X

കഠ്‌വ, ഉന്നാവോ സംഭവങ്ങളെ അപലപിക്കുന്നതിനേക്കാളും നടപടികളാണ് പ്രാധാന്യം: യു.എന്‍

യുണൈറ്റഡ്‌നാഷന്‍സ്: രാജ്യത്തെ നടുക്കിയ കഠ്‌വ, ഉന്നാവോ കേസുകളുടെ ആസൂത്രകരെ ശിക്ഷിക്കണമെന്ന് യു.എന്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് താക്കീതാവണം ശിക്ഷയെന്നും സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള യു.എന്‍ ഏജന്‍സി വ്യക്തമാക്കി. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ മാനുഷിക ഗുണങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണ്. ഇത് ഉന്‍മൂലനം ചെയ്യണം. ബലാത്സംഗം, കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങള്‍ നീതികരിക്കാനാവില്ലെന്നും യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലും യു.എന്‍ വുമന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടറുമായ ഫുംസിലെ ലാംബോ എന്‍ചുക പറഞ്ഞു. കഠ്‌വ, ഉന്നാവോ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തു വന്നത് പ്രധാനപ്പെട്ടതാണെങ്കിലും ഇതിനേക്കാളും പ്രാധാന്യം നല്‍കേണ്ടത് കുറ്റവാളികള്‍ക്കെതിരായ നടപടിക്കാണെന്നും അവര്‍ പറഞ്ഞു. കഠ്‌വയിലേയും ഉന്നാവോയിലേയും പെണ്‍കുട്ടികളുടെ കുടുംബം നീതിയാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

chandrika: