X

പൊറാട്ട് നാടകങ്ങള്‍കൊണ്ട് കേരളത്തിലെ പ്രബുദ്ധരായ സാധാരണക്കാരെ മയക്കാമെന്നതും താമര വിരിയിക്കാമെന്നതും ബിജെപിയുടെ വ്യാമോഹം മാത്രം: പി.കെ. ഫിറോസ്

പൊറാട്ട് നാടകങ്ങള്‍കൊണ്ട് കേരളത്തിലെ പ്രബുദ്ധരായ സാധാരണക്കാരെ മയക്കാമെന്നതും താമര വിരിയിക്കാമെന്നതും ബിജെപിയുടെ വ്യാമോഹങ്ങള്‍ മാത്രമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. പ്രധാന മന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രതികരിക്കുകായയിരുന്നു അദ്ദേഹം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്നേവരെ മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത നരേന്ദ്രമോദി എങ്ങിനെയാണ് യുവാക്കളുടെ, അതും കേരളത്തിലെ യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയെന്ന ആകാംക്ഷയായിരുന്നു എല്ലാവര്‍ക്കുമെന്ന പോലെ എനിക്കുമുണ്ടായിരുന്നത്.ആന്ധ്രയില്‍ നിന്നുപോലും കോളേജ് കുട്ടികളെ ഇറക്കുമതി ചെയ്ത സദസ്സിനു പക്ഷെ അങ്ങനെയൊരു അപ്രതീക്ഷിത ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടായില്ല. മന്‍കി ബാത്തെന്ന റേഡിയോ സംഭാഷണം മാത്രമാണ് സംഭവിച്ചത്.

കേരളത്തില്‍ വന്നപ്പോള്‍ പതിവുശൈലിയില്‍ നിന്ന് വ്യത്യസ്തമായി വര്‍ഗ്ഗീതയും വിദ്വേഷ പരാമര്‍ശങ്ങളും ഒഴിവാക്കി വികസന വിഷയങ്ങള്‍ മാത്രം ചര്‍ച്ചക്ക് വിധേയമാക്കിയ താല്‍ക്കാലിക മാറ്റം നമുക്ക് മനസ്സിലാക്കാന്‍ കഴിയും.എന്നാല്‍ ഭാഷയുടെയും ദേശത്തിന്റെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ആളുണ്ടെന്നും അതില്‍ നിന്നകന്നു നില്‍ക്കണം എന്നമുള്ള ഉപദേശം ഞെട്ടിപ്പിച്ചു കളഞ്ഞു. ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന് പറഞ്ഞ് ഭാഷയുടെ പേരില്‍ ഭിന്നതയുണ്ടാക്കുന്ന ഭരണകൂടത്തിന്റെ തലവന്‍, വേഷം കണ്ടാല്‍ ആളെ തിരിച്ചറിയാമെന്ന പ്രസ്താവന നടത്തിയ നേതാവ്, ലോകത്തിലെ ഏതു മുന്തിയ ഡിറ്റര്‍ജെന്റുകള്‍ക്കും കഴുകിക്കളയാന്‍ കഴിയാത്ത രക്തക്കറ സ്വന്തം കൈകളില്‍ പറ്റിയ ഒരാള്‍… വിശേഷണങ്ങള്‍ പലതുമുള്ള ഒരു വ്യക്തിയാണ് ഇത് പറയുന്നതെന്നോര്‍ക്കണം!

കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ പുതിയ തൊഴില്‍ സാധ്യതകളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. പക്ഷേയത് വിദേശത്താണെന്നു മാത്രം. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെയും വിദേശത്ത് ജോലിതേടി പോകുന്നവരുടെയും കണക്കുകളില്‍ ഓരോ കൊല്ലവും ലക്ഷക്കണക്കിന് വര്‍ദ്ധനവാണുള്ളത്.10 ശതമാനത്തിനടുത്താണ് ഇന്ത്യയിലെ തൊഴിലില്ലായ്മ. അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ കണക്കാണിത്.

കേരളത്തിലുള്ളവര്‍ സ്വര്‍ണക്കടത്തിന് പിന്നാലെ പോവുകയാണെന്ന പൊതുവത്ക്കരിച്ച പ്രസ്താവന നടത്തിയ പ്രധാനമന്ത്രി പക്ഷെ, അദാനിയുടെ കമ്പനിയിലെ 20000 കോടി ആരുടെതെന്ന് തനിക്ക് നേരെ ഉയര്‍ന്നുവന്ന ചോദ്യത്തിന് രാഷ്ട്രീയമായി പോലും മറുപടി പറഞ്ഞില്ല.ഒരുകാലത്ത് ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയുണ്ടായിരുന്ന ഇന്ത്യ, ലോകത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള നാടായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറയുമ്പോള്‍ ലോക രാഷ്ട്രങ്ങള്‍ ബദ്ധ ശ്രദ്ധയോടെ നിരീക്ഷിച്ച ഡോ: മന്‍മോഹന്‍ സിംഗ് ചൂളിപ്പോകും. അദ്ദേഹത്തിന്റെ കാലത്തെ GDPയുടെ പകുതിപോലും കടക്കാന്‍ കഴിയാതെ പലവര്‍ഷങ്ങളിലും നിരങ്ങി നീങ്ങുന്ന മോദിയുടെ കാലത്തെ നോട്ടുനിരോധന സമ്പദ് വ്യവസ്ഥ ഒരു രാജ്യം എങ്ങിനെയാവരുത് എന്നതിനുള്ള ഉദാഹരണമായി മാറിയിരിക്കുകയാണ്.

ലോകം മിഴിച്ചു നിന്നേക്കാവുന്ന വരാന്‍ പോകുന്ന വികസനങ്ങളെ കുറിച്ച് സംസാരിച്ചു നേരം കളഞ്ഞ പ്രധാനമന്ത്രിയോട് പക്ഷെ പെട്രോളിനെയും പാചകവാതത്തെയും കുറിച്ച് ചോദിക്കാന്‍ ആര്‍ക്കും അവസരമുണ്ടായില്ല. കേരളത്തിന് ഒരു വ്യാഴവട്ടകാലത്തേക്കുള്ള മൊത്തം വികസനവും കേന്ദ്രം നല്‍കിയ പോലെ വന്ദേ ഭാരതിനെ ആഘോഷിക്കുമ്പോള്‍ സാധാരണക്കാര്‍ക്കും എസി പ്രാപ്യമാക്കിയ ഗരീബ് രഥ്, പിന്നെ ദുരന്തോ, മഹാരാജ ട്രെയിനുകള്‍ ഉള്‍പ്പെടെ എത്രയോ ട്രെയിനുകള്‍ അവതരിപ്പിച്ച മന്‍മോഹന്‍ സിംഗും വെറും 19 മാസംകൊണ്ട് കേരളത്തിന് 19 ട്രെയിന്‍ അനുവദിച്ച ഇ അഹമ്മദ് സാഹിബുമൊക്കെ ഇതെല്ലാം ആഘോഷിച്ചു തീര്‍ക്കാന്‍ നാലുജന്മമെങ്കിലും ജനിക്കണ്ടേ?

സുരക്ഷാ കവചങ്ങള്‍ക്ക് അകത്തുനിന്നുകൊണ്ട് ഒരുകിലോമീറ്റര്‍ നടന്ന പ്രധാനമന്ത്രി ഒരപൂര്‍വ്വതയായി മാധ്യമങ്ങള്‍ക്ക് തോന്നുന്നു. യാതൊരു മറയും കൂടാതെ ജനങ്ങളോട് ചേര്‍ന്ന് നിന്ന് ഇന്ത്യയിലുടനീളം മൂവായിരത്തോളം കിലോമീറ്റര്‍ സഞ്ചരിച്ച രാഹുല്‍ ഗാന്ധി ഉയര്‍ത്തിച്ച രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് നേരെ ഇന്നും നിശബ്ദതയാണ്.

ഇത്തരം പൊറാട്ട് നാടകങ്ങള്‍കൊണ്ട് കേരളത്തിലെ പ്രബുദ്ധരായ സാധാരണക്കാരെ മയക്കാമെന്നതും താമര വിരിയിക്കാമെന്നതും ബിജെപിയുടെ വ്യാമോഹങ്ങള്‍ മാത്രമാണ്.

webdesk11: