ഷിരൂരില്‍ ണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ബുധനാഴ്ച അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജൂലൈ 16 ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള ദൗത്യം 71 ദിവസത്തിനിപ്പുറം അവസാനിക്കുമ്പോള്‍ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധിഘട്ടമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.
രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളില്‍ ഒന്നായിരുന്നു ഷിരൂരിലേതെന്നും നിരന്തരമുണ്ടായ മണ്ണിടിച്ചില്‍ കുത്തി ഒഴുകുന്ന പുഴ തുടങ്ങി ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെന്നും വി ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു. ഇടയ്ക്ക് അനിശ്ചിതത്വവും ഇടയ്ക്ക് പ്രതീക്ഷയുടെ കണങ്ങള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഇനി നമുക്ക് ചെയ്യാനുള്ളത് കുടുംബത്തെ ചേര്‍ത്ത് പിടിക്കലാണെന്നും സതീശന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും അര്‍ജുനെ നേരില്‍ കണ്ടിട്ടില്ലാത്ത എത്രയോ പേര്‍ നേരിട്ടും പ്രാര്‍ഥനയോടെയും ഈ ദൗത്യത്തിന്റെ ഭാഗമായെന്നും കേരള – കര്‍ണ്ണാടക സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍, എല്ലാവരുടെയും സ്നേഹത്തിന് നന്ദിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.