X

ഇറ്റലി തള്ളിയ അഭയാര്‍ത്ഥികള്‍ സ്പാനിഷ് തുറമുഖത്തെത്തി

 

മാഡ്രിഡ്: ഇറ്റലിയും മാള്‍ട്ടയും പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 630 അഭയാര്‍ത്ഥികളും സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തെത്തി. അഭയാര്‍ത്ഥികള്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും നല്‍കുമെന്ന് സ്പാനിഷ് ഭരണകൂടം അറിയിച്ചു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ അക്വാറിയസ് കപ്പല്‍ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് തുറമുഖത്തെത്തിയത്.
ഒരു മാനുഷിക ദുരന്തം ഒഴിവാക്കാന്‍ സഹായിക്കുകയും മനുഷ്യാവകാശ ബാധ്യതകള്‍ ഏറ്റെടുത്ത് അഭയാര്‍ത്ഥികള്‍ക്ക് തുറമുഖം തുറന്നുകൊടുക്കേണ്ടതും സ്‌പെയിനിന്റെ ചുമതലയാണെന്ന് പ്രധാനമന്ത്രി പെട്രോ സാന്‍ചെസ് പറഞ്ഞു. വലന്‍സിയ തുറമുഖത്ത് ഇറങ്ങിയ അഭയാര്‍ത്ഥികളെ സഹായിക്കാനും പരിചരിക്കാനും ആരോഗ്യ പ്രവര്‍ത്തകരും ദ്വിഭാഷികളും ഉണ്ടായിരുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ 1000 റെഡ്‌ക്രോസ് പ്രവര്‍ത്തകരും എത്തിയിരുന്നു.
മെഡിറ്ററേനിയന്‍ കടലില്‍നിന്ന് രക്ഷപ്പെടുത്തിയ അഭയാര്‍ത്ഥികളെ കയറ്റിയ കപ്പലിന് തുറമുഖം തുറന്നുകൊടുക്കാന്‍ ഇറ്റലി തയാറായിരുന്നില്ല. ബോട്ടുകളിലെത്തിയ അഭയാര്‍ത്ഥികള്‍ 20 മണിക്കൂറോളം കടലില്‍ കുടുങ്ങിക്കിടന്ന ശേഷമാണ് അക്വാറിയസ് കപ്പല്‍ സഹായ ഹസ്തവുമായെത്തിയത്. ദിവസങ്ങളോളം കടലില്‍ കഴിഞ്ഞ അഭയാര്‍ത്ഥികളുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നുവെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചു. വലന്‍സിയ തുറമുഖത്തെത്തിയ അഭയാര്‍ത്ഥികള്‍ 26 രാജ്യങ്ങളില്‍നിന്നുള്ളവരാണ്. സുഡാന്‍, നൈജീരിയ അഭയാര്‍ത്ഥികളാണ് ഏറ്റവും കൂടുതല്‍.
അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരും അഭയാര്‍ത്ഥി സംഘത്തിലുണ്ട്. 13 വയസിന് താഴെയുള്ള 11 കുട്ടികളും ഏഴ് ഗര്‍ഭിണികളും ഇവരോടൊപ്പമുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

chandrika: