ബംഗളൂരു: തല ഉയര്‍ത്തിയില്ല കേരളാ ബ്ലാസ്റ്റേഴ്‌സ്. താഴ്ത്തി തലയുമായി അവര്‍ ഐ.എസ്.എല്‍ സീസണോട് വിടചൊല്ലി. കളിയുടെ അവസാനം വരെ പിടിച്ചു നിന്ന് ഇഞ്ചുറി ടൈമില്‍ രണ്ട് ഗോള്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ബംഗളൂരുവിലെ കണ്ഠീവര സ്‌റ്റേഡിയത്തില്‍ നടന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിയാണ് കേരളത്തെ തകര്‍ത്തത്. ബംഗളൂരുവിന് വേണ്ടി മിക്കുവും(90+1) ഉദാന്ത സിങ്ങും(90+3) ആണ് ലക്ഷ്യ കണ്ടത്. കേരളത്തില്‍ നടന്ന മത്സരത്തിലും ഇതേ രീതിയിലായില്‍ കളിയുടെ അവസാന മിനുട്ടുകളിലാണ് കേരളം ബംഗളൂരുവിന് മുന്നില്‍ തോറ്റത്.
ഇതോടെ 18 മത്സരങ്ങളില്‍ നിന്നും 25 പോയിന്റുമായി കേരളം ആറാം സ്ഥാനത്താണ്. ഈ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ കേരളത്തിന് സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കും. മുംബൈക്കും ഗോവക്കും ജംഷഡ്പൂരിനും കളി ബാക്കിയുള്ളതിനാല്‍ ഈ മത്സരങ്ങള്‍ കൂടി കഴിഞ്ഞേ കേരളത്തിന്റെ നില അറിയാന്‍ കഴിയുകയുള്ളൂ. 91ാം മിനുട്ടില്‍ പന്തുമായി ബോക്‌സിന്റെ വലത് വശത്തേക്ക് ഓടിക്കയറിയ മിക്കു ഇടത് പോസ്റ്റിലേക്ക് നിറയൊഴിച്ചാണ് അവസാന മത്സരത്തിലെ ജയം എന്ന കേരളത്തിന്റെ സ്വപ്‌നം ഊതി കെടുത്തിയത്. രണ്ട് മിനുട്ടിനുള്ളില്‍ ഉദാന്ത സിങ് കേരള പ്രതിരോധത്തിനിടയിലൂടെ ഗോളി റബൂക്കയെ തോല്‍പ്പിച്ചപ്പോള്‍ ഗാലറിയില്‍ നിറഞ്ഞ മഞ്ഞപ്പടയ്ക്ക് വിശ്വസിക്കാന്‍ കഴിയാതായി. ദയനീയമായിരുന്നു കേരളത്തിന്റെ ഈ തോല്‍വി.
സെമി സാധ്യത നേരത്തെ തന്നെ പൊലിഞ്ഞ കേരളം നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന രീതിയില്‍ മികച്ച രീതിയിലാണ് കളിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ കേരളത്തെ പിറകിലാക്കാന്‍ ആവുന്നത് ശ്രമിച്ചിട്ടും ബംഗളൂരുവിന് പറ്റിയുമില്ല. കളി സമനിലയിലവസാനിക്കും എന്ന് ഏകദേശം ഉറപ്പായ അവസരത്തിലാണ് ബ്ല്‌സറ്റേഴ്‌സിനെ ഞെട്ടിച്ച് മിക്കുവിന്റെ ഗോള്‍. മൂന്നു മിനുട്ട് മുമ്പ് മിക്കുവിന്റെ ഇതേ രീതിയിലുള്ള ഒരു ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തേക്ക് പോയിരുന്നു. 18 മത്സരങ്ങളില്‍ നിന്ന ബംഗളൂരു എഫ്‌സി 40 പോയിന്റാണ് നേടിയത്.
ഒന്നാം പകുതിയില്‍ ഇരു ടീമുകളും അവസരങ്ങള്‍ പാഴാക്കുന്നതിലാണ് മത്സരിച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സിനും അതേ പോലെ ബംഗളൂരു എഫ്‌സിയും ഗോളെന്നുറച്ച രണ്ട് അവസരങ്ങളെങ്കിലും നഷ്ടപ്പെടുത്തി. ബാള്‍ഡ്വിന്‍സണിന്റെ ശ്രമത്തോടെയാണ് കേരളം ആക്രമണം തുടങ്ങിയത്. എട്ടാം മിനുട്ടിലെ അദ്ദേഹത്തിന്റെ അടി പുറത്തേക്ക് പോയി. മൂന്നു മിനുട്ടിനുള്ളില്‍ ഛേത്രിയുടെ ലോങ് റേഞ്ച് ഇടതു പോസ്റ്റിനരികിലൂടെ പുറത്തേക്ക്. 13ാം മിനുട്ടില്‍ ലീഡ് നേടാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തി. ഇടതു വശത്ത് കൂടി ഓടിക്കയറിയ ജാക്കിചാന്ദ് സിങ് നല്‍കിയ ബാക്ക് പാസ് വിനീത് നഷ്ടപ്പെടുത്തുകയായിരുന്നു
രണ്ടാം പകുതിയിലും പന്ത് ഇരു‘ഭാഗത്തേക്കും കയറിയിറങ്ങി. ആദ്യ നീക്കം ഇവിടെയും കേരളത്തിന്റെ ‘ഭാഗത്ത് നിന്നായിരുന്നു. മൈതാനത്തിന്റെ മധ്യ‘ഭാഗത്ത് നിന്നുള്ള ഫ്രീ കിക്ക് പിടിച്ചെടുത്ത മിലാന്‍ സിങ്ങ് പന്ത് ബോക്‌സിലേക്ക് മറിച്ചു. അരാത്ത ഇസുമിയുടെ വോളി ബംഗളൂരു പ്രതിരോധത്തില്‍ തട്ടി പുറത്തേക്കാണ് പോയത്. ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ എട്ടാം സമനില എന്ന് കണക്ക് കൂട്ടിയിരിക്കുമ്പോഴാണ് തുടരെ രണ്ട് ഗോളടിച്ച് ബംഗളൂരു ഞെട്ടിച്ചത്.