X

മൂന്ന് മണിക്കൂര്‍ യാത്ര പൂര്‍ത്തിയക്കാന്‍ കഴിഞ്ഞത് ഒന്നര ദിവസമെടുത്ത്; ഒരു നോക്ക് കാണാനായി തടിച്ച് കൂടിയത് പതിനായിരങ്ങള്‍

കോട്ടയം: പുതുപ്പള്ളി തിരുവനന്തപുരം യാത്രയ്ക്കു വേണ്ടി വരിക മൂന്ന് മണിക്കൂര്‍. ജനപ്രിയ നേതാവിന്റെ വിലാപ യാത്ര രാജനഗരിയില്‍ നിന്നും പുതുപ്പള്ളിയിലെത്തിയത് ഒന്നര ദിവസമെടുത്ത്. 19ന് രാവിലെ 7.20നാണ് ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതിയായ പുതുപ്പള്ളി ഹൗസില്‍ നിന്നും വിലാപയാത്രയ്ക്കു തുടക്കമിട്ടത്. ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തിലേക്കു വിലാപയാത്ര പ്രവേശിച്ചപ്പോള്‍ കണ്ണും കരളും അലിയിക്കുന്ന കാഴ്ചകളാണ് അരങ്ങേറിയത്. ഒരുനോക്കു കാണാന്‍ കരഞ്ഞുകൊണ്ട് മൃതദേഹം വഹിച്ചുകൊണ്ടുവരുന്ന വാഹനത്തിനൊപ്പം ഓടുന്നവര്‍, തൊഴു കൈകളോടെ കണ്ണീരൊലിപ്പിച്ച് നില്‍ക്കുന്നവര്‍, നെഞ്ചുപൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നവര്‍, ഒരു പിടി കണ്ണീര്‍പ്പൂക്കള്‍ വാരിവിതറുന്നവര്‍ അങ്ങനെയങ്ങനെ നെഞ്ചകം നീറ്റുന്ന ഒരുപാട് കാഴ്ചകളായിരുന്നു വഴിയിലുടനീളം.

നിശ്ചയിച്ചതിലും ഏറെ വൈകിയാണ് ഓരോ സ്ഥലത്തും ഭൗതിക ദേഹവും വഹിച്ചുള്ള വാഹനമെത്തിയത്. കൊല്ലം പിന്നിട്ട് പത്തനംതിട്ട ജില്ലയിലേക്കെത്തുമ്പോള്‍ മണിക്കൂറുകള്‍ വൈകി. മറ്റെങ്ങും കാണാനാവാത്ത ജനസഞ്ചയമാണ് പത്തനംതിട്ടയിലെ അടൂരില്‍ നേതാവിനെ കാത്തു നിന്നത്. ഇടുക്കിയില്‍ നിന്നും ഹൈറേഞ്ചില്‍ നിന്നും ആലപ്പുഴയില്‍ നിന്നുള്ള ജനങ്ങള്‍. രാവേറെയായിട്ടും ജനങ്ങള്‍ ഒരു നോക്ക് കാണാനായി കാത്തു നിന്നു. എംസി റോഡില്‍ ഇരുളടഞ്ഞ വഴിയരികില്‍ പോലും മണിക്കൂറുകളോളം ജനം കാത്തു നിന്നു. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലയില്‍ നിന്നുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് പ്രിയ നേതാവിനെ അവസാനമായി വിട ചൊല്ലിയത്. അടൂരും ചെങ്ങന്നൂരും തിരുവല്ലയലും കടന്ന് യുഡിഎഫ് കോട്ടയായ കോട്ടയം ജില്ലാതിര്‍ത്തിയില്‍ കടക്കുമ്പോള്‍ ഇന്നലെ പുലര്‍ച്ച അഞ്ച് മണി. ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം തട്ടകമായ കോട്ടയം. എന്നും യുഡിഎഫിനെ കാത്തുസൂക്ഷിച്ച ജില്ല. തലേ ദിവസം തന്നെ ജില്ലാതിര്‍ത്തിലേക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയിരുന്നു. ഇടിഞ്ഞില്ലവും കടന്ന് ചങ്ങനാശ്ശേരിയിലേക്ക് വിലാപയാത്രയെത്തി. പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പ്രളയമായിരുന്നു ചങ്ങനാശ്ശേരിയില്‍. എംപിമാര്‍ എംഎല്‍എമാര്‍ അടക്കം യുഡിഎഫ് നേതാക്കളുടെ കൂട്ടം. നവോത്ഥാന നായകന്‍ മന്നത്ത് പത്മനാഭന്റെ ജന്മനാടായ പെരുന്നയില്‍ എത്തുമ്പോള്‍ പുലര്‍ വെട്ടം വീണിരുന്നു. രാവിലെ 6.30ന് തന്നെ എന്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തിനെ യാത്രയാക്കാന്‍ എത്തിയിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, ചങ്ങനാശ്ശേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, പ്രതിനിധി സഭാംഗങ്ങള്‍, യൂണിയന്‍ ഭാരവാഹികള്‍ എന്നിങ്ങനെ സമുദായ നേതാക്കളുടെ നീണ്ട നിര. മുന്‍മന്ത്രി കെ. സി ജോസഫും, കൊടിക്കുന്നില്‍ സുരേഷും അടങ്ങുന്ന യുഡിഎഫ് സംഘം. മുസ് ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികളും ഇവിടെ കാത്തു നിന്നിരുന്നു.

ചങ്ങനാശ്ശേരിയില്‍ നിന്നും കാതങ്ങള്‍ക്കകലെയുള്ള എസ്ബി കോളജ് കവാടം. ഉമ്മന്‍ ചാണ്ടി പഠനം നടത്തിയ കലാലയം, നീണ്ടു നിവര്‍ന്നു കിടക്കുന്ന ക്യാമ്പസ്. പദയാത്ര ഒരുനിമിഷം ഇവിടെയൊന്നു നിന്നു. ക്യാമ്പസും ഇടനാഴിയും നിദ്രയിലാണ്ട പൂര്‍വ വിദ്യാര്‍ത്ഥിയെ മാടി വിളിക്കുന്നുണ്ടായിരുന്നു. എസ്ബിയില്‍ എത്തുമ്പോള്‍ ഞാന്‍ ഒരു കുട്ടിയാകുന്നു എന്ന് പലപ്പോഴും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. രാഷ്ട്രീയ ജീവിതത്തിന് കലാലയ വര്‍ണങ്ങളും ഓര്‍മകളും സമ്മാനിച്ച എസ്ബിയെ പിന്നിലേക്കാക്കി ജനനായകന്റെ യാത്ര മുന്നോട്ട് പോയി. ഉമ്മന്‍ ചാണ്ടിയെന്ന വിദ്യാര്‍ത്ഥിയില്‍ നിന്ന് സംസ്ഥാനത്തിന്റെ അമരക്കാരനിലേക്കുള്ള ഓര്‍മകളുടെ ചാമരമായി മാറി ആ കലാലയം.

ചങ്ങനാശ്ശേരിയില്‍ നിന്ന് കോട്ടയം തിരുനക്കരയിലേക്കുള്ള യാത്ര വിലാപയാത്ര പദയാത്രയായി മാറുകയായിരുന്നു. ഭൗതിക ദേഹം വഹിച്ചുള്ള വാഹനത്തിനൊപ്പം നാടും നടന്നു നീങ്ങി. അര മണിക്കൂര്‍ നേരം കൊണ്ട് എത്തേണ്ട യാത്ര തിരുനക്കരയില്‍ എത്താന്‍ എടുത്തത് അഞ്ച് മണിക്കൂര്‍. കുട്ടികളും സ്ത്രീകളും അടങ്ങുന്ന പുരുഷാരം വീഥിയുടെ ഇരുവശവും അണിനിരന്നു. ചിങ്ങവനം കഴിഞ്ഞു പനച്ചിക്കാട് എത്തിയപ്പോള്‍ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാനായി ഏറെ പ്രിയപ്പെട്ടവര്‍. മണ്ഡലത്തിന്റെ പുനര്‍ ക്രമീകരണത്തിന് മുന്‍പു പനച്ചിക്കാട് പുതുപ്പള്ളിയോടൊപ്പമായിരുന്നു. ഉമ്മന്‍ചാണ്ടിക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇവിടെ നിന്നും പദയാത്രയ്‌ക്കൊപ്പം നടന്നു നീങ്ങിയത്. കോടിമതയും പള്ളിപുറത്തു കാവും കഴിഞ്ഞ് കോട്ടയം നഗരത്തിലേക്ക്. നഗരത്തിന്റെ ഓരോ കോണും ഉമ്മന്‍ചാണ്ടിയെന്ന നായകനെ അറിഞ്ഞിരുന്നു. അന്തിമോപചാരമര്‍പ്പിക്കാനായി പ്രിയപ്പെട്ടവര്‍. ഓരോരുത്തര്‍ക്കും വിട ചൊല്ലി തിരുനക്കര തേവരുടെ മണ്ണിലേക്ക്. അനേകം രാഷ്ട്രീയ സാംസ്‌കാരിക വിശ്വാസ സംഗമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തിരുനക്കര. ഇമവെട്ടാതെ ഉറക്കമില്ലാതെ കാത്തിരുന്നവരുടെ മുന്നിലേക്ക് പദയാത്രയെത്തി. എങ്ങും ശാന്തി ഗീതങ്ങള്‍, വിതുമ്പലുകള്‍, ഇടറുന്ന കണ്ഠങ്ങള്‍.

പൊട്ടികരയാന്‍ വെമ്പുകയായിരുന്നു തിരുനക്കര. ചുവടുവെയ്ക്കാന്‍ പോലും ഇടമില്ലാത്ത തരത്തില്‍ പുരുഷാരം. പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ പ്രവര്‍ത്തകര്‍ തോളിലേറ്റി തിരുനക്കരയിലെ പന്തലിലെത്തിച്ചു. ഒരു തൊളില്‍ ശവമഞ്ചം താങ്ങുമ്പോള്‍ ‘ ഉമ്മന്‍ ചാണ്ടി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലുടെ ‘ എന്ന മുദ്രാവാക്യം വിളിച്ചു മറുകൈ വാനിലുയര്‍ത്തുകയായിരുന്നു പ്രവര്‍ത്തകര്‍. കേട്ടവര്‍ ഏറ്റുചൊല്ലി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ തിരുനക്കരയിലേക്ക് ഒഴുകിയെത്തി. സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന ഒരു മണി കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും തിരുനക്കരയിലെ പൊതുദര്‍ശന വേദിയിലെ തിരക്ക് കാരണം മൃതദേഹം എടുക്കാനായില്ല. കണക്ക് കൂട്ടലുകളും, സമയക്രമങ്ങളുമെല്ലാം അര്‍ത്ഥമില്ലാതാകുന്ന കാഴ്ചകളാണ് കാണാനായത്. അക്ഷര നഗരിയില്‍ നിന്ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടിലേക്ക് എത്താന്‍ എടുത്ത് നാല് മണിക്കൂറാണ്. പുതുപ്പള്ളി മണ്ഡലം ഒന്നായി ഇവിടെക്കെത്തിയിരുന്നു. വിതുമ്പിയും കണ്ണീര്‍ വാര്‍ത്തും ഓരോരുത്തരായി പ്രിയ നേതാവിന് യാത്രയേകി. ചരിത്ര താളുകളില്‍ പുതുപ്പള്ളിക്ക് ഇടം ഒരുക്കിയാണ് ഉമ്മന്‍ ചാണ്ടിയുടെ മടക്കം.

 

webdesk11: