X

Career Chandrika: പത്ത് കഴിഞ്ഞവര്‍ക്ക് തൊഴിലുറപ്പിക്കാന്‍ ഐ.ടി.ഐ കോഴ്‌സുകള്‍

പി.ടി ഫിറോസ്

പത്ത് കഴിഞ്ഞതിന് ശേഷം പ്ലസ്റ്റുവടക്കമുള്ള തുടര്‍പഠന മേഖലകളില്‍ പോവാനാഗ്രഹിക്കാത്തവര്‍ക്ക് തൊഴിലധിഷ്ഠിതമായ കരിയര്‍ തെരഞ്ഞെടുക്കാനുള്ള ശ്രദ്ധേയമായവസരമാണ് ഐടിഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍. ഇവ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഒട്ടനവധി തൊഴില്‍ സാധ്യതകളാണുള്ളത്. സാങ്കേതിക പരിശീലനം നേടിക്കഴിഞ്ഞ വിദഗ്ധരില്ലാതെ ഒരു മേഖലക്കും മുന്നോട്ട് കുതിക്കാനാവില്ലായെന്ന വസ്തുത മനസ്സിലാക്കുമ്പോള്‍ത്തന്നെ ഐടിഐ കോഴ്‌സിന്റെ പ്രാധാന്യം വ്യക്തമാവുമെന്നുറപ്പാണ്.

കെട്ടിടങ്ങളുടെയും നിര്‍മ്മിതികളുടെയും നിര്‍മാണം, ഓട്ടോമൊബൈല്‍, പ്രൊഡക്ഷന്‍, ഓയില്‍ & ഗ്യാസ്, എയ്‌റോനോട്ടിക്കല്‍ തുടങ്ങിയ ഏറെക്കുറെ എല്ലാ മേഖലകളിലും ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് സാധ്യതകളുണ്ട്. തിരഞ്ഞെടുക്കുന്ന ട്രെയ്ഡുകള്‍ക്ക്‌നുസൃതമായി റെയില്‍വേ, ഐ.എസ്.ആര്‍.ഒ, ബി.എസ്.എന്‍.എല്‍, പ്രതിരോധസേന ഡി.ആര്‍.ഡി.ഒ, ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍, എന്‍.ടി.പി.സി, ഐ.ഒ.സി.എല്‍, ഒ.എന്‍,ജി.സി, കെ.എസ്.ഇ.ബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിക്കാം. പഠനസമയത്ത് തന്നെ ഇത്തരം തൊഴില്‍ മേഖലകളില്‍ എത്തിച്ചേരാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതുചിതമാവും.

പഠനശേഷം അപ്രേന്‍ഷിപ്പ് വഴിയോ മറ്റു സാധ്യതകള്‍ ഉപയോഗപ്പെടുത്തിയോ പ്രായോഗിക പരിശീലനവും ജോലി വൈഭവവും ആര്‍ജ്ജിച്ചെടുത്താല്‍ ഗള്‍ഫ് രാജ്യങ്ങളിലടക്കമുള്ള ഓയില്‍, ഗ്യാസ്, നിര്‍മാണ, പവര്‍പ്ലാന്റ് മേഖലകളില്‍ ശ്രദ്ധേയമായ അവസരങ്ങള്‍ കിട്ടുന്നുവെന്നതാണ് അനുഭവപാഠം. സാങ്കേതിക പരിജ്ഞാനത്തിന് പുറമെ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലെ പാടവം സോഫ്റ്റ്‌സ്‌കില്‍ എന്നിവ കൂടിയുണ്ടെങ്കില്‍ കരിയറിലുയരാന്‍ അനായാസം സാധിക്കുമെന്നുറപ്പാണ്. നാഷണല്‍ സ്‌കില്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പരിശീലനം നല്‍കുന്നുണ്ട്.ഐടിഐകളിലെ രണ്ട് വര്‍ഷത്തെ മട്രിക് കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്‌സുകളിലെ രണ്ടാം വര്‍ഷത്തേക്ക് നേരിട്ട് പ്രവേശം ലഭിക്കുന്ന ലാറ്ററല്‍ എന്‍ട്രി സ്‌കീം ഉപയോഗപ്പെടുത്തതാവുന്നതാണ്.

കേരള വ്യാവസായിക പരിശീലനവകുപ്പിന്റെ കീഴിലുള്ള 104 സര്‍ക്കാര്‍ ഐ.ടി.ഐകളിലെ വിവിധ ട്രെയ്ഡുകളിലായുള്ള പ്രവേശനത്തിന് ജൂലായ് 15 വരെ https://itiadmissions.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഓഫ് വൊക്കേഷണല്‍ ട്രെയിനിങ് (എന്‍.സി.വി.ടി.) അഫിലിയേഷനുള്ള ട്രേഡുകള്‍, സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് വൊക്കേഷണല്‍ ട്രെയിനിങ് (എസ്.സി.വി.ടി.) പദ്ധതിപ്രകാരമുള്ള ട്രേഡുകള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പഠനാവസരമുള്ളത്.

രണ്ട് കാറ്റഗറിയിലും എസ്.എസ്.എല്‍.സി./തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും ആറുമാസം/ഒരുവര്‍ഷം/രണ്ടുവര്‍ഷം എന്നിങ്ങനെ ദൈര്‍ഘ്യമുള്ള എന്‍ജിനിയറിംഗ് /നോണ്‍ എന്‍ജിനിയറിംഗ് ട്രേഡുകളിലുള്ള കോഴ്‌സുകളുണ്ട്. എസ്.സി.വി.ടി. പദ്ധതിയിലെ 6 മാസം ദൈര്‍ഘ്യമുള്ള െ്രെഡവര്‍ കം മെക്കാനിക്ക് ട്രേഡിലേക്ക് അപേക്ഷിക്കാന്‍ 18 വയസ്സ് തികഞ്ഞിരിക്കണം. ഒരു കോഴ്‌സിനും ഉയര്‍ന്ന പ്രായപരിധി ഇല്ല.

വയര്‍മാന്‍, പെയിന്റര്‍, വെല്‍ഡര്‍, പ്ലംബര്‍, കാര്‍പ്പെന്റര്‍, ഷീറ്റ് മെറ്റല്‍വര്‍ക്കര്‍, ഡ്രസ് മേക്കിങ്, മെക്കാനിക്കല്‍ അഗ്രിക്കള്‍ച്ചറല്‍ മെഷിനറി, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍, ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്ക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍/മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെയിന്റന്‍സ് മെക്കാനിക്ക്, ഇലക്ട്രിഷ്യന്‍, ഫിറ്റര്‍, മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്ക്, ടൂള്‍ ആന്‍ഡ് ഡൈ മെയ്ക്കര്‍, സര്‍വെയര്‍, ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍, ഡീസല്‍ മെക്കാനിക്ക്, ടൂറിസ്റ്റ് ഗൈഡ്, ഫ്രണ്ട് ഓഫീസ് അസിറ്റന്റ്, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി, കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി, കോസ്മറ്റോളജി, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്നിവ എന്‍.സി.വി.ടി കാറ്റഗറിയില്‍ വരുന്ന ചില ട്രെയ്ഡുകളാണ്.

മെക്കാനിക് ഡീസല്‍, ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍, മെക്കാനിക്ക് ആട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രിഷ്യന്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ ടെക്‌നിഷ്യന്‍ തുടങ്ങിയ ട്രെയ്ഡുകള്‍ എസ്.സി.വി.ടി കാറ്റഗറിയിലുമുണ്ട്. ഓരോ ട്രെയ്ഡുകളുടെയും കോഴ്‌സ് ദൈര്‍ഘ്യം, പ്രവേശന യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ വെബ്‌സെറ്റിലുണ്ട്.
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐ.കളില്‍ എന്‍.സി.വി.ടി. പാഠ്യപദ്ധതി അനുസരിച്ചുള്ള പരിശീലനം നല്‍കുന്ന വിവിധ മെട്രിക്, നോണ്‍ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിനും ജൂലായ് 27 വരെ വരെ അപേക്ഷിക്കാം. സീറ്റുകളുടെ 80 ശതമാനം പട്ടികജാതി വിഭാഗക്കാര്‍ക്കാണ്. 10 ശതമാനം പട്ടികവര്‍ഗം വിഭാഗക്കാര്‍ക്കും ബാക്കി 10 ശതമാനം പട്ടികജാതി, പട്ടിക വര്‍ഗം എന്നിവര്‍ ഒഴികെയുള്ളവര്‍ എന്നിവര്‍ക്ക് അനുവദിക്കും. വിവരങ്ങള്‍ക്ക് www.scdd.kerala. gov.in നോക്കാം.

webdesk11: