X

ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയത് വാസ്‌ഗോ ഡ ഗാമയല്ല; ഗുജറാത്ത് വ്യാപാരിയെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി

ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയത് പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോഡ ഗാമയല്ലെന്നും ഇന്ത്യക്കാരനായ വ്യാപാരിയായ ചന്ദന്‍ ആണെന്ന പ്രസ്താവനയുമായി മധ്യപ്രദേശ് ബി.ജെ.പി നേതാവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഇന്ദര്‍ സിങ് പാമര്‍. ഭോപ്പാല്‍ ബര്‍കത്തുല്ല വിശ്വ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കവയെയാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന ഈയൊരു പ്രസ്താവന മന്ത്രി നടത്തിയത്.

ഇന്ത്യക്കാരനായ ചന്ദന്‍ എന്ന വ്യാപാരിയാണ് ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയത് എന്ന് പറഞ്ഞ മന്ത്രി അമേരിക്ക കണ്ടെത്തിയത് ക്രിസ്റ്റഫര്‍ കൊളംബസ് അല്ലെന്നും വസുലന്‍ എന്ന ഇന്ത്യന്‍ നാവികനാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയെ ഏറേക്കാലം കൊളോണിയല്‍ ഭരണത്തിന് കീഴിലാക്കിയ ബ്രിട്ടീഷുകാര്‍ രാജ്യത്തെ വിദ്യാഭ്യാസ നയങ്ങള്‍ നശിപ്പിച്ചെന്ന് പറഞ്ഞ മന്ത്രി അവര്‍ ചരിത്രം വളച്ചൊടിച്ചെന്നും തന്റെ പ്രസംഗത്തിലൂടെ ആരോപിച്ചു.

‘പൂര്‍വ്വകാല ചരിത്രകാരന്മാര്‍ ചരിത്രം വളച്ചൊടിച്ചതിന്റെ രണ്ട് മിത്തുകളുടെ ഉദാഹരണങ്ങള്‍ ഞാന്‍ നിങ്ങളോട് പങ്ക് വെക്കാം. അവര്‍ എഴുതിവെച്ച ചരിത്രത്തില്‍ വാസ്‌കോഡ ഗാമയാണ് ഇന്ത്യയിലേക്കുള്ള കടല്‍ മാര്‍ഗമുള്ള വഴി കണ്ടുപിടിച്ചതെന്ന് പറയുന്നുണ്ട്. എന്നാല്‍ ഈ ചരിത്രകാരന്മാര്‍ ഇതൊക്കെ എഴുതുന്നതിന് മുമ്പ് വാസ്‌കോഡ ഗാമയുടെ ആത്മകഥ വായിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു കാര്യം അവരുടെ ശ്രദ്ധ പതിയുമായിരുന്നു.

വാസ്‌കോഡ ഗാമ ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയിരുന്നില്ല, അദ്ദേഹത്തിന്റെ കപ്പലിനേക്കാള്‍ മൂന്നോ നാലോ മടങ്ങ് വലുപ്പമുള്ള കപ്പലുണ്ടായിരുന്ന ഗുജറാത്തിലെ ചന്ദന്‍ എന്ന ഇന്ത്യന്‍ കടല്‍ വ്യാപാരിയെ പിന്തുടരുക മാത്രമാണ് ഗാമ ചെയ്തത്. അമേരിക്ക ക്രിസ്റ്റഫര്‍ കൊളംബസ് ആണ് കണ്ടുപിടിച്ചതെന്ന കാര്യം നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടേ യാതൊരു ആവശ്യവുമില്ലായിരുന്നു.

അതിന് പകരം കൊളംബസ് എങ്ങനെയാണ് അവിടുത്ത പ്രാദേശിക ജനങ്ങളെ ചൂഷണം ചെയ്തതെന്നായിരുന്നു നമ്മളെ കുട്ടികളെ പഠിപ്പിക്കേണ്ടത്. ഇന്ത്യന്‍ നാവികനായ വസുലന്‍ എട്ടാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ എത്തുകയും സാന്‍ ഡീഗോയില്‍ നിരവധി ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തിരുന്നു. ആ വസ്തുതകളെല്ലാം അവിടുത്തെ ലൈബ്രറിയിലും മ്യൂസിയത്തിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അമേരിക്ക കണ്ടെത്തിയത് കൊളംബസ് അല്ല നമ്മുടെ പൂര്‍വ്വികര്‍ ആണെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം,’ പാമര്‍ പറഞ്ഞു.

അമേരിക്കന്‍ ചരിത്രത്തിലും ഇന്ത്യന്‍ ചരിത്രത്തിലും തെറ്റുകള്‍ ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെ ഒളിമ്പിക്സ് ചരിത്രത്തിലും തിരുത്തലുകള്‍ ഉണ്ടെന്ന് പര്‍മര്‍ ആരോപിച്ചു. ‘2800 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒളിമ്പിക്സില്‍ സ്റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് സ്പിരിറ്റും ആരംഭിച്ചതെന്നാണ് ചരിത്രത്തില്‍ പറയുന്നു.
എന്നാല്‍ ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നടന്ന ഗവേഷണത്തില്‍ 5500 വര്‍ഷം പഴക്കമുള്ള രണ്ട് വലിയ സ്റ്റേഡിയങ്ങളുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ആധുനിക ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് എത്രയോ മുമ്പ് തന്നെ നമ്മുടെ പൂര്‍വ്വികര്‍ക്ക് സ്‌പോര്‍ട്‌സിനെക്കുറിച്ചും സ്റ്റേഡിയങ്ങളെക്കുറിച്ചും ധാരണയുണ്ടായിരുന്നു എന്ന് തന്നെയാണ്, പാര്‍മര്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ നമ്മുടെ പാഠപുസ്തകങ്ങളിലും മറ്റ് പാഠ്യപദ്ധതികളിലും രേഖപ്പെടുത്തിയ തെറ്റിദ്ധാരണാജനകമായ വസ്തുതകളില്‍ വീണ്ടും പഠനം നടത്തി ആ തെറ്റുകള്‍ തിരുത്തുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയമെന്നും പാമര്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി മോഹന്‍ യാദവിനെയും ഗവര്‍ണര്‍ മംഗുഭായ് സി പട്ടേലിന്റെയും സാന്നിധ്യത്തിലായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന.

webdesk13: