അമരാവതി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ടി.ഡി.പി നിലപാട് കടുപ്പിക്കുന്നു. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മറ്റു പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാനും തയ്യാറാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡു മുന്നറിയിപ്പ് നല്‍കി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നീതി കിട്ടാന്‍ വേണ്ടി അങ്ങനെ ഒരു നീക്കം അവസാന മാര്‍ഗമായിട്ടായിരിക്കും അവലംബിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ആന്ധ്രാപ്രദേശിന് നീതി ലഭിക്കുവാന്‍ അവസാനനിമിഷം വരെയും പരിശ്രമിക്കും. സംസ്ഥാനത്തിന് വേണ്ടി കഴിഞ്ഞ നാല് വര്‍ഷമായി കേന്ദ്രം ഒന്നും തന്നെ ചെയ്യുന്നില്ല. നീതി കിട്ടിയില്ലെങ്കില്‍ മറ്റു പാര്‍ട്ടികളെ ഒപ്പം കൂട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ഞങ്ങളുടെ ജനതയോട് കേന്ദ്രം കാണിക്കുന്ന അവഗണന സമ്മതിച്ചുകൊടുക്കാന്‍ കഴിയുന്നതല്ല -നായിഡു പറഞ്ഞു.
അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ടി.ഡി.പി മടിക്കുകയാണെങ്കില്‍ തങ്ങള്‍ അതിന് തയ്യാറാകുമെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി വ്യക്തമാക്കിയതിന് പിന്നാലെയാണ് നായിഡുവിന്റെ പരാമര്‍ശം.
കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിന് അര്‍ഹമായ വിഹിതം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ടി.ഡി. പി എം.പിമാര്‍ നേരത്തെ പാര്‍ലമെന്റിലടക്കം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതോടെ ബി.ജെ. പി-ടി.ഡി.പി ബന്ധത്തില്‍ വിള്ളല്‍ വീണു. ഈ ആവശ്യമുന്നയിച്ച് കേന്ദ്രത്തിനും ബി.ജെ.പിക്കുംമേല്‍ ടി.ഡി.പി സമ്മര്‍ദ്ദം തുടരുകയാണ്. ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കുമെന്നന്ന് ടി.ഡി.പി. വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി. എ മുന്നണിയുടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സഖ്യ കക്ഷിയാണ് ടി.ഡി.പി.
ഇത്തവണത്തെ കേന്ദ്ര പൊതുബജറ്റില്‍ ആന്ധ്രക്ക് പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ വന്നതോടെയാണ് ടി.ഡി.പി ഇടയാന്‍ തുടങ്ങിയത്. മുന്നണി വിടുമെന്ന നിലയിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. പിന്നീട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമെല്ലാം ഇടപെട്ടാണ് സമവായമുണ്ടാക്കിയത്. അതേസമയം ടി.ഡി.പിയെ പിണക്കാന്‍ ബി.ജെ. പി മുതിരില്ലെന്നാണ് സൂചന. ലോക്‌സഭയില്‍ ഒറ്റക്ക് കേവലഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് മൂന്നു പ്രമുഖ സഖ്യകക്ഷികളെയും അവഗണിക്കാന്‍ കഴിയുമെങ്കിലും ഒരു വര്‍ഷം മാത്രം ബാക്കിയുള്ള പൊതുതെരഞ്ഞെടുപ്പില്‍ ഇവരെ ആശ്രയിക്കാതെ പറ്റില്ല.
കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ ഹിന്ദി ഹൃദയ ഭൂമികയിലടക്കം തിരിച്ചടിയാകുമെന്ന ഭയം അവര്‍ക്കുണ്ട്. ആന്ധ്രയില്‍ ടി.ഡിപി പോയാല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ കൂടെക്കൂട്ടാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. എന്നാ ല്‍ പാക്കേജിനു വേണ്ടി ടി.ഡിപിയുടെയും വൈ.എസ്.ആര്‍ കോ ണ്‍ഗ്രസിന്റെയും എം. പിമാര്‍ ഒന്നിച്ചാണ് പാര്‍ലമെന്റില്‍ പാക്കേജിനായി ശബ്ദമുയര്‍ത്തിയത്. ആന്ധ്രയുടെ വികാരം മാനിക്കാത്ത ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാല്‍ ജനവികാരം എതിരാകുമെന്ന ഭയവും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനുണ്ട്.