മണിപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായിരുന്ന തെരഞ്ഞെടുപ്പില്‍ താനല്ല, മണിപ്പൂരിലെ ജനങ്ങളാണ് ജയിച്ചതെന്ന് മണിപ്പൂര്‍ എം.പി ഡോ. അംഗോംച ബിമൊല്‍ അകൊയ്ജം. സബര്‍മതി പഠന-ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘മണിപ്പൂര്‍ മനസ്സറിയാം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെയും എന്‍ഡിയുടെയും വിഭജനരാഷ്ട്രീയമാണ് അവര്‍ തകര്‍ത്തത്. കോളനി ഭരണത്തിനെതിരെ ജാതിമത സാംസ്‌കാരിക ചിന്തകള്‍ക്കതീതമായി ജനങ്ങളെ കൂട്ടിച്ചേര്‍ത്ത് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതുകൊണ്ടാണ് ആര്‍.എസ്.എസിന്റെ വിഭജന രാഷ്ട്രീയത്തെ മണിപ്പൂര്‍ ജനത തോല്‍പിച്ചത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവിലാണ് കലാ- സാംസ്‌കാരിക-അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന താനും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഒരു ജനതയെയും സംസ്‌കാരിക വൈവിധ്യങ്ങളെയും ചരിത്രത്തില്‍നിന്ന് തമസ്‌കരിക്കുന്നതാണ് മണിപ്പൂരിലെ പ്രധാന പ്രശ്‌നം. അങ്ങനെ അദൃശ്യവത്കരിക്കപ്പെടുന്നവര്‍ക്ക് ചെറുത്തുനില്‍ക്കേണ്ടി വരുമ്പോള്‍ മണിപ്പൂരുകള്‍ രാജ്യത്താകമാനം ഇനിയും ആവര്‍ത്തിക്കപ്പെടും. അവരോട് സംവദിക്കുകയും അനുഭാവപൂര്‍വം നിലപാട് സ്വീകരിക്കുകയുമാണ് ഏക പരിഹാരം. യുക്രെയ്‌നില്‍ വരെ പോയ മോദിക്ക് നിര്‍ഭാഗ്യവശാല്‍ മണിപ്പൂര്‍ ഇതുവരെയും സന്ദര്‍ശിക്കാന്‍ സമയമായില്ല.
സ്വന്തം രാജ്യത്തെ ജനങ്ങളെ മിണ്ടാന്‍ അനുവദിക്കാത്ത മോദി ഇവിടത്തെ മനുഷ്യരോട് മിണ്ടാതെ അയല്‍രാജ്യങ്ങളെ ആശ്വസിപ്പിക്കുന്ന കാഴ്ച വികൃത തമാശയാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് കേട്ട റേഡിയോകള്‍ മണിപ്പൂരിലെ ആളുകള്‍ തെരുവില്‍ തല്ലിത്തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.