X

ഉത്രാടമായല്ലോ… ഓണക്കിറ്റ് എവിടെ?

തിരുവനന്തപുരം: നാളെയാണ് ഉത്രാടം. ഓണത്തിന്റെ അവസാന ഒരുക്കങ്ങള്‍ക്കുള്ള ദിവസം. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് ഇനിയും തയാറായില്ല. ഓണക്കിറ്റ് വിതരണം പ്രതിസന്ധി മറികടക്കാന്‍ ഇന്നലത്തെ പകല്‍ മുഴുവന്‍ തിരക്കിട്ട നീക്കങ്ങങ്ങളിലായിരുന്നു സപ്ലൈകോ. ഇനിയും മില്‍മ പായസം മിക്‌സ് എത്തിക്കാത്ത ഇടങ്ങളില്‍ മറ്റ് കമ്പനികളുടെ പായസം മിക്‌സ് വാങ്ങാന്‍ നിര്‍ദേശം നല്‍കി. വലിയ വില വ്യത്യസം ഇല്ലാത്ത പായസം മിക്‌സ് വാങ്ങാനാണ് നിര്‍ദേശം. കറി പൊടികള്‍ കിട്ടാത്ത സ്ഥലങ്ങളിലും മറ്റ് കമ്പനികളുടെ വാങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം മില്‍മയുടെ നെയ്യ് എല്ലായിടങ്ങളിലും എത്തിച്ചതായി സപ്ലൈകോ അവകാശപ്പെടുന്നു. ഓരോ ദിവസവും ‘നാളെ കിറ്റ് നല്‍കാനാകു’മെന്നാണ് ഭക്ഷ്യമന്ത്രി പറയുന്നത്. ഇത്തരത്തില്‍ ജി.ആര്‍ അനില്‍ വാക്കുമാറ്റിപ്പറഞ്ഞത് നാലു പ്രാവശ്യമാണ്. ഇതിനിടെ ഓണക്കിറ്റ് വിതരണത്തില്‍ മൂന്നാം ദിനവും പ്രതിസന്ധി തുടര്‍ന്ന സാഹചര്യത്തിലാണ് പ്രശ്‌ന പരിഹാരത്തിനായി സപ്ലൈകോ നീക്കങ്ങള്‍ തുടങ്ങിയത്. ഒടുവിലത്തെ കണക്ക് പ്രകാരം അരലക്ഷത്തോളം കിറ്റുകള്‍ മാത്രമാണ് വിതരണം ചെയ്തത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കിറ്റുകള്‍ നല്‍കിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ 5000 കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റ് വിതരണത്തില്‍ ഏറ്റവും പിന്നില്‍ കോട്ടയം ജില്ലയാണ്. തിങ്കളാഴ്ചയോടെ മാത്രമേ മുഴുവന്‍ കിറ്റുകളും വിതരണം ചെയ്യാനാകൂ എന്നാണ് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് അറിയിക്കുന്നത്.

വെള്ളിയാഴ്ച മന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ ഇന്നലെ ഉച്ചയോടെ കിറ്റുകള്‍ റേഷന്‍ കടകളിലെത്തിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിംഗ് ജോലി ഇനിയും ബാക്കിയുണ്ട്. ഓണത്തിന് മുമ്പെങ്കിലും കിറ്റ് കിട്ടുമോ എന്ന ആശങ്കയും കനക്കുകയാണ്.

webdesk11: