X

ആ അരും കൊലക്ക് ഒരു പതിറ്റാണ്ടിന്റെ നടുക്കം

കോഴിക്കോട് : രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പത്ത് വര്‍ഷം തികഞ്ഞു. 2012 മെയ് നാലിനാണ് ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടത്.

വടകര വള്ളിക്കാട് അങ്ങാടിയില്‍ വെച്ച് ക്രൂരമായ രീതിയില്‍ ടി.പി കൊല ചെയ്യപ്പെടുകയായിരുന്നു. ഇന്നോവയില്‍ എത്തിയ ഏഴംഗ സംഘമാണ് കൃത്യം നടപ്പിലാക്കിയത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ടി.പിയെ ഇന്നോവയിലെത്തിയ സംഘം തട്ടി വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലങ്ങും വിലങ്ങും വെട്ടി ചന്ദ്രശേഖരന്റെ മുഖം അക്രമി സംഘം ആളെ തിരിച്ചറിയാത്ത തരത്തിലാക്കി മാറ്റിയിരുന്നു.

സി.പി.എമ്മിന് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്തു നടത്തിയിരുന്ന കൊടി സുനി, കിര്‍മ്മാനി മനോജ്, മുഹമ്മദ് ഷാഫി തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ടി.പിയെ കൊലപ്പെടുത്തിയ സംഘം അവിടെ നിന്നും കണ്ണൂര്‍ ജില്ലയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ കണ്ണൂരിലെ മുടക്കോയി മലയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പിടികൂടിയത്. വേഷ പ്രച്ഛന്നരായി മുടക്കോയി മലയിലെത്തിയ പൊലീസ് സംഘം പ്രതികളെ വളഞ്ഞു പിടികൂടുകയായിരുന്നു. കൃത്യം നടപ്പിലാക്കിയ ഏഴ് പേര്‍ക്കു പുറമെ സി.പി.എമ്മിന്റെ നേതാക്കളായ നിരവധി പേരെയും അറസ്റ്റ് ചെയ്യുകയുണ്ടായി.

ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ടി.പി ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടത് സി.പി. എമ്മിനെ അങ്ങേയറ്റം പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു. രാജ്യത്താകമാനം വിഷയം ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ടി.പി ചന്ദ്രശേഖരന്റെ നാടായ ഒഞ്ചിയം പ്രദേശത്ത് ആര്‍.എം. പി.ഐ രൂപീകരിച്ചതിന് ശേഷം സി.പി.എമ്മിന് ഭരണം ലഭിച്ചിട്ടില്ല. സി.പി.എമ്മിന്റെ ശക്തി ദുര്‍ഗങ്ങളിലൊന്നായിരുന്ന ഒഞ്ചിയത്തിന്റെ മണ്ണ് ടി.പിയുടെ കൊലപാതകത്തോടെ അടിമുടി മാറുകയായിരുന്നു. സമീപ പഞ്ചായത്തായ ഏറാമലയിലും സി.പി.എമ്മിന്റെ അടിത്തറയിളക്കാന്‍ ടി.പി വധം കാരണമായി.

Test User: