X

സ്‌നേഹവസന്തോത്സവമായി അബുദാബിയില്‍ മലപ്പുറം ഫെസ്റ്റിന് തുടക്കമായി

അബുദാബി: മാനവമൈത്രിയുടെ സ്‌നേഹവസന്തോത്സവം തീര്‍ത്ത് അബുദാബിയില്‍ മലപ്പുറം ഫെസ്റ്റിന് തുടക്കമായി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മലപ്പുറം ജില്ലാ കെഎംസിസി ഒരുക്കിയ ‘മഹിതം മലപ്പുറം’ രണ്ടുദിവസം നീണ്ടുനില്‍ക്കും.

വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് മലപ്പുറം ഉത്സവത്തിന് ആരംഭം കുറിച്ചത്. കേരളീയ ഉത്സവരീതിയില്‍ മുത്തുക്കുടകളുമായി നടന്നുനീങ്ങിയ ഘോഷയാത്രയില്‍ നിരവധിപേര്‍ അണിനിരന്നു.

കെഎംസിസി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് യു അബ്ദുല്ല ഫാറൂഖി, സെക്രട്ടറി എംപി എം റഷീദ് അബുദാബി സംസ്ഥാന പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്കല്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍, ജനറല്‍ സെക്രട്ടറി ഹംസക്കോയ കെ കെ, ട്രഷറര്‍ അഷ്‌റഫ് അലി പുതുക്കുടി, ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ നൗഷാദ് തൃപ്രങ്ങോട്, ഉപദേശകസമിതിയംഗം ടികെ അബ്ദുല്‍ സലാം, കളപ്പാട്ടില്‍ അബുഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മലപ്പുറത്തിന്റെ മനോഹരമായ കാഴ്ചകളുടെയും അനുഭവങ്ങളുടെയും നേര്‍കാഴ്ചകള്‍ ഒരുക്കിയാണ് മലപ്പുറം ഫെസ്റ്റ് നടക്കുന്നത്. മലപ്പുറം ജില്ലയുടെ മഹിതമായ മത മൈത്രിയും, മാനുഷിക മൂല്യങ്ങളുടെ മഹത്വവും പാരമ്പര്യവും കലാ-സാംസ്‌കാരിക പൈതൃകവുമെല്ലാം അരങ്ങൊരുക്കിയാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ മലപ്പുറത്തുനിന്നും എത്തിയ കുറുമ്പിയാണ് മുഖ്യാതിഥിയെന്നത് ഫെസ്റ്റിന്റെ മറ്റൊരാകര്‍ഷണമാണ്.
മരപ്പുറത്തിന്റെ തനതായ രുചി കൂട്ടുകളുമായി ഇത്താത്തമാര്‍ ഒരുക്കിയ വിവിധയിനം ഭക്ഷ്യവിഭവങ്ങള്‍ രുചിയുടെ ലോകത്ത് പ്രവാസികള്‍ക്ക പുതിയൊരു അനുഭവം സമ്മാനിച്ചു. നൂറിലേറെ കലാകാരന്മാര്‍ അണിനിരക്കുന്ന വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികള്‍ മേളയുടെ മാറ്റുകൂട്ടും. കൂടാതെ പ്രശസ്ത കലാകാരന്‍ ശ്രീ മധുലാല്‍ കൊയിലാണ്ടിയുടെ കലാപ്രകടനവും ഉണ്ടായിരിക്കും.

വിനോദത്തോടൊപ്പം വിജ്ഞാനവും സമ്മാനിക്കുന്ന വിവിധ സ്റ്റാളുകളും കേരളീയതയുടെ നിത്യക്കാഴ്ചകളായ തട്ടുകടകളും നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മനോഹരകാഴ്ചകളും മേളയില്‍ പ്രധാന ആകര്‍ഷണങ്ങളാണ്.

webdesk14: