റോം: ഇറ്റലിയില്‍ കോവിഡിന്റെ രണ്ടാം ഘട്ടം രൂക്ഷമാവുന്നു. 24 മണിക്കൂറിനിടെ പതിനായിരത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 55 മരണങ്ങളും കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച 8,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.
മരണനിരക്ക് ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന അത്ര ഇല്ല എന്നതു മാത്രമാണ് ആശ്വാസം. ഒന്നാംഘട്ടത്തില്‍ പ്രതിദിന മരണ നിരക്ക് 900 വരെ ഉണ്ടായിരുന്നു. തീവ്രപരിചരണത്തില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 586 ല്‍ നിന്ന് 638 ആയി ഉയര്‍ന്നു. അതേ സമയം കേസ് വര്‍ധിക്കുന്നതോടെ മരണ നിരക്ക് കൂടാനും അതുവഴി രാജ്യത്ത് പഴയ പടി തുടരാനും സാധ്യതയുണ്ട്.
രണ്ടാംഘട്ടം രൂക്ഷമായതോടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ യൂറോപ്പില്‍ ഏറ്റവും അധികം ബാധിച്ച രാജ്യമാണ് ഇറ്റലി. ബ്രിട്ടന്‍ കഴിഞ്ഞാല്‍ കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രണ്ടാമത്തെ യൂറോപ്പ്യന്‍ രാജ്യവും ഇറ്റലിയാണ്.