X

‘ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനേക്കാള്‍ വലിയ ദേശവിരുദ്ധത വേറെയില്ല’; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധിയോട് കശ്മീര്‍ സ്വദേശി പരാതി പറയുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചായിരുന്നു സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

കശ്മീര്‍ വിഷയം രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കശ്മീര്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്നതിനേക്കാള്‍ വലിയ ദേശവിരുദ്ധതയോ രാഷ്ട്രീയമോ ഇല്ലെന്ന് പ്രിയങ്കാ ഗാന്ധി തുറന്നടിച്ചു.

കശ്മീരിന് പ്രത്യേക പദവി ഇല്ലാതാക്കിയ നടപടി ദേശവിരുദ്ധമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. എത്രകാലം ഇങ്ങനെ തുടരാനാകും. ദേശീയതയുടെ പേരില്‍ ആയിരങ്ങളെ നിശബ്ദരാക്കുകയാണ്. കശ്മീരിലെ ജനതയുടെ ജനാധിപത്യാവകാശങ്ങള്‍ ഇല്ലാതാക്കുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അത് ശക്തമായി തുടരുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ജമ്മു കശ്മീരിലെ അവസ്ഥ മനസ്സിലാക്കുന്നതിനായി സന്ദര്‍ശനം നടത്തിയത്. എന്നാല്‍, വിമാനത്താവളത്തില്‍ അധികൃതര്‍ രാഹുലിനെയും സംഘത്തെയും തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
ശ്രീനഗറില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങവേ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന കശ്മീരി സ്ത്രീ രാഹുല്‍ ഗാന്ധിയോട് കശ്മീരിലെ അവസ്ഥ വിവരിച്ച് പൊട്ടിക്കരഞ്ഞിരുന്നു. ഈ വീഡിയോയാണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചത്.

‘ഇത് എത്രനാള്‍ തുടരും? ദേശീയത എന്ന പേരില്‍ നിശബ്ദരാക്കുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകളില്‍ ഒരാളാണിത്. പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്ന എന്ന് ആരോപിക്കുന്നവര്‍ക്കുള്ള മറുപടിയാണീ ദൃശ്യം’ എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

‘ കശ്മീര്‍ ജനതയുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും നിഷേധിക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയ, ദേശവിരുദ്ധതയൊന്നും ഇല്ല. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്. അത് ശക്തമായി തുടരുക തന്നെ ചെയ്യും’ പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

chandrika: