X

ഉറുഗ്വേയെ തുരത്തി അസൂരിപ്പട

നൈസ്: ഉറുഗ്വേയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇറ്റലിക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അസൂരികള്‍ ഉറുഗ്വേയെ തകര്‍ത്തത്. 27 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇറ്റലി ഉറൂഗ്വേയെ തോല്‍പിക്കുന്നത്. മറ്റൊരു മത്സരത്തില്‍ സ്‌പെയ്‌നും കൊളംബിയയും രണ്ട് ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു. ലൂയിസ് സുവാരസ് അടക്കമുള്ള പ്രമുഖരില്ലാതെ ഇറങ്ങിയ ഉറൂഗ്വേ ഏഴാം മിനിറ്റില്‍ തന്നെ ഗിമനിസിലൂടെ സെല്‍ഫ് ഗോള്‍ വഴങ്ങി. കളിയുടെ അന്ത്യ നിമിഷങ്ങളില്‍ എദര്‍ മാര്‍ട്ടിനസും (82) ഡാനിയേല ഡി റോസിയുമാണ് (92) ഇറ്റലിയുടെ ഗോളുകള്‍ നേടിയത്. കൊളംബിയക്കെതിരായ മത്സരത്തില്‍ ഡേവിഡ് സില്‍വയും, അല്‍വാരോ മൊറാട്ടയും സ്‌പെയിനിനു വേണ്ടി നിറയൊഴിച്ചപ്പോള്‍ എഡ്വിന്‍ കാര്‍ഡോണയും, റഡാമല്‍ ഫല്‍കാവോയും കൊളംബിയയുടെയും ഗോളുകള്‍ നേടിയ. കളി തീരാന്‍ മൂന്നുമിനിറ്റുള്ളപ്പോള്‍ മൊറാട്ട നേടിയ ഗോളാണ് സ്‌പെയ്‌നിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. മറ്റ് മത്സരങ്ങളില്‍ ജപ്പാന്‍ സിറിയയുമായും ഫിന്‍ലന്‍ഡ്-ലിക്റ്റന്‍സ്റ്റീനുമായും 1-1ന് സമനില പാലിച്ചു. അതേ സമയം ചൈന 8-1ന് ഫിലിപ്പീന്‍സിനേയും ബൊളീവിയ 3-2ന് നിക്വരാഗ്വേയേയും തോല്‍പിച്ചു. ദക്ഷിണ കൊറിയ ഇറാഖ് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

chandrika: