ദുബൈ: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്റെ നാമധേയത്തില്‍ നടത്തപ്പെടുന്ന സായിദ് ചാരിറ്റി മാരത്തണ്‍ ഈ വര്‍ഷം കേരളത്തില്‍ നടക്കും. ഇതുസംബന്ധിച്ചു യുഎഇ അധികൃതരും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തി.
സായിദ് ചാരിറ്റി മാരത്തണ്‍ ചെയര്‍മാന്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ കാബി, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, സായിദ് ചാരിറ്റി മാരത്തണിന്റെ ഉന്നത സംഘാടക സമിതി അംഗങ്ങളായ ഹമൂദ് അബ്ദുല്ല അല്‍ ജുനൈബി, അഹമ്മദ് മുഹമ്മദ് അല്‍ കാബി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ കൂടിക്കാഴ്ച നടത്തി. പ്രമുഖ വ്യവസായി യൂസഫലി എം.എയുടെ സാന്നിധ്യത്തിലാണ് ഇതുസംബന്ധിച്ച കൂടിക്കാഴ്ച നടന്നത്.
2005-ല്‍ ന്യൂയോര്‍ക്കിലാണ് ആദ്യമായി സായിദ് ചാരിറ്റി മാരത്തണ്‍ സംഘടിപ്പിച്ചത്. ആരോഗ്യമേഖലയില്‍ ദരിദ്രര്‍ക്ക് സഹായം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ശൈഖ് സായിദിന്റെ സന്ദേശവുമായി ചാരിറ്റി മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
യുഎഇയിലുള്ള മലയാളി സമൂഹത്തോടുള്ള സ്‌നേഹവും കടപ്പാടും വ്യക്തമാക്കിക്കൊണ്ടാണ് കേരളത്തില്‍ സംഘടിപ്പിക്കുന്നതിനുള്ള തീരുമാനം കൈകൊണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇ ദേശീയദിനാഘോഷത്തോടനുബ്ന്ധിച്ചു ഈ വര്‍ഷം അവസാനത്തോടെയാണ് മാരത്തണ്‍ നടക്കുക.
യുഎഇയും ഇന്ത്യയും വിശിഷ്യാ കേരളവുമായുള്ള ശക്തമായ സൗഹൃദബന്ധം വര്‍ധിപ്പിക്കുമെന്ന് മാരത്തണ്‍ സഹായകമാകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു. ഇത് കേരളത്തിനുമാത്രമല്ല, രാജ്യത്തിനാകെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടത്തിപ്പിന്റെ സാങ്കേതികവും അനുബന്ധവുമായ വിവിധ വശങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അന്തിമമാക്കുന്നതിനും കേരള സര്‍ക്കാര്‍ ഒരു ഉന്നതതല സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും. സംഘാടനത്തിന്റെ വിവിധ വശങ്ങള്‍ ഇന്ത്യന്‍ എംബസി ഏകോപിപ്പിക്കും. പരിപാടിയുടെ മുഴുവന്‍ ചെലവുകളും യുഎഇ അധികൃതരാണ് വഹിക്കുക.
യൂസഫലിയുടെ ശ്രമങ്ങള്‍ക്ക് ലെഫ്റ്റനന്റ് ജനറല്‍ അല്‍ കാബി പ്രത്യേകം നന്ദി പറയുകയും യുഎഇ-ഇന്തോ ബന്ധത്തെ പിന്തുണയ്ക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.