തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
കത്തിന്റെ പ്രസക്തഭാഗം
പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും നിയമം അനുശാസിക്കുന്നതു കൊണ്ട് മാത്രം വിതരണം ചെയ്യുന്നതിനാല്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. വെങ്ങാനൂര്‍ ഉച്ചക്കട എല്‍പി സ്‌കൂളിലും, കായംകുളം ടൗണ്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലും കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളിലും ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂളിലും നെയ്യാറ്റിന്‍കര തത്തിയൂര്‍ പി.വി. യുപിഎസിലും ഉച്ചഭക്ഷണത്തില്‍ നിന്നു ഭക്ഷ്യ വിഷബാധയേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലും ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന വേണ്ടെന്ന തീരുമാനം നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ് .