X
    Categories: CultureMoreViews

ഇറ്റലി പ്രവേശനം നിഷേധിച്ചു; അഭയാര്‍ത്ഥി കപ്പല്‍ കടലില്‍ കുടുങ്ങി

റോം: മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 629 അഭയാര്‍ത്ഥികളുമായി വന്ന കപ്പലിന് ഇറ്റാലിയന്‍ ഭരണകൂടം പ്രവേശനം നിഷേധിച്ചു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്(എം.എസ്.എഫ്) എന്ന അന്താരാഷ്ട്ര മെഡിക്കല്‍ സന്നദ്ധ സംഘടനയുടെ എംവി അക്വാറിയസ് കപ്പലാണ് ഇറ്റാലിയന്‍ തുറമുഖങ്ങളോട് അടുക്കാന്‍ സാധിക്കാതെ കടലില്‍ കുടുങ്ങിക്കിടക്കുന്നത്. ഒരുതരത്തിലും മനുഷ്യക്കടത്ത് അനുവദിക്കേണ്ടെന്നാണ് ഇറ്റലിയുടെ തീരുമാനമെന്ന് വലതുപക്ഷ ലീഗ് പാര്‍ട്ടി നേതാവും പുതിയ ആഭ്യന്തര മന്ത്രിയുമായ മറ്റിയോ സാല്‍വിനി വ്യക്തമാക്കി.
ഇറ്റലിയില്‍നിന്ന് 35 നോട്ടിക്കല്‍ മൈലും മാള്‍ട്ടയില്‍നിന്ന് 27 നോട്ടിക്കല്‍ മൈലും അകലെയാണ് അഭയാര്‍ത്ഥികളുമായി ഇപ്പോള്‍ കപ്പലുള്ളത്. അഭയാര്‍ത്ഥികളെ മാള്‍ട്ടയില്‍ ഇറക്കാനാണ് ഇറ്റലിയുടെ നിര്‍ദേശം. രക്ഷാപ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും കപ്പലിന് പ്രവേശനം നല്‍കാന്‍ സാധ്യമല്ലെന്നും യൂറോപ്യന്‍ യൂണിയന്‍ അംഗമായ മാള്‍ട്ട വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിലെ അഭയാര്‍ത്ഥികള്‍ക്കിടയില്‍ 123 കുട്ടികളും ഏഴ് ഗര്‍ഭിണികളുമുണ്ടെന്ന് എം.എസ്.എഫ് പറയുന്നു. എംവി അക്വാറിയസിന് പ്രവേശനം നല്‍കാന്‍ യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി ഇറ്റാലിയന്‍ അധികാരികളോട് ആവശ്യപ്പെട്ടു. പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ഇറ്റലിയിലെ രാഷ്ട്രീയ നേതാക്കളോടും ഏജന്‍സി അഭ്യര്‍ത്ഥിച്ചു. മനുഷ്യരുടെ ജീവന്‍ വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് ഇറ്റാലിയന്‍ ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് എം.എസ്.എഫ് പറഞ്ഞു. കപ്പലിലുള്ള മനുഷ്യരുടെ സുരക്ഷക്കും ക്ഷേമത്തിനുമാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് സംഘടന വ്യക്തമാക്കി. അഭയാര്‍ത്ഥികളോട് വിട്ടുവീഴ്ച വേണ്ടെന്നാണ് തീവ്ര വലതുപക്ഷ പാര്‍ട്ടികളായ ലീഗ് പാര്‍ട്ടിയും ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റും ചേര്‍ന്നുണ്ടാക്കിയ പുതിയ ഇറ്റാലിയന്‍ ഭരണകൂടത്തിന്റെ തീരുമാനം. യുദ്ധങ്ങളും പട്ടിണിയും പിടിമുറുക്കിയ ആഫ്രിക്കന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളാണ് യൂറോപ്പില്‍ എത്തിയിരിക്കുന്നത്. ലിബിയ, ടുനീഷ്യ, ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്‍, ഈജിപ്ത്, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് അഭയാര്‍ത്ഥി പ്രവാഹം ഏറെയും. കഴിഞ്ഞ വര്‍ഷം മാത്രം രണ്ടു ലക്ഷത്തോളം പേര്‍ കടല്‍ കടന്ന് യൂറോപ്പിലെത്തി. ബോട്ടുകളില്‍ പ്രക്ഷുബ്ധമായ കടല്‍ മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ 3116 പേര്‍ മരണപ്പെട്ടു. ഈമാസം തുനീഷ്യന്‍ തീരത്തിന് സമീപം അഭയാര്‍ത്ഥി ബോട്ട് മുങ്ങി 112 പേര്‍ മരിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: