നല്‍കി. ഡബ്ല്യു.സി.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വരുന്ന മോശം മെസേജുകളെ കുറിച്ചുള്ള തുറന്നു പറച്ചിലിനും വാര്‍ത്താസമ്മേളനം വേദിയായി. വാര്‍ത്താസമ്മേളനത്തിനിടെ ഡബ്ല്യൂസിസിയുടെ സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന യുവതിയാണ് നടിമാര്‍ക്കെതിരെയുള്ള മോശം സന്ദേശങ്ങളെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.