X
    Categories: Views

ഹിതപരിശോധനയില്‍ തിരിച്ചടി; റെന്‍സി രാജി പ്രഖ്യാപിച്ചു

റോം: പ്രധാനമന്ത്രി മാറ്റിയോ റെന്‍സി മുന്നോട്ടുവെച്ച ഭരണഘടനാ പരിഷ്‌കരണ ഭേദഗതി ഇറ്റാലിയന്‍ ജനത തള്ളി. ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 59.5 ശതമാനം പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. ഹിതപരിശോധനയില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് റെന്‍സി രാജി പ്രഖ്യാപിച്ചു. ഭരണഘടനാ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ വ്യക്തമായ വിജയം നേടിയതായി അദ്ദേഹം പത്രസമ്മേളനത്തില്‍ സമ്മതിച്ചു.

റെന്‍സിക്ക് പിന്തുണ നല്‍കിയിരുന്ന ഇറ്റാലിയന്‍ വ്യവസായികള്‍ക്കും ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമുള്ള താക്കീതുകൂടിയാണ് ഹിതപരിശോധനാ ഫലം. റെന്‍സിക്ക് തിരിച്ചടിയുണ്ടാകുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്നു. സാമ്പത്തിക അച്ചടക്ക നടപടികളില്‍ പൊറുതിമുട്ടിയിരുന്ന ഇറ്റലിയിലെ ജനങ്ങള്‍ ഭരണകൂടത്തിന് മറുപടി നല്‍കാന്‍ കിട്ടിയ അവസരം മുതലെടുത്തു.

ഹിതപരിശോധനയില്‍ വന്‍ പോളിങാണ് രേഖപ്പെടുത്തിയത്. 70 ശതമാനം പേര്‍ ഹിതപരിശോധനയില്‍ പങ്കെടുത്തു. മന്ത്രിസഭാ യോഗത്തിനുശേഷം പ്രസിഡന്റിനെ കണ്ട് രാജിക്കത്ത് കൈമാറാനാണ് റെന്‍സിയുടെ തീരുമാനം. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയില്‍ വട്ടംകറങ്ങുന്ന ഇറ്റലിക്ക് ഹിതപരിശോധനാ ഫലം വന്‍ ആഘാതമായി. 2011നുശേഷം മൂന്ന് തെരഞ്ഞെടുപ്പുകളാണ് രാജ്യത്ത് നടന്നത്. അധികം വൈകാതെ നാലാം തവണയും തെരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. ഒരാഴ്ചക്കകം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ഫൈവ് സ്റ്റാര്‍ സ്ഥാപകനും നേതാവുമായ ബെപ്പെ ഗ്രില്ലോ ആവശ്യപ്പെട്ടു.

ഭരണഘടനാ ഭേദഗിതയെ വിമര്‍ശിക്കുന്ന പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ്. എന്നാല്‍ ഈമാസം ബജറ്റ് ബില്‍ പാസാകുന്നതു വരെ അധികാരത്തില്‍ തുടരാന്‍ റെന്‍സിയോട് പ്രസിഡന്റ് ആവശ്യപ്പെട്ടേക്കും. ഭരണകക്ഷിയായ ഡെമോക്രാറ്റുകള്‍ക്കാണ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം. അധികാരത്തില്‍നിന്ന് ഇറങ്ങുന്നതിനുമുമ്പ് തെരഞ്ഞെടുപ്പ് പരിഷ്‌കരണം നടപ്പാക്കാനും അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ട്. തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിലൂടെ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റിന് മേല്‍കൈ ലഭിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ.

chandrika: