റോം: ഇറ്റലിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പുതിയ പ്രധാനമന്ത്രി ജൂസപ്പെ കോണ്ടിയുടെ ശ്രമം പരാജയപ്പെട്ടതോടെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ചു. യൂറോപ്യന്‍ യൂണിയന്റെ കടുത്ത വിമര്‍ശകനായ പവോല സവോനയെ ധനമന്ത്രിയാക്കാനുള്ള നീക്കത്തെ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല എതിര്‍ത്തതാണ് സര്‍ക്കാര്‍ രൂപീകരണത്തിന് തിരിച്ചടിയായത്. മ
ന്ത്രിസഭാംഗങ്ങളുടെ പട്ടിക ചര്‍ച്ച ചെയ്യാന്‍ മാറ്ററെല്ലയെ കണ്ടതിന് ശേഷമാണ് സര്‍ക്കാര്‍ രൂപീകരണ ശ്രമം ഉപേക്ഷിക്കുന്നതായി കോണ്ടി അറിയിച്ചത്. മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫൈവ്‌സ് സ്റ്റാര്‍ മൂവ്‌മെന്റാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
ദ ലീഗിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യം രണ്ടാം സ്ഥാനത്താണ്. ഒരുമിച്ചുനില്‍ക്കാന്‍ സാധിക്കാത്ത വിധം കടുത്ത അഭിപ്രായ ഭിന്നതയുള്ള ഇരുപാര്‍ട്ടികളെയും കൂട്ടിയോജിപ്പിച്ച് മന്ത്രിസഭയുണ്ടാക്കാന്‍ ഏറെ ശ്രമിച്ചെന്നും പവോലയുടെ നിയമനത്തെ പ്രസിഡന്റ് എതിര്‍ത്തത് തിരിച്ചടിയായെന്നും കോണ്ടി അറിയിച്ചു.
രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി സര്‍ക്കാറുണ്ടാക്കാന്‍ നടത്തിയ അവസാന നീക്കവും പരാജയപ്പെട്ടതോടെ രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് ഉറപ്പായി. അടുത്ത തെരഞ്ഞെടുപ്പ് ജൂലൈയില്‍ ആയിരിക്കുമെന്നാണ് സൂചന.
അതേസമയം പാവലോയുടെ നിയമനം തള്ളി സര്‍ക്കാര്‍ രൂപീകരണ ശ്രമം പരാജയപ്പെടുത്തിയ പ്രസിഡന്റ് മാറ്ററെല്ലയെ ഇംപീച്ച്‌ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പാവലോയുടെ യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടാണ് പേര് തള്ളാനുള്ള കാരണമായി മാറ്ററെല്ല ചൂണ്ടിക്കാട്ടിയത്. ഇറ്റാലിയന്‍ നിയമപ്രകാരം മന്ത്രിമാരുടെ നിയമനങ്ങള്‍ വീറ്റോ ചെയ്യാന്‍ പ്രസിഡന്റിന് അധികാരമുണ്ട്.
പക്ഷെ, അപൂര്‍വമായി മാത്രമേ പ്രയോഗിക്കാറുള്ളൂ. ഇറ്റലിയില്‍ പ്രസിഡന്റ് പദം ആലങ്കാരികമാണെങ്കിലും അദ്ദേഹത്തിന് ചില വിശേഷാധികാരങ്ങളുണ്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെ നിയമനങ്ങള്‍ തീരുമാനിക്കുന്നത് പ്രസിഡന്റാണ്. അനിവാര്യ ഘട്ടത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനും അദ്ദേഹത്തിന് അധികാരമുണ്ട്.