ഭാര്യയോട് ദേഷ്യം മൂത്ത് മധ്യവയസ്‌കന്‍ നടന്നത് 450 കിലോമീറ്റര്‍. ദേഷ്യം ശമിപ്പിക്കാന്‍ വേണ്ടിയാണ് ദീര്‍ഘ ദൂരം നടന്നത്. ഒടുവില്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തതോടെയാണ് നടത്തത്തിന് അവസാനമായത്. ഇറ്റലിയിലാണ് സംഭവം. കോമോ നഗരത്തില്‍ നിന്ന് തുടങ്ങിയ നടത്തം വടക്കന്‍ പ്രദേശമായ ഫാനോയിലാണ് അവസാനിച്ചത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്നു പോകുന്ന ആളെ പുലര്‍ച്ചെ 2 മണിയോടു കൂടിയാണ് പൊലീസ് പിടികൂടിയത്. ഒരാഴ്ചയായി താന്‍ നടക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞെങ്കിലും പൊലീസുകാര്‍ വിശ്വസിച്ചില്ല. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാഴ്ചമുമ്പ് ഇയാളെ കാണാതായെന്നു കാണിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നു വ്യക്തമായി.
വഴിയില്‍ പരിചയപ്പെട്ടവരില്‍നിന്ന് ഭക്ഷണം വാങ്ങിയാണ് ഈ ദിവസങ്ങളില്‍ കഴിച്ചത്. ശരാശരി 60 കിലോമീറ്റര്‍ വീതം ഓരോ ദിവസവും നടന്നു. മറ്റു യാത്രാ സൗകര്യങ്ങളൊന്നും ഉപയോഗിച്ചില്ല. മനസ്സിനെ ശാന്തമാക്കാനാണ് നടത്തം തുടങ്ങിയതെന്നും എന്നാല്‍ ഇത്ര ദൂരം പിന്നിട്ടെന്ന് അറിയില്ലായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഫാനോയിലെത്തി ഭാര്യ ഇയാളെ കൂട്ടിക്കൊണ്ടു പോയി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇയാളില്‍നിന്ന് 400 യൂറോ പിഴ ഈടാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.